ടാറ്റയ്ക്കും റിലയന്‍സിനും സാന്നിധ്യം, ഈ സ്റ്റാര്‍ട്ടപ്പ് സ്‌പെഷ്യലാണ്

ഡല്‍ഹിയിലൂടെ സഞ്ചരിച്ചിട്ടുള്ള മലയാളികള്‍ ഒരു പക്ഷെ ബ്ലൂസ്മാര്‍ട്ട് (Blusmart) എന്ന പേര് കണ്ടിട്ടുണ്ടാവും. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ടാക്‌സി കമ്പനിയാണ് ബ്ലൂസ്മാര്‍ട്ട്. ഒലയും ഊബറുമൊക്കെ ഇന്ത്യന്‍ ടാക്‌സി മേഖലയെ മാറ്റിമറിച്ചതുപോലെ, ഗതാഗത രംഗത്ത് സുസ്ഥിരത കൈവരിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.

ബ്ലൂസ്മാര്‍ട്ടിന്റെ സധ്യതകള്‍ തിരിച്ചറിഞ്ഞാണ് രത്തന്‍ ടാറ്റയുടെയും (Ratan Tata) മുകേഷ് അംബാനിയുടെയും (Mukesh Ambani) കമ്പനികള്‍ ഇവര്‍ക്ക് കൈകൊടുത്തത്. ടാറ്റ മോട്ടോഴ്‌സ് (Tata Motors) ബ്ലൂസ്മാര്‍ട്ടിനായി 10,000 ഇലക്ട്രിക് കാറുകളാണ് നിര്‍മിക്കുന്നത്. നേരത്തെ 3,500 കാറുകള്‍ കൈമാറാന്‍ ടാറ്റയുമായി ഇവര്‍ ധാരണയിലെത്തിയിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ബ്രിട്ടീഷ് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമായ ജിയോ-ബിപിയുമായും (Jio BP) ബ്ലൂസ്മാര്‍ട്ട് സഹകരിക്കുന്നുണ്ട്.

ബ്ലൂസ്റ്റാര്‍ട്ടുമായി ചേര്‍ന്ന് ജിയോ-ബിപിയുടെ പമ്പുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുന്നത്. ബ്രിട്ടീഷ് പെട്രോളിയത്തില്‍ നിന്ന് 13 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഇവര്‍ക്ക് ലഭിച്ചിരുന്നു. പുനീത് കെ ഗോയല്‍, അന്‍മോള്‍ സിംഗ് ജാഗി എന്നിവര്‍ ചേര്‍ന്ന് 2018ല്‍ ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ആണ് ബ്ലൂസ്മാര്‍ട്ട്. നിലവില്‍ ഡല്‍ഹിയില്‍ മാത്രമാണ് കമ്പനിയുടെ സേവനം ലഭ്യമാവുന്നത്.

നഗരത്തിനുള്ളിലെ യാത്രകള്‍ക്കായി 249 രൂപയും ഡല്‍ഹി എയര്‍പോര്‍ട്ട് ഓട്ടത്തിന് 999 രൂപയുമാണ് ബ്ലൂസ്മാര്‍ട്ടിന്റെ നിരക്ക്. മണിക്കൂറിന് 299 രൂപ നിരക്കില്‍ വാടകയ്ക്കും കാറുകള്‍ നല്‍കും. ബംഗളൂരുവിലേക്ക് കൂടി ടാക്‌സി സര്‍വീസുകള്‍ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലൂസ്മാര്‍ട്ട്. നിലവില്‍ 9 ലക്ഷത്തിലധികം പേരാണ് ബ്ലൂസ്മാര്‍ട്ടിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.

Related Articles
Next Story
Videos
Share it