ബൈജു രവീന്ദ്രന്‍ ശതകോടീശ്വര പട്ടികയില്‍ നിന്ന് പുറത്ത്‌

2022 ഒക്ടോബറില്‍ ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയില്‍ 28,800 കോടി രൂപയുടെ ആസ്തിയുമായി 54-ാം സ്ഥാനത്തായിരുന്നു പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും. അധികം താമസിയാതെ പട്ടികയില്‍ 35-ാം സ്ഥാനത്തുള്ള പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയെ മറികടന്ന് ബൈജൂസ് മുന്നേറുമെന്നായിരുന്നു അന്ന് പ്രവചനങ്ങള്‍. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇനി ശതകോടീശ്വര (Billionaire) പട്ടികയില്‍ ബൈജു രവീന്ദ്രന്‍ ഉണ്ടാകില്ലെന്നാണ് ഫോബ്‌സിന്റെ പുതിയ റിപ്പോര്‍ട്ട്.

ആസ്തി വെറും 47.5 കോടിഡോളര്‍
100 കോടി ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്‍മാരായി (ഡോളർ നിരക്കിൽ) കണക്കാക്കുക. വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസില്‍ ബൈജു രവീന്ദ്രന് 18 ശതമാനം ഓഹരികളാണുള്ളത്. നിലവിലെ മൂല്യം വച്ച് കണക്കാക്കിയാല്‍ അത്രയും ഓഹരികളുടെ മൂല്യം 100 കോടി ഡോളറില്‍ (8,200 കോടി രൂപ) താഴെയാണ്. കഴിഞ്ഞ വര്‍ഷം എടുത്തിട്ടുള്ള വായ്പകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ബൈജു രവീന്ദ്രന്റെ ആകെ ആസ്തി 47.5 കോടി ഡോളറായി(ഏകദേശം 4,000 കോടി രൂപ) കുറയും. ഇതോടെ കോടീശ്വര പദവി നഷ്ടമാകും.
വീഴ്ച 29,000 കോടി രൂപയിൽ നിന്ന്
2020 ല്‍ ആദ്യമായി ഫോബ്‌സ് ലോകശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിക്കുമ്പോള്‍ 180 കോടി ഡോളറിന്റെ(14,000 കോടി രൂപ) ആസ്തിയുണ്ടായിരുന്നതാണ്. അന്ന് ബൈജൂസിന്റെ മൂല്യം 1,000 കോടി ഡോളറായിരുന്നു(82,000 കോടി രൂപ). രണ്ടു വര്‍ഷത്തിനുള്ളില്‍ ബൈജൂസിന്റെ മൂല്യം 2,200 കോടി ഡോളറായും(1.8 ലക്ഷം കോടി രൂപ) ബൈജു രവീന്ദ്രന്റെ ആസ്തി 360 കോടി ഡോളറായും(29,000 കോടി രൂപ) ഉയരുകയും ചെയ്തു. അതിനുശേഷമാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
ഏറ്റവുമൊടുവില്‍ നെതർലൻഡ്സ് ആസ്ഥാനമായ പ്രോസസ് ബൈജൂസിലെ 9.6% ഓഹരികളുടെ മൂല്യം 49.3 കോടി ഡോളര്‍ ആയി താഴ്ത്തിയതോടെയാണ് ബൈജൂസിന്റെ മൂല്യം 510 കോടി ഡോളറായി(ഏകദേശം 42,000 കോടി രൂപ) കുറഞ്ഞത്. 77 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്.
വില്ലനായത് അതിവേഗ വളര്‍ച്ച
അതിവേഗത്തിലുള്ള വളര്‍ച്ചയാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു. ഏറ്റെടുക്കലുകളിലും വിപുലീകരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ച കമ്പനിക്ക് മേല്‍നോട്ടത്തില്‍ പിഴവുകളുണ്ടായി. 2021 ഡിസംബര്‍ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലയളവില്‍ കമ്പനിക്ക് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ ഉണ്ടായിരുന്നില്ല. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ പോലും ഇനിയും പ്രസിദ്ധപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. 2020-21 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് 12 മാസത്തിനു ശേഷവും. ആ സാമ്പത്തിക വര്‍ഷം ബൈജൂസ് 4,560 കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. വരുമാനം മൂന്ന് ശതമാനം ഇടിഞ്ഞ് 2,430 കോടി ഡോളറും.
കമ്പനിയുടെ മൂല്യനിര്‍ണയം സംബന്ധിച്ച വാര്‍ത്തകളെ കുറിച്ച് ഇതുവരെ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച ബൈജു രവീന്ദ്രന്‍ അസാധാരണ പൊതുയോഗം വിളിച്ചുകൂട്ടി ഓഹരിയുടമകളുമായി സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ മേല്‍നോട്ടത്തിനായി ബോര്‍ഡ് അഡ്വൈസറി കമ്മിറ്റിക്ക് രൂപം കൊടക്കുമെന്നാണ് ഓഹരിയുടമകളെ അറിയിച്ചിരിക്കുന്നത്.
Related Articles
Next Story
Videos
Share it