പ്രതിസന്ധി മാറാതെ ബൈജൂസ്: ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ രാജിവച്ചു

സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട പ്രമുഖ എഡ്‌ടെക്(EdTech) സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്രാ ധനകാര്യ സ്ഥാപനമായ ഡിലോയിറ്റ് ഹസ്‌കിന്‍സ് ആന്‍ഡ് സെല്‍സ് പിന്മാറി.

കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് രാജിയെന്ന് ഡിലോയിറ്റിനെ ഉദ്ധരിച്ച് പ്രമുഖ ബിസിനസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 മാര്‍ച്ച് വരെയായിരുന്നു ഡിലോയിറ്റിന്റെ കാലാവധി. ഡിലോയിറ്റ് പിന്മാറിയതോടെ 2022 സാമ്പത്തിക വര്‍ഷം മുതലുള്ള ഓഡിറ്ററായി
പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ
ബിഡിഒയെ നിയമിച്ചിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് കാലാവധി.ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്, ഉപകമ്പനിയായ ആകാശ് ഫൗണ്ടേഷന്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ സംയോജിത പ്രവര്‍ത്തനഫലങ്ങള്‍ ബി.ഡി.ഒ തയ്യാറാക്കും.
മൂന്നു ഡയറക്ർമാരും രാജിവച്ചു

ബൈജൂസ് ഡയറക്ടര്‍ ബോര്‍ഡിലെ മൂന്നു പേരും രാജിവച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പീക്ക് എക്‌സ് വി പാര്‍ട്‌ണേഴ്‌സ് എം.ഡി ജി.വി രവിശങ്കര്‍, ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പ്രോസസിന്റെ പ്രതിനിധി റസല്‍ ഡ്രീസെന്‍സ്റ്റോക്, ചാന്‍ സക്കര്‍ബര്‍ഗില്‍ നിന്നുള്ള വിവിയന്‍ വു എന്നിവരാണ് രാജിവച്ചത് എന്നാണ് അറിയുന്നത്. എന്നാല്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.

മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനമായ ബൈജൂസ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,564 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. വരുമാനം 3.3 ശതമാനം ഇടിഞ്ഞ് 2,428 കോടി രൂപയുമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബൈജൂസ് 1,000 ത്തോളം ജീവനക്കാരെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. ഇതു കൂടാതെ കഴിഞ്ഞ ഒക്ടോബറില്‍ 2,500 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

Related Articles
Next Story
Videos
Share it