'ബൈജു രവീന്ദ്രന്‍ അണ്‍ഫിറ്റ്, ബോര്‍ഡില്‍ നിന്ന് നീക്കണം'; നിക്ഷേപകര്‍ കോടതിയില്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസില്‍ കാര്യങ്ങള്‍ വീണ്ടും കുഴയുകയാണ്. ബൈജൂസിന്റെ തലപ്പത്ത് തുടരാന്‍ സ്ഥപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ അര്‍ഹനല്ലെന്നും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കമ്പനിയുടെ നിക്ഷേപകര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തു.

ഡച്ച് നിക്ഷേപക സ്ഥാപനമായ പ്രോസസ് ഉള്‍പ്പെടെ നാല് ഓഹരിയുടമകളാണ് ബൈജു രവീന്ദ്രനെ പുറത്താക്കണമെന്നാവശ്യവുമായി എന്‍.സി.എല്‍.ടിയെ സമീപിച്ചിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് ബൈജുവിന് അനുകൂല വിധി ഉണ്ടായതിനു പുറകെയാണ് പുതിയ നീക്കം. കമ്പനിയില്‍ ഫോറെന്‍സിക് ഓഡിറ്റ് നടത്തണം, പുതിയ ബോര്‍ഡിനെ നിയമിക്കണം, അടുത്തിടെ നടന്ന അവകാശ ഓഹരി വില്‍പ്പന റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങളും ഓഹരിയുടമകള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇ.ജി.എമ്മില്‍ പങ്കെടുത്തില്ല
ബൈജൂസിന്റെ ബോര്‍ഡില്‍ നിന്ന് ബൈജു രവീന്ദ്രനെയും മറ്റ് രണ്ട് ബോര്‍ഡംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കണമെന്നാവശ്യവുമായി ചില നിക്ഷേപകര്‍ ഇന്ന് അസാധാരണ പൊതുയോഗം (EGM) വിളിച്ചിരുന്നു. എന്നാല്‍ ഇത് നിയമപരമല്ലെന്നും നിക്ഷേപകര്‍ക്ക് അതിന് അധികാരമില്ലെന്നും വ്യക്തമാക്കിയ ബൈജൂസിന്റെ പ്രമോട്ടര്‍മാര്‍ എ.ജി.എമ്മില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. രാവിലെ 9 മണിക്ക് ഓണ്‍ലൈന്‍ മീറ്റിംഗ് ആരംഭിച്ചപ്പോള്‍ ബൈജൂസിന്റെ ജീവനക്കാര്‍ തടസപ്പെടുത്തിയായും റിപ്പോര്‍ട്ടുകളുണ്ട്.
'ലുക്ക് ഔട്ട്' സര്‍ക്കുലര്‍
ഇതിനിടെ ബൈജൂസ് വിദേശ നാണയ വിനിമയ ചട്ടം (FEMA) ലംഘിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ബൈജു രവീന്ദ്രനെതിരെ പുതിയ ലുക്ക് ഔട്ട് സര്‍ക്കുലര്‍ (LOC/തെരച്ചില്‍ നോട്ടീസ്) ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് നിര്‍ദേശിച്ചതായും വാര്‍ത്തകളുണ്ട്. ഒന്നര വര്‍ഷം മുമ്പ് കൊച്ചിയിലെ ഇ.ഡി. ഓഫീസിന്റെ നിര്‍ദേശ പ്രകാരം ബൈജുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നതിനെ പുറമെയാണിത്‌.
അതേ സമയം ബൈജു രവീന്ദ്രന്‍ ദുബൈയിലാണുള്ളതെന്നും വൈകാതെ അദ്ദേഹം സിംഗപ്പൂരിലേക്ക് തിരിക്കുമെന്നുമാണ് അറിയുന്നത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ ഇനി രാജ്യം വിടാന്‍ പ്രയാസമായേക്കും.

Related Articles
Next Story
Videos
Share it