Begin typing your search above and press return to search.
സ്റ്റാര്‍ട്ടപ്പുകളിലൂടെ ഈ വര്‍ഷം 20,000 പുതിയ തൊഴില്‍: മുഖ്യമന്ത്രി
സ്റ്റാര്‍ട്ടപ്പുകളിലൂടെ സംസ്ഥാനത്ത് ഈ വര്‍ഷം 20,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) ദുബൈയില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി ലോഞ്ച്പാഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നിക്ഷേപം നേടാനും സഹായകമാകുന്നതാണ് ലോഞ്ച്പാഡ്. പരീക്ഷണാടിസ്ഥാനത്തിലാണ് ലോഞ്ച്പാഡിന് കെ.എസ്.യു.എം തുടക്കമിട്ടിരിക്കുന്നത്. വിജയകരമായാല്‍ യു.എ.ഇക്ക് പുറമേ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങി കൂടുതല്‍ മേഖലകളിലും ലോഞ്ച്പാഡ് തുറക്കും. യു.എ.ഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററിന്റെ പങ്കാളിയായി സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന്‍ എന്നിവര്‍ ദുബൈയില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം നിലവിലെ 4,400ല്‍ നിന്ന് 15,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്റര്‍
സംരംഭകര്‍ക്ക് സഹായവുമായി തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഗോള ഡെസ്‌കായാണ് സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുക. പ്രവാസികള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് കടന്നുവരാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങാനും ലോഞ്ച്പാഡ് സഹായിക്കും.
വിദേശ നിക്ഷേപം സ്വീകരിക്കാനും പ്രവര്‍ത്തനം വിപുലീകരിക്കാനും ലോഞ്ച്പാഡിന്റെ സേവനം ഉപയോഗിക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഓഫീസിലല്ലാതെ ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ വഴിയും പ്രവര്‍ത്തിക്കാം. ഉത്പന്ന രൂപീകരണം, വികസനം തുടങ്ങിയ മേഖലകളില്‍ ഇന്‍കുബേഷന്‍ സഹായവും ലഭിക്കും.
Next Story
Videos