Corvo : ലക്ഷറി ലെതര്‍ ഉല്‍പ്പന്നങ്ങളിലെ ഇന്ത്യൻ ഫാഷന്‍

കൗതുകത്തിന് വേണ്ടി ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങളിലൂടെ സംരംഭകത്വത്തിലേക്ക് എത്തിയ ആര്‍ട്ടിസ്റ്റുകളുടെ പുതുസംരംഭമാണ് കോര്‍വോ. ഇന്ത്യക്കാര്‍ക് അഫോഡബിള്‍ ആയ വിലയ്ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ലെതര്‍ ഉല്‍പ്പന്ന ബ്രാന്‍ഡ് ആണിത്. ദേശീയ വിപണി കീഴടക്കി ഉപഭോക്താക്കളുടെ ഇഷ്ടബ്രാന്‍ഡ് ആകാന്‍ കോര്‍വോയ്ക്ക് കഴിയുന്നു. കോര്‍വോയുടെ തുടക്കത്തെ കുറിച്ചും വളര്‍ച്ചയെ കുറിച്ചും പറയുന്നു, സാരഥികളായ ബാഹീജും താഹ മുഹമ്മദും....

ആശയം വന്ന വഴി
സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആയ ബാഹീജും വാള്‍ ആര്‍ട്ടിസ്റ്റ് ആയ താഹയും 2018 ല്‍ ആണ് സ്ഥാപനത്തിന് തുടക്കമിടുന്നത്. ഇരുവരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ കൗതുകത്തിന് ലെതറില്‍ നിര്‍മിച്ച ബാഗും വാലറ്റും സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഇതു കണ്ട് നിരവധി പേര്‍ ആവശ്യവുമായി എത്തി. അതാണ് കോര്‍വോ എന്ന ബ്രാന്‍ഡിലേക്ക് ഇരുവരെയും നയിച്ചത്.
ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകള്‍ ഉണ്ടെന്ന തിരിച്ചറിവും ഈ സംരംഭം നല്‍കി. മക്കന്‍സി റിപ്പോര്‍ട്ട് പ്രകാരം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലേക്ക് 200 അധികം ഫാഷന്‍ ബ്രാന്‍ഡുകള്‍ ആണ് കടന്നു വരാന്‍ പോകുന്നുന്നത്, 2030 ആകുമ്പോഴേക്കും 300 ബില്യണ്‍ ആയിരിക്കും ഇ മേഖലയിലെ വിറ്റ് വരവ്. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ ആണ് ഇവരെ ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
പണം കണ്ടെത്തിയത്
സ്വന്തം സമ്പാദ്യം ഉപയോഗിച്ചായിരുന്നു തുടക്കം. പിന്നീട് മുദ്ര വായ്പയെടുത്തു. സുഹൃത്തുക്കളും കുടുംബവും സാമ്പത്തികമായി സഹായിച്ചതോടെ സ്ഥാപനം യാഥാര്‍ത്ഥ്യമായി.
എന്താണ് ഉല്‍പ്പന്നം?
നാച്വറല്‍ ഫുള്‍ ഗ്രെയ്ന്‍ ലെതര്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് കോര്‍വോ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്നത്. ഇന്ത്യയില്‍ തന്നെ അപൂര്‍വം കമ്പനികള്‍ മാത്രമാണ് ഇത്തരം ലെതര്‍ ഉപയോഗിക്കുന്നത്. ആക്സസറീസിന്റെ ഗുണനിലവാരവും പ്രത്യേകം ശ്രദ്ധിക്കുന്നു. മികച്ച ഡിസൈനില്‍ എക്സ്‌ക്ലൂസിവ് ആയ ഉല്‍പ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.
ടേണിംഗ് പോയ്ന്റ്
ലാഭത്തിനേക്കാള്‍ ബിസിനസ് മൂല്യങ്ങള്‍ക്കാണ് കമ്പനി പരിഗണന നല്‍കുന്നത്. അത് മനസ്സിലാക്കാന്‍ കഴിയുന്ന നിക്ഷേപകരെയും കണ്‍സള്‍ട്ടന്റുമാരെയും ലഭിച്ചുവെന്നതാണ് വലിയ നാഴികക്കല്ല്.
സ്ഥാപനത്തെ കുറിച്ച്
ഇന്ത്യയിലെ പ്രധാന കയറ്റുമതി ഉല്‍പ്പന്നമാണ് ലെതര്‍. എന്നാല്‍ ഈ മേഖല, അത്ര ഓര്‍ഗനൈസ്ഡ് എന്ന് പറയാനാകില്ല. അത്‌കൊണ്ട് തന്നെ ഈ മേഖലയെ ശക്തിപ്പെടുത്തുക എന്നത് കമ്പനിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഓണ്‍ലൈനിലൂടെയും ഓഫ്ലൈന്‍ ഷോറൂമുകളിലൂടെയും കോര്‍വോ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. കമ്പനികള്‍ക്ക് സ്വന്തമായി ഇ കൊമേഴ്സ് വെബ്സൈറ്റുണ്ട്. മാത്രമല്ല ആമസോണ്‍ പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയും വില്‍പ്പനയുമുണ്ട്. 30 ലേറെ ഉല്‍പ്പന്നങ്ങള്‍ കമ്പനിക്കുണ്ട്. 20 ഓളം പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി ഉടന്‍ വിപണിയിലെത്തിക്കും. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ മുംബൈ, ഡല്‍ഹി, ബെംഗളുരു തുടങ്ങിയ നഗരങ്ങളിലും ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും വില്‍പ്പനയുണ്ട്.
ഭാവിപദ്ധതികള്‍
2031 ഓടെ 2500 കോടി രൂപ വിറ്റുവരവുള്ള കമ്പനി ആവുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര ലെതര്‍ ഫാഷന്‍ ബ്രാന്‍ഡ് ആകുക എന്ന ലക്ഷ്യവുമായാണ് പ്രവര്‍ത്തനം. അടുത്ത ഘട്ട ഫണ്ടിംഗിനായി കമ്പനിയുടെ മൂല്യം മനസ്സിലാക്കുന്ന നിക്ഷേപകരെയും കമ്പനി തേടുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it