'ഭാസ്‌കര്‍' വരുന്നു, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഒരു കുടക്കീഴിലേക്ക്. വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഒന്നര ലക്ഷത്തോളം വരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള ബിസിനസ് നെറ്റ് വര്‍ക്കായി കേന്ദ്ര വ്യവസായ വികസന മന്ത്രാലയം രൂപ കല്‍പ്പന ചെയ്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് തുടക്കമായി. ഭാരത് സ്റ്റാര്‍ട്ടപ്പ് നോളജ് ആക്‌സസ് റജിസ്ട്രി (ഭാസ്‌കര്‍)യുടെ ലോഞ്ചിംഗ് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള 'വണ്‍ സ്റ്റോപ്പ് ഷോപ്പ്' ആയിരിക്കും ഭാസ്‌കര്‍ എന്ന് അദ്ദേഹം പറഞ്ഞു. സംരംഭകര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും ഫിനാന്‍സ്, ടെക്‌നോളജി, ഡാറ്റ കൈമാറ്റം തുടങ്ങി വിവിധ മേഖലകളില്‍ അറിവുകളും സേവനങ്ങളും പങ്കുവെക്കുന്നതിനും ഈ വേദി സഹായമാകും. ഇന്ത്യയിലെ ഇടത്തരം നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ പലപ്പോഴും വേണ്ടത്ര അറിവും അഭിവൃദ്ധി നേടാനുള്ള കഴിവും ഇല്ലാത്തവയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പുതിയ പ്ലാറ്റ്‌ഫോമിലൂടെ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ മെന്റര്‍ഷിപ്പും സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകും. സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുക എന്നതും ഈ സംരംഭത്തിന് പിന്നിലെ ലക്ഷ്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധ്യതകളുടെ നെറ്റ്‌വര്‍ക്ക്

കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാമിന് കീഴില്‍ ആസൂത്രണം ചെയ്തതാണ് 'ഭാസ്‌കര്‍'. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് പുറമെ സര്‍ക്കാര്‍ വകുപ്പുകളും ഈ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകും. കേന്ദ്രീകൃതമായി ബിസിനസ് സഹകരണം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. സംരംഭകര്‍ക്കുള്ള പുതിയ ആശയങ്ങള്‍, വെല്ലുവിളികളെ നേരിടാനുള്ള പിന്തുണ, പുതിയ വിപണി കണ്ടെത്താനുള്ള സഹായം തുടങ്ങിയവ ഇതുവഴി ലഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് റജിസ്ട്രിക്ക് രൂപം നല്‍കാനാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു 'യുണീക് ഭാസ്‌കര്‍ ഐ.ഡി' നല്‍കും. ഇതുയോഗിച്ച് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്താനും മറ്റു കമ്പനികളുമായി ബന്ധപ്പെടാനും സാധിക്കും. ഒരോ സംരംഭകര്‍ക്കും അവരുടെ മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേകമായി ലഭിക്കുന്നതിനും ഭാസ്‌കറില്‍ സംവിധാനങ്ങളുണ്ടാകും.

സംരംഭകര്‍ക്കും തൊഴിലന്വേഷകര്‍ക്കും ഗുണം

രാജ്യത്ത് നിലവില്‍ 1.46 ലക്ഷം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 1,17,254 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 12.42 ലക്ഷം പേര്‍ ഈ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്. 100 കോടിയിലേറെ ഡോളര്‍ മൂല്യമുള്ള 111 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ മൊത്ത മൂല്യം ഏതാണ്ട് 35,000 കോടി ഡോളര്‍ വരും. രാജ്യത്തെ വലുതും ചെറുതുമായ എല്ലാ സ്റ്റാര്‍ട്ടപ്പുകളെയും ഭാസ്‌കര്‍ റജിസ്ട്രിക്ക് കീഴില്‍ കൊണ്ടു വരും. പുതിയ സംരംഭങ്ങള്‍ക്കുള്ള കണ്ടുപിടുത്തങ്ങള്‍, സംരംഭകശേഷി, തൊഴിലവസരങ്ങള്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കാന്‍ ഇതുവഴി കഴിഞ്ഞേക്കും. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുമ്പോള്‍ സംഘടിതമായി വളരാനും ആഗോളതലത്തില്‍ ശ്രദ്ധനേടാനും കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തിലൂടെ ഒട്ടേറെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ആഗോള ശ്രദ്ധ നേടാനായിട്ടുണ്ട്.

.

Related Articles

Next Story

Videos

Share it