പ്രതിസന്ധി മാറാതെ ബൈജൂസ്; 400 ജീവനക്കാരെ കൂടി പിരിച്ചു വിട്ടു
![Byju Raveendran Byju Raveendran](https://dhanamonline.com/h-upload/old_images/842739-byju-raveendran.webp)
Image : Byju Raveendran
വിദ്യാഭ്യാസ സാങ്കേതിക (EdTech) സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു. പ്രവര്‍ത്തന മികവ് വിലയിരുത്തല്‍ (performance review process) നടപടികള്‍ക്ക് ശേഷം 400 ജീവനക്കാരെ കൂടി പിരിച്ചു വിട്ടതായാണ് മണി കണ്‍ട്രോള്‍റിപ്പോര്‍ട്ട്. എന്നാല്‍ 100 പേര്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയതെന്നും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാത്ത ജീവനക്കാരെയാണ് കമ്പനി മെച്ചപ്പെടുത്തലിന്റെ ഭാഗമായി പിരിച്ചുവിടുന്നതെന്നും ബൈജൂസിന്റെ വക്താക്കള്‍ പറയുന്നു.
ഇതുവരെ പിരിച്ചു വിട്ടത് 5,000 പേരെ
ബൈജൂസിന്റെ മാനവ വിഭശേഷി വിഭാഗം കൈകാര്യം ചെയ്യുന്നതിന് ഇന്‍ഫോസിസിന്റെ മുന്‍ എക്‌സിക്യൂട്ടീവായ റിച്ചാഡ് ലോബോയെ നിയമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ നീക്കം. ഇക്കഴിഞ്ഞ ജൂണില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ബൈജൂസ് 500-1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇതുവരെ 5,000 ത്തിലധികം ജീവനക്കാരെയാണ് കമ്പനിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്.
പിടി വിടാതെ പ്രശ്നങ്ങൾ
ഒരു കാലത്ത് ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്ന ബൈജൂസിന്റെ പ്രതിസന്ധികള്‍ അവസാനിക്കുന്നില്ലെന്ന സൂചനയാണ് പിരിച്ചുവിടല്‍ വാര്‍ത്തകള്‍ നല്‍കുന്നത്. അമേരിക്കന്‍ വായാപാദാതാക്കളില്‍ നിന്നെടുത്ത കടം തിരിച്ചടയ്ക്കുന്നതിലുള്ള വീഴ്ചകള്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് ബൈജൂസ് അഭിമുഖീകരിക്കുന്നത്. 120 കോടി ഡോളറിന്റെ കടം അടയ്ക്കുന്നതിന് ഈ മാസം ആദ്യം നിശ്ചയിച്ചിരുന്ന തീയതി കഴിഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ ബൈജൂസിന്റെ നിക്ഷേപകരില്‍ ചിലര്‍ അവരുടെ ഓഹരികളുടെ മൂല്യം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.