ഓഹരി തിരഞ്ഞെടുക്കാനും എ.ഐ, പൊളിയാണ് ഈ മലയാളി സ്റ്റാര്‍ട്ടപ്പ്

സാധാരണ നിക്ഷേപകരെ സംബന്ധിച്ച് ഓഹരി വിപണിയിലെ ഓരോ ദിവസവും ഒരു പുതിയ ദിവസമാണ്. ആയിരക്കണക്കിന് ഓഹരികളില്‍ നിന്ന് ഏറ്റവും മികച്ച നേട്ടം നല്‍കുന്നതും കൊക്കിലൊതുങ്ങുന്നതുമായ ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കാന്‍ ചെറിയ പഠനം പോരാ. അതിനൊരു പരിഹാരമാവുകയാണ് രണ്ട് യുവ മലയാളി സംരഭകരുടെ കൂട്ടായ്മയില്‍ പിറന്ന ഫിന്‍ ജി.പി.റ്റി (Fin-Gpt.ai) എന്ന നിര്‍മിതബുദ്ധി (Artificial Intelligence/AI) അധിഷ്ഠിത പ്ലാറ്റ്‌ഫോം.

വിപണിയെ കുറിച്ച് ഗവേഷണം നടത്താനും കമ്പനികളുടെ റിപ്പോര്‍ട്ടുകളും മറ്റും വിലയിരുത്തി മികച്ച ഓഹരികള്‍ കണ്ടെത്താനുമൊക്കെ വളരെ ഈസിയായി സാധിക്കും വിധത്തിലാണ്
അല്‍ഗോരിത്മ
ഡിജിടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ (Algorithma Digitech Pvt Ltd. ) സാരഥികളായ നിഖില്‍ ധര്‍മനും ടി.ആര്‍. ഷംസുദ്ദീനും ഫിന്‍ ജി.പി.റ്റി എന്ന പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ബ്ലൂംബര്‍ഗ് ടെര്‍മിനല്‍ പോലെ നിക്ഷേപകര്‍ക്ക് റിയല്‍ടൈമായി ഡേറ്റയും വാര്‍ത്തകളും അനാലിസിസുകളുമൊക്കെ ലഭ്യമാക്കാവുന്ന വിധത്തില്‍ ജെന്‍ എ.ഐ ടെക്‌നോളജി ഉപയോഗിച്ചാണ് ഈ ജി.പി.റ്റി മോഡലിന്റെ പ്രവര്‍ത്തനം. പ്രൊഫണഷല്‍ നിക്ഷേപകര്‍ പലരും സ്റ്റോക്ക് അനാലിസിസിനും മറ്റും ലക്ഷങ്ങള്‍ ചെലവിട്ടാണ് ബ്ലൂംബെര്‍ഗ് ടെര്‍മനല്‍ ഉപയോഗിക്കുന്നതെന്നിരിക്കെ താരതമ്യനം വളരെ ചെലവുകുറവും എളുപ്പവുമായി മാര്‍ഗമാണ് ഫിന്‍ ജി.പി.റ്റി. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുകയുമാകാം.

ഇന്ത്യയില്‍ ഓഹരി നിക്ഷേപകര്‍ വെറും 3%

2020ല്‍ കോവിഡിന്റെ തുടക്ക കാലത്താണ് ഓഹരി വിപണിയിലേക്ക് സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ കടന്നു വരാനും മനസിലാക്കാനും സാധിക്കുന്ന ഒരു സൗകര്യം വികസിപ്പിക്കുന്നതിനെ കുറിച്ച് സീരിയല്‍ സംരംഭകരായ (Serial Entrepreneurs) നിഖിലും ഷംസുദ്ദീനും ചിന്തിക്കുന്നത്. ഇതിനായുള്ള പഠനത്തിനിടയിലാണ് ഇരുവരും വളരെഗൗരവകരമായ ഒരു കാര്യം മനസിലാക്കുന്നത്. നാല് ലക്ഷം കോടി സമ്പദ് വ്യവസ്ഥയിലേക്ക് ചുവടുവയ്ക്കുന്ന ഇന്ത്യ ഇപ്പോഴും ഓഹരി വിപണിയില്‍ ഒരു പടിപോലും മുന്നേറിയിട്ടില്ല. അമേരിക്കയില്‍ ജനസംഖ്യയുടെ 55 ശതമാനം പേര്‍ ഓഹരിയില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇന്ത്യയില്‍ മൂന്നു ശതമാനം പേര്‍ മാത്രമാണ് ഈ രംഗത്ത് ശ്രദ്ധപതിപ്പിച്ചിട്ടുള്ളത്. യു.കെയില്‍ ഇത് 33 ശതമാനവും ചൈനയില്‍ 13 ശതമാനവുമാണ്. അനന്തമായ സാധ്യതകളാണ് ഇനിയും ഈ രംഗത്തുള്ളതെന്ന കണ്ടെത്തലാണ് ഇരുവരെയും ഫിന്‍ ജി.പി.റ്റിയില്‍ എത്തിച്ചത്.

അഗ്രിമ ഇന്‍ഫോടെക് എന്ന ഒരു എ.ഐ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് കമ്പനിയിലൂടെയാണ് നിഖില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തേക്ക് കടക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഫലവര്‍ഗങ്ങള്‍ സ്‌കാന്‍ ചെയ്ത് അതിന്റെ ഇനവും ഗുണമേന്മയും എവിടെ വിളവെടുത്തതാണെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് അഗ്രിമ വികസിപ്പിച്ചത്. 2022ല്‍ ഈ കമ്പനിയെ പ്രമുഖ ഗ്രോസറി ഓണ്‍ലൈന്‍ ശൃംഖലയായ ബിഗ്ബാസ്‌കറ്റ് ഏറ്റെടുത്തു. പിന്നീടാണ് സിനിമാ നിര്‍മാതാവും എന്‍ജിനീയറിംഗ് കോളേജുകളുടെ സ്ഥാപകനുമായ ടി.ആര്‍ ഷംസുദ്ദീനുമായി ചേര്‍ന്ന് അല്‍ഗരിത്മ ഡിജി ടെക് പ്രൈവറ്റ് ലിമിറ്റഡിന് തുടക്കം കുറിക്കുന്നത്. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഹഡില്‍ 2023ലാണ് ഫിന്‍ ജി.പി.റ്റി എന്ന നൂതന ഫിനാന്‍ഷ്യല്‍ ഇന്റലിജന്സ് പ്ലാറ്റ്‌ഫോം ആദ്യമായി അവതരിപ്പിക്കുന്നത്. അല്‍ഗോരിത്മയുടെ രണ്ടാമത്തെ ഉത്പന്നമാണ് ഫിന്‍ ജി.പി.റ്റി. ഇതിനു മുന്‍പ് സ്മാര്‍ട്ട് ബാസ്‌ക്കറ്റ് എ.ഐ എന്ന ഫിന്‍ടെക് ആപ്പ് അവതരിപ്പിച്ചിരുന്നു.

അല്‍ഗോരിത്മ ടീം

ചോദിക്കാം, പഠിക്കാം, നിക്ഷേപിക്കാം

എന്‍.എസ്.ഇ, ബി.എസ്.ഇ, ആര്‍.ബി.ഐ, എം.സി.എ, ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ച് റിപ്പോര്‍ട്ട്‌സ് എന്നിങ്ങനെ 20,000ത്തിലധകം ഡാറ്റ പ്രൊവൈഡേഴ്‌സില്‍ നിന്ന് വിവരങ്ങള്‍ ഫിന്‍ ജി.പി.റ്റി ശേഖരിക്കുന്നുണ്ട്. ഒരുപാട് കോംപ്ലക്‌സ് ആയ ഡേറ്റകളിലൂടെ കടന്നു പോകാതെ അവ എളുപ്പത്തില്‍ നിക്ഷേപകര്‍ക്ക് ആവശ്യമുള്ള രീതിയില്‍ ക്രോഡീകരിച്ചു നല്‍കാന്‍ ഫിന്‍ ജി.പിറ്റ് സാധിക്കും.
ഉദാഹരണത്തിന് ഏറ്റവും കൂടുതല്‍ ഡിവിഡന്‍ഡ് നല്‍കുന്ന അല്ലെങ്കില്‍ സ്ഥിരമായി നിശ്ചിത ശതമാനത്തിനു മുകളില്‍ റിട്ടേണ്‍ നല്‍കുന്ന ഓഹരികള്‍ മാത്രം തിരഞ്ഞെടുത്ത് നല്‍കാന്‍ ഫിന്‍ ജി.പി.റ്റിയോട് ആവശ്യപ്പെടാം. അതുമല്ലെങ്കില്‍ ആ ദിവസം പ്രമുഖ ബ്രോക്കര്‍മാര്‍ നിക്ഷേപത്തിനായി ശുപാര്‍ശ ചെയ്തിട്ടുള്ള ഓഹരികള്‍ ഏതൊക്കെയെന്ന് ചേദിക്കാം. അങ്ങനെ കണ്ടെത്തുന്ന ഓഹരികളെ കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അറിയാനും അവ കാര്‍ട്ടില്‍ ആഡ് ചെയ്യാനും വാങ്ങാനുമൊക്കെ ഈ പ്ലാറ്റ്‌ഫോം വഴി സാധിക്കും. ഇതിനായി ഗ്രോ, സീറോദ, അപ്‌സ്റ്റോക്ക് തുടങ്ങി 30 ഓളം പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കിംഗ്
കമ്പനികളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.
ഇതുകൂടാതെ കമ്പനികളുടെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകളുടെയും മറ്റും പി.ഡി.എഫ് ഫയല്‍ അപ്‌ലോഡ് ചെയ്ത് വിശകലനം ചെയ്യാനും ഫിന്‍ ജിപിറ്റിക്ക് സാധിക്കും. സെന്‍സെക്‌സും നിഫ്റ്റിയുമടക്കമുള്ള സൂചികളുടെ പ്രകടനവും അതത് ദിവസത്തെ ഏറ്റവും മുന്നേറ്റം കാഴ്ചവച്ച ഓഹരികള്‍ എന്നിങ്ങനെ ഓഹരി വിപണിയുമായും നിക്ഷേപവുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാന്‍ ഫിന്‍ ജി.പി.റ്റിയെ ആശ്രയിക്കാം. എന്നാല്‍ ഫിന്‍ ജി.പിറ്റി ഒരിക്കലും നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുന്നില്ല. വിവരങ്ങള്‍ ലഭ്യമാക്കുക മാത്രമാണ് ലക്ഷ്യം. കൂടാതെ
ഇന്‍ട്രാ ഡേ ട്രേഡിംഗും പ്രോത്‌സാഹിപ്പിക്കുന്നില്ല. ദീര്‍ഘകാല നിക്ഷേപത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
ഫണ്ടിംഗ് ഓഫറുകളും

നിലവില്‍ സ്വന്തം നിലയ്ക്കാണ് കമ്പനി ഫണ്ട് കണ്ടെത്തുന്നത്. പ്ലാറ്റ്‌ഫോമിന്റെ സാധ്യതകള്‍ മനസിലാക്കി കേരളത്തിൽ നിന്നുൾപ്പെടെയുള്ള ഓഹരി വിപണി രംഗത്തെ പ്രമുഖ കമ്പനികള്‍ പലതും നിക്ഷേപത്തിനായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് നിഖില്‍ ധര്‍മന്‍ പറഞ്ഞു. വളരെ ചെലവേറിയ സാങ്കേതിക വിദ്യയാണ് ജെന്‍ എ.ഐ. അതുകൊണ്ടുതന്നെ സൗജന്യമായി സേവനം ലഭ്യമാക്കുക സാധ്യമല്ല. യൂസ് ആന്‍ഡ് പേ ഓപ്ഷനിലാണ് ഫിന്‍ ജി.പി.റ്റിയുടെ പ്രവര്‍ത്തനം. പൊതുവായ സെര്‍ച്ചുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നില്ല. പ്രത്യേക ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണമെങ്കില്‍ അഞ്ച് രൂപ വീതം ഈടാക്കും. എന്നാല്‍ സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലാണെങ്കില്‍ ചോദ്യങ്ങള്‍ക്ക് പരിധിയില്ല. സ്മാര്‍ട്ട്ബാസ്‌കറ്റ് ഡോട്ട് എ.ഐ (Smartbasket.ai) എന്ന പ്ലാറ്റ്‌ഫോം വഴി സൈന്‍അപ്പ് ചെയ്ത് ഫിന്‍ ജി.പി.റ്റി ഉപയോഗിക്കാം.

Related Articles
Next Story
Videos
Share it