Begin typing your search above and press return to search.
വിളിപ്പുറത്തെത്തും 'പെട്രോള്‍ പമ്പ്' മലപ്പുറത്തു നിന്നൊരു നൂതന സ്റ്റാര്‍ട്ടപ്പ്
ഒരൊറ്റ വിളിയില്‍ ഇന്ധനവുമായി ഒരു മിനി 'പെട്രോള്‍ പമ്പ്' നിങ്ങള്‍ക്കരികില്‍ എത്തിയാലോ? വാഹനേതര ആവശ്യങ്ങള്‍ക്കായി ഇന്ധനം ആവശ്യമുള്ളവര്‍ക്കാണെങ്കില്‍ അതിന്റെ ഗുണം ഏറെയാണ്. വലിയ കന്നാസുമായി വണ്ടി പിടിച്ച് പമ്പിലെത്തി ഇന്ധനം നിറച്ച് പോകുന്നവര്‍ക്കറിയാം അതിന്റെ ബുദ്ധിമുട്ട്. എന്നാല്‍ ഒരു ഫോണ്‍ വിളിയില്‍ ഇന്ധനം അരികിലെത്തിക്കുകയാണ് മലപ്പുറത്തെ ഒരു സ്റ്റാര്‍ട്ടപ്പ്.
പെട്രോള്‍/ഡീസല്‍ പമ്പില്‍ പോയി ഇന്ധനം നിറയ്ക്കുമ്പോള്‍ നമ്മള്‍ എങ്ങനെയാണോ ഇന്ധനത്തിന്റെ അളവും വിലയും അറിയുന്നത് അതുപോലെ തന്നെയുള്ള സംവിധാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.
പ്രായം അമ്പതുകളിലെത്തിയ രണ്ടു സംരംഭകരാണ് നവീന സംരംഭവുമായി ശ്രദ്ധ നേടുന്നത്. അഞ്ചു വര്‍ഷമായി മലപ്പുറത്ത് പെട്രോള്‍ പമ്പ് നടത്തിയിരുന്ന ഹൈദരലിയും ജപ്പാനില്‍ റിഫൈനറിയില്‍ ജോലി ചെയ്ത അനുഭവസമ്പത്തുമായി മലപ്പുറം സ്വദേശി കുഞ്ഞിമുഹമ്മദുമാണ് ലിന്‍ഷാസ് ഫാബ്രിക്‌സ് എന്ന ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍.
പെട്രോളിയം മന്ത്രാലയവും ഡോര്‍ സ്‌റ്റെപ്പ് ഡീസല്‍ ഡെലിവറിക്ക് അംഗീകാരം നല്‍കുന്നുണ്ട്. വ്യവസായശാലകള്‍, ഹോസ്പിറ്റലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ ജനറേറ്ററുകള്‍, ഗ്രാമീണ മേഖലയിലെ ട്രാക്റ്ററുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍, ഹെവി മെഷിനറി ഫെസിലിറ്റിയുള്ള സ്ഥാപനങ്ങള്‍, മൊബീല്‍ ടവറുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഡീസല്‍ അത്യാവശ്യമാണ്.
''ഞങ്ങള്‍ രണ്ടു പേരും പെട്രോളിയം ഇന്‍ഡസ്ട്രിയില്‍ അനുഭവ സമ്പത്തുള്ളവരാണ്. ഒരിക്കല്‍ ഇന്ത്യന്‍ ഓയ്ല്‍ കോര്‍പറേഷന്റെ റീജ്യണല്‍ മാനേജരുമായി സംസാരിക്കുന്നതിനിടയിലാണ് ഡോര്‍ സ്‌റ്റെപ്പ് ഡീസല്‍ വിതരണത്തെ കുറിച്ചുള്ള ആശയം ലഭിക്കുന്നത്. വ്യാവസായ ശാലകള്‍ക്കടക്കം അതൊരു ഗുണമുള്ള കാര്യമാണെന്ന് മനസ്സിലാക്കുകയും ലിന്‍ഷാസ് ഫാബ്രികിന് തുടക്കമിടുകയുമായിരുന്നു' ഹൈദരലി പറയുന്നു.
തുടക്കത്തില്‍ ഒരു മിനി ലോറി വാങ്ങുകയും അത് ടാങ്കറായി മാറ്റുകയുമായിരുന്നു. സംരംഭം വിജയിച്ചതോടെ കൂടുതല്‍ വാഹനങ്ങള്‍ കൂടി വാങ്ങി സേവനം വര്‍ധിപ്പിച്ചു. ചെറിയ വാഹനങ്ങളായതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ കൂടി സേവനം എത്തിക്കാനാകുന്നുണ്ടെന്ന് അവര്‍ പറയുന്നു. ദൂരം കുറഞ്ഞ പ്രദേശങ്ങളില്‍ സാധാരണ ഡീലര്‍ കമ്മീഷന്‍ മാത്രമേ ഈടാക്കുന്നുള്ളൂ. എന്നാല്‍ ഉള്‍പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ ചെറിയൊരു കമ്മീഷന്‍ കൂടി ഈടാക്കേണ്ടി വരുന്നുണ്ടെന്ന് സംരംഭകര്‍ പറയുന്നു.
Next Story
Videos