ഇന്ത്യ സ്റ്റാക്ക് സംരംഭകര്‍ക്ക് പുതിയ ചട്ടക്കൂട് ഒരുക്കാന്‍ കേന്ദ്രം

വിദേശ രാജ്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഇന്ത്യ സ്റ്റാക്ക് സേവനങ്ങള്‍ നല്‍കുന്നതിന് സംരംഭകരെയും ഡവലപ്പര്‍മാരെയും സിസ്റ്റം ഇന്റഗ്രേറ്റര്‍മാരെയും സാക്ഷ്യപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഉടന്‍ തന്നെ ഒരു ചട്ടക്കൂട് നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സാങ്കേതിക പൊതു സേവനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ള ഓപ്പണ്‍ എപിഐകളുടെ (അപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകള്‍) ഒരു കൂട്ടമാണ് ഇന്ത്യ സ്റ്റാക്ക്.

കോവിന്‍, യുപുഐ, ആധാര്‍ തുടങ്ങിയ ഇന്ത്യയുടെ സാങ്കേതിക പൊതു സേവനങ്ങള്‍ ഇതുവഴി ജനങ്ങളിലേക്കെത്തുന്നു. പുതിയ ചട്ടക്കൂട് ഒരുക്കുന്നത് എങ്ങനെ ഇത് പ്രാവര്‍ത്തികമാക്കാമെന്നും, ഏത് തരത്തിലുള്ള യോഗ്യതകള്‍ ഇതിന് ആവശ്യമാണ് എന്നതിലുമെല്ലാം ചര്‍ച്ച നടത്തി തീരുമാനം എടുത്ത ശേഷം ചട്ടക്കൂട് വികസിപ്പിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യന്‍ സാങ്കേതിക സ്റ്റാക്കുകളില്‍ താല്‍പ്പര്യം കാണിക്കുന്ന സമയത്താണ് മന്ത്രിയുടെ ഈ തീരുമാനം.

സര്‍ക്കാരിന്റെ ആദ്യത്തെ ഇന്ത്യ സ്റ്റാക്ക് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് നടക്കുന്നത് ഇന്നാണ് (ജനുവരി 25). അബുദാബിയില്‍ നടക്കാനിരിക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യ സ്റ്റാക്കില്‍ ഒപ്പുവെക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ പല രാജ്യങ്ങള്‍ക്കും ഇത് സഹായകമാകും. ഇന്ത്യ സ്റ്റാക്ക് പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം ചെറിയ രാജ്യങ്ങളെ അവരുടെ സാങ്കേതിക വിപ്ലവത്തില്‍ സഹായിക്കുന്നതിനും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളര്‍ത്തുന്നതിനും ആണെന്ന് മന്ത്രി പറഞ്ഞു.

Related Articles

Next Story

Videos

Share it