ഹഡില്‍ ഗ്ലോബല്‍; സ്റ്റാര്‍ട്ടപ്പ് ഹബ്ബ് എന്ന നിലയില്‍ ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമെന്ന് വിദേശ പ്രതിനിധികള്‍

ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ് സുസ്ഥിര ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഇന്ത്യക്കും വിദേശ രാജ്യങ്ങള്‍ക്കും എങ്ങനെ ക്രിയാത്മകമായി സഹകരിക്കാം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍
ഹഡില്‍ ഗ്ലോബല്‍; സ്റ്റാര്‍ട്ടപ്പ് ഹബ്ബ് എന്ന നിലയില്‍ ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമെന്ന് വിദേശ പ്രതിനിധികള്‍
Published on

ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതില്‍ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയിലെ അവസരങ്ങള്‍ പ്രധാനമാണെന്ന് ഹഡില്‍ ഗ്ലോബലിലെ വിദേശ പ്രതിനിധികള്‍. ഈ പ്രക്രിയയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സംഭാവനകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും ദ്വിദിന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ വിദേശ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.'ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ് സുസ്ഥിര ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഇന്ത്യക്കും വിദേശ രാജ്യങ്ങള്‍ക്കും എങ്ങനെ ക്രിയാത്മകമായി സഹകരിക്കാം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.പക്വത പ്രാപിച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ എന്ന നിലയിലും സ്റ്റാര്‍ട്ടപ്പ് ശക്തികേന്ദ്രം എന്ന നിലയിലും ഇന്ത്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രതിനിധികള്‍ പറഞ്ഞു. സുസ്ഥിരതയ്ക്കായി ഇലക്ട്രോണിക്സ്, ഐടി, ഭക്ഷ്യമേഖല, ആരോഗ്യസുരക്ഷ, ഹോസ്പിറ്റാലിറ്റി എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ രാജ്യത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സഹകരണത്തിനായി ഇസ്രായേല്‍ ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും ഇത് ഇരുരാജ്യങ്ങള്‍ക്കും ഫലപ്രദമാകുമെന്നും ദക്ഷിണേന്ത്യയിലെ ഇസ്രയേലിന്റെ സി.ജി. ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ലിമോര്‍ ബ്ലെറ്റര്‍ പറഞ്ഞു. ബെംഗളൂരുവിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ പ്ലാറ്റ് ഫോമുമായി നിലവില്‍ സഹകരിക്കുന്നുണ്ട്. 2023 ല്‍ ചില പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇത് അന്തിമമാക്കുമെന്നും അവര്‍ പറഞ്ഞു. സാങ്കേതികവിദ്യക്ക് ഉയര്‍ന്ന ആവശ്യമുള്ളപ്പോഴും ഇസ്രായേല്‍ സര്‍ക്കാര്‍ ഗവേഷണവികസന മേഖലയില്‍ കുറച്ച് നിക്ഷേപമാണ് നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ക്യു ഇന്നൊവേഷന്‍ ഗ്ലോബല്‍ സിഇഒ ഇര്‍ഫാന്‍ മാലിക് മോഡറേറ്ററായിരുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയെ ഒരു വിപണി എന്നതിലുപരി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലമായാണ് കാണുന്നതെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ കോണ്‍സല്‍ ജനറലും സ്വിസ്നെക്സ് സിഇഒയുമായ ജോനാസ് ബ്രണ്‍ഷ്വിഗ് പറഞ്ഞു. വിപണി കണ്ടെത്തല്‍, മൂല്യനിര്‍ണയം, പ്രവേശനം എന്നിവയിലാണ് തങ്ങള്‍ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2016 മുതല്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു കോര്‍ പ്രോഗ്രാം നടത്തിവരുന്നുണ്ട്. ഇതില്‍നിന്നും മൂല്യനിര്‍ണയ പ്രക്രിയയിലും പങ്കാളിത്തത്തിനുള്ള സാധ്യതകളിലും സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതയും ഊര്‍ജ്ജവും തിരിച്ചറിയാന്‍ കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ഇസ്രായേലിന്റെ വളര്‍ച്ചയെ പരാമര്‍ശിച്ച ബ്രണ്‍ഷ്വിഗ് സ്വിറ്റ്സര്‍ലന്‍ഡിനേക്കാള്‍ ഏഴിരട്ടി നിക്ഷേപവും മൂന്നിരട്ടി യൂണികോണുകളും ഇസ്രായേലിന് ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മനുഷ്യവികസനത്തിനു പുറമേ ഭക്ഷ്യമേഖല പ്രധാനമായ മിഡില്‍ ഈസ്റ്റുമായുള്ള ബന്ധത്തിനും സാധ്യതയുണ്ടെന്ന് റോയല്‍ തായ് കോണ്‍സുലേറ്റിലെ കൊമേഴ്സ്യല്‍ അഫയേഴ്സ് വൈസ് കോണ്‍സല്‍ തനപത് സംഗറൂണ്‍ പറഞ്ഞു. മൂലധന നികുതി ഒഴിവാക്കിയാല്‍ ഇന്ത്യക്ക് കൂടുതല്‍ വിദേശ സ്റ്റാര്‍ട്ടപ്പുകളെ ആകര്‍ഷിക്കാന്‍ കഴിയും. തായ് ലന്‍ഡിലെ ഭക്ഷ്യനിര്‍മ്മാതാക്കളും കെഎസ് യുഎമ്മില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രിയയിലെ ഏകദേശം 40 ശതമാനം സ്റ്റാര്‍ട്ടപ്പുകളും വിദേശികളായ സ്ഥാപകരുടേതാണെന്നും പല കമ്പനികളും വളര്‍ച്ചയ്ക്കായി അന്താരാഷ്ട്ര ബന്ധം ആഗ്രഹിക്കുന്നുവെന്നും അഡ്വാന്റേജ് ഓസ്ട്രിയയിലെ വാണിജ്യ കൗണ്‍സിലറും ട്രേഡ് കമ്മീഷണറുമായ ഹാന്‍സ്ജോര്‍ഗ് ഹോര്‍ട്നഗല്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ഓസ്ട്രിയയുടെ 12 ഇന്നൊവേഷന്‍ ഓഫീസുകളിലൊന്ന് ഇന്ത്യയിലാണെന്നും കമ്പനികള്‍ക്ക് ഓസ്ട്രിയയില്‍ ഓഫീസുകള്‍ സ്ഥാപിക്കാന്‍ എളുപ്പമാണെന്നും ഹോര്‍ട്നഗല്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com