യുണീകോണായി ലിവ്‌സ്‌പെയ്‌സ്; ഈ വര്‍ഷത്തെ ഏഴാമന്‍

യുണീകോണ്‍ പട്ടികയില്‍ ഇടം നേടി ഹോം ഇന്റീരിയര്‍ ഡിസൈന്‍ സേവനങ്ങള്‍ നല്‍കുന്ന ലിവ്‌സ്‌പെയ്‌സ്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുക. എറ്റവും പുതിയ ഫണ്ടിങ്ങില്‍ 180 മില്യണ്‍ സമാഹരിച്ചതോടെ ലിവ്‌സ്‌പെയ്‌സിന്റെ മൂല്യം ഒരു ബില്യണ്‍ ഡോളര്‍ കടന്നു. ഇതുവരെ 450 മില്യണ്‍ ഡോളറാണ് വിവിധ ഘട്ടങ്ങളിലൂടെ കമ്പനി സമാഹരിച്ചത്.

2022ല്‍ രാജ്യത്ത് യുണീകോണ്‍ പട്ടികയില്‍ ഇടം പിടിക്കുന്ന ഏഴാമത്തെ സ്റ്റാര്‍ട്ടപ്പ് ആണ് ലിവ്‌സ്‌പെയ്‌സ്. നിലവില്‍ രാജ്യത്ത് 86 യുണികോണ്‍ കമ്പനികളാണ് ഉള്ളത്. സുഹൃത്തുക്കളായ അനൂജ് ശ്രീവാസ്തവ, രമാകാന്ത് ശര്‍മ എന്നിവര്‍ ചേര്‍ന്ന് 2014ല്‍ ആരംഭിച്ച സ്ഥാപനമാണ് ലിവ്‌സ്‌പെയ്‌സ്. സ്വന്തമായി ഒരു വീട് വെക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളാണ് ലിവ്‌സ്‌പെയ്‌സ് എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് ഇരുവരെയും എത്തിച്ചത്. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലിവ്‌സ്‌പെയ്‌സിന്റെ ഇന്ത്യയിലെ പ്രധാന കേന്ദ്രം ബെംഗളൂരുവാണ്.
എറണാകുളത്തും സേവനങ്ങള്‍ നല്‍കുന്ന ലിവ്‌സ്‌പേസിന് മുപ്പതോളം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. പുതിയ ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, വടക്കേ അമേരിക്ക, ഏഷ്യ- പസഫിക് മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിവ്‌സ്‌പെയ്‌സ്. നിലവില്‍ സിംഗപ്പൂര്‍ കൂടാതെ മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ലിവ്‌സ്‌പെയ്‌സ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it