ഉറക്കംകെടുത്താന്‍ ഇ.ഡിയും നിക്ഷേപകരും; ബൈജുവിനും കുടുംബത്തിനും ഇനി കോടതി ശരണം!

സാമ്പത്തിക ഞെരുക്കത്തിലകപ്പെട്ട് പതറുന്ന പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസില്‍ നിന്ന് സ്ഥാപക സി.ഇ.ഒ ബൈജു രവീന്ദ്രനെ പുറത്താക്കാനുള്ള നിക്ഷേപകരുടെ വോട്ടെടുപ്പ് ഫലത്തിന്റെ ഭാവി നിര്‍ണയിക്കുക ഇനി കര്‍ണാടക ഹൈക്കോടതി.
ഇന്നലെയാണ് (ഫെബ്രുവരി 23) ബൈജൂസില്‍ 60 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള നിക്ഷേപകര്‍ അസാധാരണ പൊതുയോഗം (EGM) വിളിച്ച് വോട്ടെടുപ്പ് നടത്തി ബൈജൂവിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കാനുള്ള പ്രമേയം പാസാക്കിയത്. ബൈജുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (NCLT) സമീപിക്കുകയും ചെയ്തു.
എന്നാല്‍, ഇ.ജി.എം ചേര്‍ന്നതിനും വോട്ടെടുപ്പ് നടത്തിയതിനും നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രമേയത്തിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. മാര്‍ച്ച് 13നാണ് ബൈജുവിന്റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ഇനി വാദം കേള്‍ക്കുക. അതുവരെ ഇ.ജി.എം നടപടിക്രമങ്ങള്‍ക്കും വോട്ടിംഗ് പ്രമേയത്തിനും സാധുതയുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍, ഹൈക്കോടതിയിലെ വാദപ്രതിവാദങ്ങളാകും ഇനി ബൈജൂസില്‍ ബൈജു രവീന്ദ്രന്റെ ഭാവി നിശ്ചയിക്കുക.
ബൈജൂസില്‍ നിന്ന് ബൈജു പുറത്തേക്കോ?
ബൈജൂസിനെ നയിക്കാന്‍ ബൈജു രവീന്ദ്രന്‍ യോഗ്യനല്ലെന്നും ബോര്‍ഡില്‍ നിന്നും സി.ഇ.ഒ സ്ഥാനത്തുനിന്നും നീക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് നിക്ഷേപകര്‍ പാസാക്കിയത്. ബൈജുവിനെ പുറമേ മറ്റ് ഡയറക്ടര്‍മാരായ ബൈജുവിനെ പത്‌നി ദിവ്യ ഗോകുല്‍നാഥ്, ബൈജുവിന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കണമെന്ന് നിക്ഷേപകര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ബൈജൂസില്‍ ഓഹരി പങ്കാളിത്തമുള്ള ഡച്ച് നിക്ഷേപക സ്ഥാപനമായ പ്രൊസ്യൂസ് (Prosus), ജനറല്‍ അറ്റ്‌ലാന്റിക്, പീക്ക് എക്‌സ്.വി പാര്‍ണേഴ്‌സ് തുടങ്ങിയവരാണ് അസാധാരണ പൊതുയോഗം (EGM) വിളിച്ചത്.
ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണില്‍ നിന്ന് ബൈജൂസിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പ്രൊസ്യൂസ് അടക്കമുള്ള നിക്ഷേപകരുടെ വാദം.
ബൈജൂസിന്റെ ഭരണനിര്‍വഹണത്തിലെയും ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലെയും വീഴ്ചകള്‍ എടുത്തുകാട്ടിയാണ് നിക്ഷേപകര്‍ ബൈജുവിനും കുടുംബത്തിനുമെതിരെ തിരിഞ്ഞത്.
നുഴഞ്ഞുകയറി യോഗം തടസ്സപ്പെടുത്താനും നീക്കം
സൂം മീറ്റിംഗിലൂടെ (Online meeting) ചേര്‍ന്ന ഇ.ജി.എം തടസ്സപ്പെടുത്താന്‍ ബൈജൂസിലെ 200ഓളം ജീവനക്കാര്‍ ശ്രമിച്ചിരുന്നു. ബൈജുവോ കുടുംബാംഗങ്ങളോ യോഗത്തില്‍ പങ്കെടുത്തില്ല. കര്‍ശന വെരിഫിക്കേഷനിലൂടെ 40ഓളം പേര്‍ക്കാണ് യോഗത്തില്‍ പങ്കെടുക്കാനും വോട്ട് ചെയ്യാനും അവസരം നല്‍കിയതെന്ന് അറിയുന്നു.
സ്ഥാപകര്‍ തന്നെ പങ്കെടുക്കാത്തതും ക്വോറം തികയാത്തതും കൊണ്ടുതന്നെ നിക്ഷേപകര്‍ വിളിച്ച അസാധാരണ പൊതുയോഗത്തിന് സാധുതയില്ലെന്ന് ബൈജു രവീന്ദ്രന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം നിക്ഷേപകരിലെ 20 ശതമാനത്തോളം പേര്‍ മാത്രമാണ് യോഗത്തിലുണ്ടായിരുന്നതെന്നും ബൈജു പറയുന്നു.
ബൈജുവിനെതിരെ ഇ.ഡിയും
വിദേശനാണയ വിനിമയ ചട്ടം (FEMA) ലംഘിച്ച് 9,362 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ ബൈജു രവീന്ദ്രനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ദുബൈയിലാണ് ബൈജു രവീന്ദ്രനുള്ളത്. വൈകാതെ സിംഗപ്പൂരിലേക്കും തിരിക്കും. ജോലി സംബന്ധമായ ഔദ്യോഗിക യാത്രകളാണിതെന്നാണ് സൂചന.
ബൈജു ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ വീണ്ടും രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നതിന് ഇ.ഡി നടപടിയെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിധി ബൈജുവിനെ ഏറെ നിര്‍ണായകമായിരിക്കും.
Related Articles
Next Story
Videos
Share it