ഇടുക്കിയില്‍ കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുതി പദ്ധതിയൊരുക്കി ഏഴ് സുഹൃത്തുക്കള്‍

ഇടുക്കിയില്‍ ജില്ലയില്‍ മുക്കുടം ഗ്രാമത്തില്‍ മുതിരപ്പുഴയിലേക്ക് ഒഴുകുന്ന പാറത്തോട് എന്ന പര്‍വത അരുവിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മുക്കുടം ഇലക്ട്രോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായ രാകേഷ് റോയിയുടെ 1 ഏക്കര്‍ സ്ഥലമാണ് ആദ്യം പദ്ധതിക്കായി കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തുള്ള 2 ഏക്കര്‍ കൂടി വാങ്ങി മൊത്തം 3 ഏക്കര്‍ സ്ഥലത്തേക്ക് പദ്ധതി വ്യാപിപ്പിച്ചു.

2019ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതി 2023 ഒക്ടോബര്‍ 21ന് പരീക്ഷണ ഉത്പാദനം ആരംഭിച്ച് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് ബന്ധിപ്പിച്ച് വൈദ്യുതി നല്‍കി തുടങ്ങിയതായി രാകേഷ് റോയ് അറിയിച്ചു. കേരളത്തിലെ 12-ാമത്തെയും ഇടുക്കി ജില്ലയിലെ അഞ്ചാമത്തേയും സ്വകാര്യ ജലവൈദ്യുത നിലയമാണ് മുക്കുടം.
ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കന്‍ കുടി മേഖലയില്‍ നിന്ന് ഉത്ഭവിച്ച്, പുല്ലുകണ്ടം പാറത്തോട്, കമ്പിളികണ്ടം, മുക്കുടം പ്രദേശങ്ങളിലൂടെ ഒഴുകി പനംകുട്ടിക്ക് സമീപം മുതിരപ്പുഴയാറില്‍ ചേരുന്ന പാറത്തോട് തോട്ടിലെ ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
പദ്ധതി വിശദാംശങ്ങള്‍
മുക്കുടത്തിന് പടിഞ്ഞാറു ഭാഗത്തുള്ള ചതുരകള്ളി പാറയില്‍ നിര്‍മിച്ച 10 മീറ്റര്‍ ഉയരവും 29.45 മീറ്റര്‍ നീളവും ഉള്ള അണക്കെട്ടില്‍ നിന്നും 323.7 മീറ്റര്‍ (1068 അടി) താഴ്ചയുള്ള പവര്‍ ഹൗസിലേക്ക് 1,310 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ച് 2 മെഗാവാട്ട് ശേഷിയുള്ള 2 ടര്‍ബൈനുകള്‍ ചലിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി 2 കിലോമീറ്റര്‍ അകലെയുള്ള കെ.എസ്.ഇ.ബി.യുടെ നേര്യമംഗലം പവര്‍ ഹൗസിലേക്ക് പുതിയതായി വലിച്ച 11 കെ.വി കണ്ടക്റ്റര്‍ ലൈന്‍ വഴി എത്തിച്ചാണ് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നത്.
തുടര്‍ച്ചയായ മഴ ലഭിക്കുന്ന മാസങ്ങളില്‍ പൂര്‍ണ ശേഷി വിനിയോഗം സാധ്യമാകും. നിലവില്‍ 1.1 മെഗാ വാട്ട് ശേഷിയില്‍ പ്രതിദിനം 26,000 മുതല്‍ 50,000 യൂണിറ്റ് വരെ ഉത്പാദിപ്പിക്കുന്നുണ്ട്. 110 ലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.
പിന്നിൽ യുവ എന്‍ജിനീയര്‍മാർ
2006ല്‍ അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ 7 യുവ എന്‍ജിനീയര്‍മാരാണ് മുക്കുടം പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 2014 ജൂണില്‍ എ.ബി.ബി ഇന്ത്യ എന്ന പ്രമുഖ എന്‍ജിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രാകേഷ് റോയിയാണ് ഇത്തരമൊരു ഒരു പദ്ധതിയുടെ സാധ്യത തിരിച്ചറിഞ്ഞതും സുഹൃത്തുകള്‍ക്ക് ഒപ്പം
ചേര്‍ന്ന്
പുതിയ കമ്പനി സ്ഥാപിച്ചതും.

കമ്പനി ഡയറക്ടര്‍മാര്‍

തൊടുപുഴ സ്വദേശിയായ ഉണ്ണി.എസ് ശങ്കര്‍, കൊല്ലം സ്വദേശി എസ്. ജെനിതീഷ്, ആലപ്പുഴ സ്വദേശിനി എം.രഞ്ജിനി, കോട്ടയം സ്വദേശി സിറിയക്ക് ജോസ്, കൊടുങ്ങല്ലൂരകാരനായ ഇ.എം. ഫാരിസ്, ചാലക്കുടിക്കാരനായ റിജോ ജോസഫ് എന്നിവരാണ് രാകേഷ് റോയിക്കൊപ്പം കമ്പനിയുടെ നേതൃനിരയിലുള്ളത്.


സംരംഭകര്‍ സ്വയം കണ്ടെത്തി നടപ്പാക്കിയ ആദ്യ പദ്ധതി

സാധാരണ കെ.എസ്.ഇ.ബിയോ മറ്റ് ഏജന്‍സികളോ ഒരു പദ്ധതിയുടെ സാധ്യത കണ്ടത്തി നടപ്പാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുകയാണ് ചെയ്യുന്നത്. അത്തരം പദ്ധതികള്‍ ബി.ഒ.ഒ.ടി വ്യവസ്ഥയിലാണ് നടപ്പാക്കുന്നത്. എന്നാല്‍ സംരംഭകര്‍ സ്വയം കണ്ടത്തി നടപ്പാക്കിയ കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് മുക്കുടം ജലവൈദ്യുത പദ്ധതി.

2015 മുതല്‍ ശ്രമം

1 മെഗാവാട്ട് പദ്ധതിയുടെ അനുമതിക്കായി 2015 ഡിസംബറില്‍ അപേക്ഷിച്ചെങ്കിലും ലഭിച്ചത് 2018 മാര്‍ച്ചിലാണ്. 2016 ജൂണ്‍ മുതല്‍ തുടര്‍ച്ചയായി 3 വര്‍ഷം പദ്ധതി പ്രദേശത്തെ ജല ലഭ്യത നിരീക്ഷിച്ചപ്പോള്‍ 4 മെഗാ വാട്ട് സ്ഥാപിക്കാനുള്ള ജലം ലഭിക്കുമെന്ന് മനസിലായി. അങ്ങനെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ അന്തിമ അംഗീകാരം ലഭിച്ചു.

പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (സംസ്ഥാന ഊര്‍ജ വകുപ്പ്) പ്രവര്‍ത്തിക്കുന്നു. 19 കോടി രൂപ സാമ്പത്തിക സഹായം ലഭിച്ചു. ഇതില്‍ 14 കോടി രൂപ കേന്ദ്ര പുനരുപയോഗ ഊര്‍ജ ഏജന്‍സിയായ ഐ.ആര്‍.ഇ.ഡി.എയില്‍ നിന്നും ബാക്കി ഐ.എഫ്.സി.ഐയില്‍ നിന്നുമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it