മിനിറ്റുകള്‍ക്കുള്ളില്‍ രോഗനിര്‍ണയം നടത്താം; കേരളത്തിലെ ആദ്യ ഇ-ഹെല്‍ത്ത് കിയോസ്‌കുമായി മലയാളി സ്റ്റാര്‍ട്ടപ്പ്

ഏറ്റവും കുറഞ്ഞ ചെലവിലും സമയത്തിലും രോഗനിര്‍ണയം നടത്തുന്ന ആദ്യ ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്‌ക് സംവിധാനവുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് എന്ന മലയാളി സ്റ്റാര്‍ട്ടപ്പ്. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഉപകരണത്തിലെ ടച്ച് സ്‌ക്രീനിലൂടെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുമ്പോള്‍ കിയോസ്‌കിലെ സംവിധാനം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഇത് വിശകലനം ചെയ്യും.

രക്തസമ്മര്‍ദം, ഹൃദയാരോഗ്യം (ഇ.സി.ജി. റീഡര്‍), ശരീരഭാരം തുടങ്ങിയവ ഈ സംവിധാനത്തിലൂടെ അറിയാം. വെര്‍സിക്കിള്‍ ടെക്നോളജീസ് സി.ഇ.ഒ മനോജ് ദത്തന്‍, സ്ഥാപകന്‍ കിരണ്‍ കരുണാകരന്‍, കമ്പനിയുടെ ഡയറക്ടര്‍ അനീഷ് സുഹൈല്‍ എന്നിവരാണ് ഈ സംരംഭം നയിക്കുന്നത്.

വെര്‍സിക്കിള്‍ ടെക്നോളജീസ് സ്ഥാപകന്‍ കിരണ്‍ കരുണാകരന്‍, സി.ഇ.ഒ/ഡയറക്ടര്‍ മനോജ് ദത്തന്‍, ഡയറക്ടര്‍ അനീഷ് സുഹൈല്‍

മുന്നറിയിപ്പും വൈദ്യോപദേശവും

വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രമാണിത്. രോഗനിര്‍ണ്ണയം മിനിറ്റുകള്‍ക്കുള്ളില്‍ ലഭിക്കുന്നതിന് പുറമെ പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ രോഗിക്ക് മുന്നറിയിപ്പും നല്‍കും. ടെലി-ഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഡോക്ടറെ നേരിട്ട് കാണാതെ തന്നെ മരുന്നും വൈദ്യോപദേശവും പ്രോഗ്നോസിസിലുടെ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഏറെ ഉപയോഗപ്രദം

പ്രോഗ്നോസിസ് ഇ-ഹെല്‍ത്ത് കിയോസ്‌ക് ബുധനാഴ്ച തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഫേസ് ഒന്നില്‍ സ്ഥാപിക്കും. വൈകാതെ റെയില്‍വേ സ്റ്റേഷനുകള്‍ പോലുള്ള ഇടങ്ങളിലും ഈ കിയോസ്‌ക് സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനിയിയുടെ ഡയറക്ടര്‍മാരിലൊരാളായ അനീഷ് സുഹൈല്‍ പറഞ്ഞു. നിലവില്‍ യു.എസിലും മറ്റും ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രോഗ്നോസിസ് എന്ന ഇ-ഹെല്‍ത്ത് കിയോസ്‌ക് ആശുപത്രികള്‍, ഓഫീസുകള്‍, മാളുകള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ ഏറെ ഉപയോഗപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it