കേരള ഇന്നവേഷന്‍ ഗ്രാന്റ്, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 30 ലക്ഷം രൂപ വരെ നേടാം

കേരള ഇന്നൊഷേവന്‍ ഡ്രൈവ് 2023 ന്റെ ഭാഗമായുള്ള സാമ്പത്തിക സഹായത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) അപേക്ഷ ക്ഷണിച്ചു. ഇന്നൊവേറ്റര്‍മാര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വേണ്ടിയുള്ള ധനസഹായ ഗ്രാന്റുകള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.

നൂതന സംരംഭകത്വ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനും അവ വാണിജ്യവത്കരിക്കുന്നതിനുമായാണ് ഗ്രാന്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ആവശ്യമായി വരുന്ന ഘട്ടത്തില്‍ വര്‍ഷത്തില്‍ ഏത് സമയത്ത് വേണമെങ്കിലും അപേക്ഷിക്കാം. മെയ് ഒന്നു മുതല്‍
https://grants.startupmission.in/
എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
വിവിധ പദ്ധതികള്‍ക്ക് ധനസഹായം
സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ മുതല്‍ ഗവേഷണ വികസന പദ്ധതികള്‍ക്ക് വരെയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അപേക്ഷകളില്‍ നിന്ന് യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ താത്കാലിക പട്ടിക പരിശോധനാ സമിതി തയ്യാറാക്കും. പിന്നീട് കെ.എസ്.യുഎം സംഘടിപ്പിക്കുന്ന ഐഡിയാ ഡേയില്‍ വിദഗ്ധ സമിതിയ്ക്ക് മുമ്പാകെ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാം. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്.
ഐഡിയ ഗ്രാന്റ്, പ്രൊഡക്‌റ്റൈസേഷന്‍ ഗ്രാന്റ്്, മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്റ്. സ്‌കെയില്‍-അപ്പ് ഗ്രാന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്നൊവേഷന്‍ ഗ്രാന്റുകള്‍ നടപ്പിലാക്കുന്നത്. കൂടാതെ, സ്റ്റാര്‍ട്ടപ്പ് റിസര്‍ച്ച് ഗ്രാന്റിനും ഇപ്പോള്‍ അപേക്ഷിക്കാം.
ഐഡിയ ഗ്രാന്റ്
തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൂതനാശയങ്ങള്‍ കൈമുതലായുള്ള വ്യക്തികള്‍ക്കുമാണ് ഐഡിയാ ഗ്രാന്റിന് അപേക്ഷിക്കാനാകുക. പരമാവധി മൂന്ന് ലക്ഷം രൂപവരെയാണ് ഈ വിഭാഗത്തില്‍ ധനസഹായം ലഭിക്കുന്നത്. ഈ ഗ്രാന്റ് ലഭിക്കാന്‍ സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ ഫണ്ട് അനുവദിക്കും മുന്‍പ് സ്റ്റാര്‍ട്ടപ്പ് രജിസ്‌ട്രേഷനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്ന യുണീക് ഐ.ഡിയും നേടിയിരിക്കണം.
പ്രൊഡക്ടൈസേഷന്‍ ഗ്രാന്റ്
ഉത്പന്ന വികസനത്തിനായുള്ളതാണ് പ്രൊഡക്ടൈസേഷന്‍ ഗ്രാന്റ്. പരമാവധി 7 ലക്ഷം രൂപവരെ ഇതു പ്രകാരം ധനസഹായം ലഭിക്കും. സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും ഇതില്‍ പ്രത്യേക പരിഗണനയുണ്ട്. 12 ലക്ഷം രൂപ വരെ ഇവര്‍ക്ക് ഗ്രാന്റ് ലഭിക്കും. ഭൂരിഭാഗം ഓഹരിയും വനിതകളുടെ അല്ലെങ്കില്‍ ഭിന്നലിംഗക്കാരുടെ പേരിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്റ്
വിപണി സാന്നിദ്ധ്യം കൂട്ടാനായി(മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്റ്) 10 ലക്ഷം രൂപ വരെയാണ് യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുവദിക്കുന്നത്. വിപണിയില്‍ സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഗ്രാന്റ്.
സ്‌കെയിലപ് ഗ്രാന്റ്
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനുള്ളതാണ് സ്‌കെയിലപ് ഗ്രാന്റ്. പരമാവധി 15 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതു വഴി ലഭിക്കും. ആറ് മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വരുമാനമുണ്ടാക്കുകയോ 30 ലക്ഷത്തില്‍ കുറയാത്ത നിക്ഷേപം നേടുകയോ ചെയ്ത സ്റ്റാര്‍ട്ടപ്പുകളെയാണ് ഈ ധനസഹായത്തിനായി പരിഗണിക്കുന്നത്.
സ്റ്റാര്‍ട്ടപ്പ് റിസര്‍ച്ച് ഗ്രാന്റ്
സ്റ്റാര്‍ട്ടപ്പ് റിസര്‍ച്ച് ഗ്രാന്റിലാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്നത്. പരമാവധി 30 ലക്ഷം രൂപവരെ ഈ വിഭാഗത്തില്‍ ലഭിക്കും. അത്യാധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതും നൂതനസംവിധാനവുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഗവേഷണ-വികസന(സ്റ്റാര്‍ട്ടപ്പ് റിസര്‍ച്ച് ഗ്രാന്റ് ) ധനസഹായം ലഭിക്കുന്നത്. ആരോഗ്യം, മെഡ്‌ടെക്, ഹാര്‍ഡ്‌വെയര്‍, സ്‌പേസ് ടെക്, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഉത്പന്നങ്ങളുടെ പേറ്റന്റ് കമ്പനികള്‍ക്ക് ഉണ്ടായിരിക്കണം.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യവസായം തുടങ്ങാനും മുന്നോട്ടുള്ള നിക്ഷേപം ഉറപ്പാക്കാനുമാണ് കെ.എസ്.യു.എം ഇന്നോവേഷന്‍ ഗ്രാന്റ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 179 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 10 കോടി രൂപയുടെ ധനസഹായത്തിനാണ് കെ.എസ്.യു.എം അനുമതി നല്‍കിയത്. ഇതുവരെ 38 കോടി രൂപയുടെ ഗ്രാന്റിന് കെ.എസ്.യു.എം അനുമതി നല്‍കിയിട്ടുണ്ട്.
Related Articles
Next Story
Videos
Share it