പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് വായ്പ 20 ലക്ഷം വരെ; രണ്ട് ലക്ഷം സബ്‌സിഡി

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വായ്പ പദ്ധതിയിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം, പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്നു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. പരമാവധി 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി.

സോഫ്റ്റ്‌വെയര്‍ മുതല്‍ കൃഷി വരെ

അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്, ബി.എച്ച്.എം.എസ്., ബി.ആര്‍ക്ക്., വെറ്റിനറി സയന്‍സ്, ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ., എല്‍.എല്‍.ബി., എം.ബി.എ, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മുതായവ) വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. പ്രായം 40 വയസ്സ് കഴിയാന്‍ പാടില്ല.മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിങ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിങ് വര്‍ക്ക് ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും.

പരമാവധി സബ്‌സിഡി രണ്ട് ലക്ഷം

പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെയാണ് വായ്പ അനുവദിക്കുക. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.വായ്പ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. മുടക്കം കൂടാതെ വായ്‌പാ തിരിച്ചടവ് നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ 7306022541,0494 2432275(തിരൂര്‍), 0471 2577539 (തിരുവനന്തപുരം) എന്നീ നമ്പറുകളില്‍ ലഭിക്കും.

Related Articles

Next Story

Videos

Share it