Begin typing your search above and press return to search.
പിരിച്ചുവിടലുകള്‍ക്കിടെ ഉദ്യോഗാര്‍ത്ഥികളെ തേടി പുതു സ്റ്റാര്‍ട്ടപ്പുകള്‍
സ്റ്റാര്‍ട്ടപ്പുകളിലെ പിരിച്ചുവിടലിന്റെ വാര്‍ത്തകള്‍ക്കിടയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കൊരു സന്തോഷ വാര്‍ത്ത. രാജ്യത്തെ പുതു സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) എച്ച്.ആര്‍ സര്‍വീസസ് സ്ഥാപനമായ റാന്‍ഡ്സ്റ്റാഡ് ഇന്ത്യയും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. 20ല്‍ താഴെ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന പുതിയ സ്റ്റാര്‍ട്ടപ്പുകളില്‍ 80 ശതമാനവും ജീവനക്കാരുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു.
കരുത്തായി മികച്ച നിക്ഷേപം
സീരീസ് എ, സീരീസ് ബി ഫണ്ടിംഗുകളില്‍ മികച്ച ഫണ്ട് നേടിയ ഇത്തരത്തിലുള്ള പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യത്തിന് പണമുണ്ട് എന്നതു കൊണ്ടാണ് അവ പുതിയ പ്രതിഭകളെ തേടുന്നത്. 300ലേറെ സ്റ്റാര്‍ട്ടപ്പുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. പുതിയ പ്രോജക്റ്റ് ഓര്‍ഡറുകളും പുതിയ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപം ഉണ്ടാകുകയും ചെയ്യുന്നതോടെ നിയമനം സജീവമാകുമെന്നാണ് വെളിപ്പെടുത്തല്‍.
ജൂനിയര്‍, മിഡ് ലെവല്‍ ജോലികള്‍ക്കായണ് പല സ്ഥാപനങ്ങളും ആളുകളെ തേടുന്നത്. സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം കമ്പനികളും ജൂനിയര്‍ തലത്തിലുള്ള ജീവനക്കാരെയാണ് തേടുന്നത്. അതേസമയം അഗ്രി/അഗ്രിടെക്, ഓട്ടോമോട്ടീവ് മേഖലകളിലെ കമ്പനികള്‍ സീനിയര്‍ തലത്തിലും ഉദ്യോഗാര്‍ത്ഥികളെ തേടുന്നുണ്ട്.
വേണം പുതിയ പ്രതിഭകളെ
എയ്റോസ്പേസ്, ഡിഫന്‍സ്, എനര്‍ജി, ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പുകളാണ് കൂടുതലായി പുതിയ ജീവനക്കാരെ നേടുന്നത്. 30 ശതമാനം പുതിയ ആളുകളെ നിയമിക്കാന്‍ അവര്‍ താത്പര്യപ്പെടുന്നു. അഗ്രി/അഗ്രിടെക്, എ.ഐ/എം.എല്‍/ ഡീപ്ടെക്, ഓട്ടോമോട്ടീവ്, ഇ-കൊമേഴ്സ്/ഡെലിവറി സര്‍വീസസ് തുടങ്ങിയവ 11-20 ശതമാനവുമായി തൊട്ടുപിന്നാലെയുണ്ട്.
സ്റ്റാര്‍ട്ടപ്പുകളില്‍ 57.76 ശതമാനവും സ്ഥിരം ജോലിക്കായി ആളുകളെ തേടുമ്പോള്‍ 42 ശതമാനം താത്കാലിക/ഗിഗ് വര്‍ക്കേഴ്സിനെ തേടുന്നു.
2022 രണ്ടാം പകുതിയില്‍ ഫണ്ടിംഗ് കുറഞ്ഞതോടെയാണ് സ്റ്റാര്‍ട്ടപ്പുകളില്‍ പലതും പ്രതിസന്ധിയിലായത്. 80 ശതമാനത്തോളം ഫണ്ടിംഗും കുറഞ്ഞതോടെ പല സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരെ കൈയൊഴിയാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബൈജൂസ്, ഉഡാന്‍, ഓയോ, മീഷോ, സ്വിഗ്ഗി, ഡണ്‍സോ തുടങ്ങി വിവിധ പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍ പിരിച്ചുവിടലുകള്‍ നടത്തി.
Next Story
Videos