അതിരുകളില്ലാ ലോകം; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആശയങ്ങള്‍ക്കും അവസരങ്ങള്‍ക്കും അതിരുകളില്ല!

ലഹരിവിരുദ്ധ പോരാട്ടത്തില്‍ നിര്‍മിത ബുദ്ധിക്കെന്ത് ചെയ്യാനാവും? കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അടുത്തിടെ നടത്തിയ ഹാക്കത്തണില്‍ ലഹരിവിരുദ്ധ പോരാട്ടത്തില്‍ നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിംഗും ഉള്‍പ്പെടുത്തിയുള്ള വിപ്ലവകരമായ നിര്‍ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. പുതുലോകത്തെ എന്ത് പ്രശ്‌നത്തിനും പരിഹാരമുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ കൂടുതല്‍ അവസരങ്ങളും തുറന്നുവരികയാണ്.

ലഹരിക്കെതിരെ പോരാടും നിര്‍വാണ!
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും ബ്ലോക്ക് ചെയ്‌നുമൊക്കെ വാഴും കാലത്ത് ലഹരിക്കെതിരായ പോരാട്ടത്തിന് ഇവയൊക്കെ കൂട്ടുപിടിച്ചാലോ? അമല്‍ജ്യോതി കോളെജിലെ മിടുക്കര്‍ ഈ ആശയം കിടിലനായി നടപ്പാക്കി. ലഹരിവിരുദ്ധ പോരാട്ടത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും ഉള്‍പ്പെടുത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുള്ള ദേശീയ ഹാക്കത്തണിലാണ് അമല്‍ജ്യോതി കോളെജിലെ അണ്‍സെര്‍ട്ടണിറ്റി ടീം നിര്‍വാണ എന്ന പേരിലുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്.
ലഹരിക്കെതിരെ പോരാടാന്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് ഉയര്‍ന്നുവന്ന പരിഹാരനിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്ന് ശേഖരിച്ചിരുന്നു. ഇവ ഹാക്കത്തണില്‍ സംബന്ധിച്ച ടീമുകള്‍ക്ക് മുന്നില്‍ വെയ്ക്കുകയായിരുന്നു.
കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല (സി.യു.കെ), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ജില്ലാ പഞ്ചായത്ത്, എക്‌സൈസ് വകുപ്പ് എന്നിവ സംയുക്തമായാണ് ദേശീയ ലഹരിവിരുദ്ധ ഹാക്കത്തണ്‍ സംഘടിപ്പിച്ചത്. ഇരയുടെ സ്വകാര്യതയും ലഹരിവിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങളും ഒരുതരത്തിലും ചോരാത്ത വിധമാണ് നിര്‍വാണ തയാറാക്കിയിരിക്കുന്നത്. മെഷീന്‍ ലേണിംഗും ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയും ഉപയോഗിച്ച് വ്യക്തിവിവരങ്ങളുടെ ചോര്‍ച്ചയും ദുരുപയോഗവും തടയുന്നു. മാത്രമല്ല പുറത്തുനിന്ന് ഒരുതരത്തിലും ഇത് ഹാക്ക് ചെയ്യാനും സാധിക്കില്ല. അമല്‍ജ്യോതി കോളെജിലെ നെബിന്‍ മാത്യു ജോണ്‍, സാം സ്റ്റീഫന്‍ തോമസ്, വിവേക് മനോജ് കുമാര്‍, സമീല്‍ ഹസന്‍ എന്നിവരാണ് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച സംഘത്തിലുള്ളത്. അഞ്ചു ടീമുകളും മുന്നോട്ട് വെച്ച ആശയങ്ങളെ കോര്‍ത്തിണക്കി മികച്ച സാങ്കേതിക പരിഹാരം ഉണ്ടാക്കിയെടുക്കുന്നതിന് ജില്ലാ പഞ്ചായത്ത് സാമ്പത്തിക സഹായവും കേരള സ്റ്റാര്‍ട്ടപ് മിഷന്‍, സി.യു.കെ എന്നിവ സാങ്കേതിക സഹായവും നല്‍കും.
ലഹരി വിതരണവും ഉപയോഗവും നടക്കുന്നത് മെഷീന്‍ ലേണിംഗ് സംവിധാനം ഉപയാഗിച്ചുതിരിച്ചറിയുകയും റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന സാങ്കേതികത വികസിപ്പിച്ച ജ്യോതി എഞ്ചിനീയറിംഗ് കോളെജിലെ തിങ്ക് സോബെര്‍, ആളുകളുടെ വ്യക്തി വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ ആധികാരികത സാങ്കേതികത ഉപയോഗിച്ച് വിലയിരുത്തുന്ന പരിഹാരവുമായി കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലെ ആക്‌സസ് ഡിനൈഡ് (മുക്തി), ഏതൊരു സാധാരണക്കാരും വളരെ എളുപ്പത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികാരികള്‍ക്ക് അതിവേഗത്തില്‍ നടപടി എടുക്കാനും സഹായിക്കുകയും അതേസമയം ലഹരിക്കെതിരെ ഫലപ്രദമായ പ്രചാരണവും നടത്താന്‍ സഹായിക്കുന്ന ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജിലെ ട്രിനോമിയല്‍സ്, ബ്ലോക്ക് ചെയിന്‍ സാങ്കേതികത ഉപയോഗിച്ച് വ്യക്തി വിവരങ്ങള്‍ ശേഖരിക്കാതെ റിപ്പോര്‍ട്ട് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാനും സഹായിക്കുന്ന തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളെജിലെ ബഗ്‌സ് ബൗണ്‍ടി എന്നിവയുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ മറ്റ് ടീമുകള്‍.കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു വിജയികളെ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സി.യു.കെ ഡയറക്റ്റര്‍ പ്രൊഫ. അളഗു മാണിക്കവേലു, പ്രൊഫ. വി.ബി സമീര്‍ കുമാര്‍, പ്രൊഫ. ജോസഫ് കോയിപ്പള്ളി, കെ.എസ്.യു.എം ടെക്‌നിക്കല്‍ ഓഫീസര്‍ വരുണ്‍ ജി തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌പെയ്‌സ് ടെക്‌നോളജി: സഹകരണ സാധ്യത തേടി ഓസ്‌ട്രേലിയന്‍ സംഘം
സ്‌പെയ്‌സ് ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗങ്ങളിലെ ഗവേഷണ-സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് എത്തിയ യുനിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള സംഘം സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ
അനൂപ് പി അംബിക, ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), കെ സ്‌പെയ്‌സ് സി.ഇ.ഒ ജി. ലെവിന്‍ തുടങ്ങിയവരും വി.എസ്.എസ്.സി/ബ്രഹ്‌മോസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഐ.ടി പാര്‍ക്കുകളുടെ വിജയ ചരിത്രവും വ്യവസായ സാധ്യതകളും ടെക്നോപാര്‍ക്ക് സി.ഇ.ഒയും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന്റെ കുതിപ്പും അന്താരാഷ്ട്ര അംഗീകാരങ്ങളും കെ.എസ്.യു.എം ഇന്നൊവേഷന്‍ ആന്‍ഡ് ബിസിനസ് ഡെവലപ്പ്മെന്റ് ഹെഡ് അശോക് പഞ്ഞിക്കാരനും സംഘത്തിന് വിവരിച്ചു. ജി ടെക്, ചേംബര്‍ ഓഫ് എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രീസ് (സി.ഐ.എ) എന്നിവയുടെ പ്രതിനിധികള്‍ ഐ.ടി, എയ്റോ സ്‌പെയ്‌സ് വ്യവസായങ്ങളിലെ സഹകരണം സാധ്യമാകുന്ന മേഖലകളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി.
വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി സെക്രട്ടറി ഡോ. രത്തന്‍ കേല്‍ക്കര്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുമായും സംഘം ചര്‍ച്ചകള്‍ നടത്തി. സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. ഒപ്പം ഓസ്ട്രേലിയന്‍ സംരംഭകരില്‍ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപം സ്വാഗതം ചെയ്തു.
ഇസ്രയേലുമായി കൈകോര്‍ക്കാന്‍ ഈ കേരള സ്റ്റാര്‍ട്ടപ്പുകള്‍
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ സോണുമായി സഹകരിച്ചുകൊണ്ട് ഇസ്രയേലിലെ പ്രമുഖ ടെക്‌നോളജി ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ ഗലിലില്‍ ആറു ദിവസത്തെ ഇമ്മേര്‍ഷന്‍ പരിപാടിസംഘടിപ്പിച്ചു. ഫൂ ഫുഡ്സ്,ഗ്രോ യുവര്‍ ഓണ്‍ ഫുഡ്,ഓര്‍ഗായുര്‍ പ്രൊഡക്ഷന്‍സ്, ഡീപ് ഫ്‌ളോ ടെക്‌നോളജീസ്, ഗുഡ് ആന്‍ഡ് ഹാപ്പി ബോട്ടണിക്‌സ്, അബ്രിന്‍ ആല്‍ഡ്രിച് അഗ്രോണിക്‌സ്, ടെക് ടേണ്‍, ബ്ലാക് ഫ്ളൈ ടെക്‌നോളജീസ്എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം ലഭിച്ചത്. ഇസ്രയേല്‍ ഇന്നൊവേഷന്‍ അതോറിറ്റിയുടെ പ്രതിനിധികളും മറ്റ് സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളുമായി ഇന്നൊവേഷന്‍, ബിസിനസ് ഡവലപ്‌മെന്റ്, ടെക്‌നോളജിക്കല്‍ അഡ്വാന്‍സ്‌മെന്റ്‌സ്, റിസേര്‍ച്ച് കൊളാബറേഷന്‍ എന്നിവയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് മാച്ച് മേക്കിംഗും നടന്നു.

(This story was published in the 31st May 2023 issue of Dhanam Magazine)

Related Articles
Next Story
Videos
Share it