സ്വന്തമായി ഒരു മൈക്രോ വീഡിയോ ആപ്പ് വികസിപ്പിച്ച് കൊച്ചിക്കാരായ അച്ഛനും മകളും; 'നൂ-ഗാ' വേറെ ലെവലാണ് !

തെറ്റില്ലാത്ത ഭാഷയില്‍ മനസ്സിലുള്ള ആശയങ്ങളും പ്രതികരണങ്ങളും രണ്ട് മിനിറ്റില്‍ കവിയാതെ പകര്‍ത്തി പോസ്റ്റ്‌ചെയ്യാനൊരു പ്ലാറ്റ്‌ഫോം, അതാണ് 'നൂ-ഗാ'. ഇത്തരം മൈക്രോ വീഡിയോകള്‍ മറ്റുള്ളവരുമായി സൗജന്യമായി പങ്കുവെക്കുന്നതിനായി ആപ്പ് സ്റ്റോറില്‍ ലഭ്യമായ ഈ പ്ലാറ്റ്‌ഫോമിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാളികളായ നക്ഷത്രയും അച്ഛന്‍ സഞ്ജയ് വേലായുധനുമാണ്.

20 കാരിയായ നക്ഷത്ര നിഫ്റ്റ് വിദ്യാര്‍ത്ഥിയാണ്. അച്ഛന്‍ സഞ്ജയ് രണ്ട് പതിറ്റാണ്ട് കാലമായി വിവിധ ആഗോള ബ്രാൻഡുകൾക്കൊപ്പം മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് ആയി പ്രവര്‍ത്തിച്ച വ്യക്തിയുമാണ്. ഇരുവര്‍ക്കുമിടയില്‍ വീഡിയോ ആപ്പുകളെക്കുറിച്ചും അവ പ്രചരിപ്പിക്കുന്ന നല്ലതും മോശവുമായ ആശയങ്ങളെക്കുറിച്ചും ഉണ്ടായ ഒരു ചര്‍ച്ചയാണ് നൂ-ഗാ എന്ന ആശയത്തിന് പിന്നിൽ.
കഴിഞ്ഞ ഒന്നരക്കൊല്ലത്തെ പരിശ്രമത്തിലൂടെ വികസിപ്പിച്ച ആപ്പ് ഇപ്പോള്‍ നിരവധി ഉപയോക്താക്കളുമായി മികച്ച പ്രതികരണമാണ് നേടുന്നത്. സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളുടെ നിലവാരവും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് 'നൂ-ഗാ' അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
''പുതുതലമുറയ്ക്ക് നവീനമായ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരിടം. ഇന്നത്തെ ട്രെന്‍ഡുകള്‍ക്കും ഫേക്ക് ന്യൂസുകള്‍ക്കും പിന്നാലെ പോകാതെ യഥാര്‍ത്ഥ മുഖങ്ങളോടും പ്രൊഫൈലുകളോടും നല്ല രീതിയില്‍ ആശയ വിനിമയം നടത്താന്‍ കഴിയുന്ന ഇടം.''ഇതാണ് ആപ്പ് കൊണ്ടുദ്ദേശിക്കുന്നതെന്ന് നക്ഷത്ര പറയുന്നു.
പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ലക്ഷ്യം നൂ-ഗായെ ഏഷ്യ പസിഫിക്ക്, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മേഖലകളിലേക്കും കൂടി വികസിപ്പിക്കുക എന്നതാണ്.' നൂ-ഗായുടെ സ്ഥാപകരിലൊരാളായ സഞ്ജയ് വേലായുധന്‍ പറഞ്ഞു.
'' മറ്റുള്ളവര്‍ പങ്ക് വെയ്ക്കുന്ന വീഡിയോകള്‍ക്ക് വീഡിയോ രൂപത്തില്‍ തന്നെ കമന്റുകള്‍ രേഖപ്പെടുത്താമെന്നതും നൂ-ഗായുടെ വ്യത്യസ്ഥതയാണ്. വ്യാജ ഐഡികളും മോശം രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളും തടയാനുള്ള സംവിധാനങ്ങളും ഉള്ളതിനാല്‍ പ്രായഭേദമന്യേ ഉപയോഗിക്കാമെന്ന ഉറപ്പു ഞങ്ങള്‍ നല്‍കുന്നു.'' സഞ്ജയ് വേലായുധന്‍ വ്യക്തമാക്കി.
ഗൂഗിള്‍ പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറില്‍ നിന്നോ 'noo-gah' ആപ്പ് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യക്തി വിവരങ്ങള്‍ നല്‍കിയ ശേഷം, ഇഷ്ടമുള്ള ഭാഷയും വിഷയങ്ങളും തിരഞ്ഞെടുത്താല്‍ ആപ്പ് ഉപയോഗിച്ച് തുടങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.noo-gah.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it