2023ല്‍ രാജ്യത്ത് 35,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്
നിരവധി പ്രതിസന്ധികള്‍ നേരിട്ടതിനെ തുടര്‍ന്ന് 2023ല്‍ രാജ്യത്ത് 35,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വെഞ്ച്വര്‍ ആന്‍ഡ് ഓള്‍ട്ടര്‍നേറ്റ് ക്യാപിറ്റല്‍ അസോസിയേഷനുമായി സഹകരിച്ച് ബെയിന്‍ ആന്‍ഡ് കമ്പനി പുറത്തിറക്കിയ 2024ലെ വാര്‍ഷിക ഇന്ത്യ വെഞ്ച്വര്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ടിലാണ് ഇത്രയധികം സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടിയതായി പറയുന്നത്.
സ്ഥിരമായ പണപ്പെരുപ്പം പോലെയുള്ള പ്രശ്‌നങ്ങള്‍ മൂലം പലിശനിരക്ക് വര്‍ധിച്ചതും സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് കുറഞ്ഞതുമെല്ലാമാണ് ഇത്തരം അടച്ചുപൂട്ടലുകളിലേക്ക് നയിച്ചത്. ഡീലുകളുടെ എണ്ണം 1,611ല്‍ നിന്ന് 880 ഡീലുകളായി കുറഞ്ഞു. മൂല്യം 1.6 കോടി ഡോളറില്‍ നിന്ന് 1.1 കോടി ഡോളറിലേക്കും ഇടിഞ്ഞു.
പിരിച്ചുവിടലില്‍ മുന്നില്‍ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍
സ്റ്റാര്‍ട്ടപ്പ് പിരിച്ചുവിടലിന്റെ കാര്യത്തില്‍ ഏറ്റവും വലിയ വിഹിതം എഡ്ടെക്ക് കമ്പനികള്‍ക്കാണ്. എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ 20,000ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം സാമ്പത്തികമായി ലാഭകരമായതും വളര്‍ച്ചയിലേക്ക് വ്യക്തമായ പാതയുള്ളതുമായ ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോഴും വിപണിയിലുണ്ട്. ഇത്തരം സ്റ്റാര്‍ട്ടപ്പുകളില്‍ ഇപ്പോൾ പല നിക്ഷേപകരും താല്‍പ്പര്യം കാണിക്കുന്നതിനാല്‍ 2024ല്‍ അടച്ചുപൂട്ടലുകള്‍ ഗണ്യമായി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.