ഒടുവില്‍, സ്വന്തം കമ്പനിയില്‍ നിന്ന് പുറത്തായി വിജയ് ശേഖര്‍ ശര്‍മ്മ; ഇനി ബോര്‍ഡിലും ഇടമില്ല

ചട്ടലംഘനം തുടര്‍ക്കഥയായതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ കടുത്ത ശിക്ഷാനടപടി നേരിടുന്ന പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ നോണ്‍-എക്‌സിക്യുട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ രാജിവച്ച് കമ്പനിയുടെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ.

മാര്‍ച്ച് 15 മുതല്‍ പേയ്ടിഎം ബാങ്കിന്റെ സേവിംഗ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വാലറ്റ്, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍.ബി.ഐ വിലക്കിയത്.

രാജിയും പുതിയ ബോര്‍ഡും

വിജയ് ശേഖര്‍ ശര്‍മയുടെ രാജിക്കൊപ്പം തന്നെ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധര്‍, വിരമിച്ച ഐ.എ.എസ് ഓഫീസര്‍ ദേബേന്ദ്രനാഥ് സാംരഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗിന്‍, മറ്റൊരു മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥ രജ്‌നി സേക്രി സിബല്‍ എന്നിവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

പുതിയ ചെയര്‍മാനെ നിയമിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് അറിയിച്ചു.

പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ വിജയ് ശേഖര്‍ ശര്‍മയ്ക്ക് 51 ശതമാനവും വണ്‍ 97 കമ്മ്യൂണിക്കേഷന് 49 ശതമാനവും ഓഹരിയാണുള്ളത്. കമ്പനിയുടെ ഭാവി നടത്തിപ്പ് സുഗമമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് രാജിയും സ്വതന്ത്ര ഡയറക്ടര്‍മാരുടെ നിയമനമെന്നും വിജയ് ശേഖര്‍ രാജിക്കത്തില്‍ വ്യക്തമാക്കി. കമ്പനിയുടെ ഭാവി ബിസിനസിനെ നയിക്കുക പുതിയ ബോര്‍ഡായിരിക്കും.

ഓഹരിയിൽ ഉയർച്ച

റിസര്‍വ് ബാങ്കിന്റെ നടപടിക്ക് പിന്നാലെ പേയ്ടിഎം ഓഹരികള്‍ വലിയ മൂല്യത്തകര്‍ച്ച നേരിട്ടിരുന്നു. പേയ്ടിഎമ്മുമായി സഹകരിക്കാന്‍ തയ്യാറായി മറ്റ് ബാങ്കുകള്‍ വരുന്നുവെന്ന വാര്‍ത്തകളും ഫെബ്രുവരി 29ന് അവസാനിക്കുമായിരുന്ന കാലാവധി മാര്‍ച്ച് 15 വരെ നീട്ടി നല്‍കിയതും പിന്നീട് ഓഹരിയെ തിരിച്ചു കയറ്റിയിരുന്നു. എന്നാല്‍ വിജയ് ശേഖര്‍ ശര്‍മ സി.ഇ.ഒ സ്ഥാനമൊഴിയുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ന് ഓഹരി വീണ്ടും ഇടിവിലായി. ഇന്ന് രാവിലത്തെ സെഷനില്‍ 1.50 ശതമാനം ഇടിഞ്ഞ് 421.70 രൂപയിലെത്തിയ ഓഹരി നിലവില്‍ വ്യാപാരം നടത്തുന്നത് ഒരു ശതമാനത്തലിധികം ഉയര്‍ന്നാണ്.

ആഗോള ബ്രോക്കിംഗ് സ്ഥാപനമായ മാക്വയര്‍ പേയിടിഎം ഓഹരികള്‍ക്ക് അണ്ടര്‍പേര്‍ഫോം സ്റ്റാറ്റസ് നല്‍കിയിരിക്കുകയാണ്. ഓഹരി വില ലക്ഷ്യം 275 രൂപയായി കുറച്ചു. നിലവില്‍ വ്യാപാരം ചെയ്യുന്ന വിലയേക്കാള്‍ 36 ശതമാനം കുറവാണിത്.

അതേസമയം പേയ്ടിഎമ്മിന്റെ യു.പി.ഐ ഇടപാടുകളുടെ പ്രോസസിംഗിനായി സഹകരിക്കാന്‍ തയ്യാറായി ആക്‌സിസ് ബാങ്കിനു പിന്നാലെ എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, യെസ് ബാങ്ക് എന്നിവരും മുന്നോട്ടു വന്നതായി അറിയുന്നു. ഉപഭോക്താക്കള്‍ക്ക് ഒരു അസൗകര്യവും ഉണ്ടാക്കാതെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം പേയ്ടിഎം ബാങ്ക് ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it