സൈലത്തിന്റെ ഓഹരി സ്വന്തമാക്കിയ ഫിസിക്‌സ്‌വാല ഐ.പി.ഒയ്ക്ക്, ലിസ്റ്റിംഗ് അടുത്ത വര്‍ഷമുണ്ടായേക്കാം

അടുത്തിടെ കമ്പനി 21 കോടി ഡോളര്‍ സമാഹരിച്ചിരുന്നു
Physics Wallah and Xylem
Image : Physics Wallah and Xylem
Published on

നോയിഡ ആസ്ഥാനമായ എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫിസിക്‌സ് വാല (Physics Wallah) പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) യ്‌ക്കൊരുങ്ങുന്നു. 2025ല്‍ ലിസ്റ്റിംഗ് നടത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനി ഇതിനായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെ കണ്ടെത്താനുള്ള പിച്ചിംഗ് അടുത്ത ആഴ്ച വിളിച്ചിട്ടുണ്ടെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. 10ഓളം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളാണ് ഐ.പി.ഒ പിച്ചിംഗിന് അപേക്ഷ (RFS/request for proposals) നല്‍കിയത്.

അടുത്തിടെ കമ്പനി 280 കോടി ഡോളര്‍ (ഏകദേശം 23,400 കോടി രൂപ) മൂല്യം കണക്കാക്കി മൂലധന സമാഹരണം നടത്തിയിരുന്നു. ഇതിനേക്കാള്‍ ഉയരത്തിലായിരിക്കും ഐ.പി.ഒയ്ക്ക് കമ്പനിയുടെ വാല്വേഷന്‍ കണക്കാക്കുക എന്നാണ് അറിയുന്നത്. എന്നാൽ ഫിസിക്‌സ്‌വാല ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

സൈലത്തില്‍ 50 ഓഹരികള്‍

കേരളം ആസ്ഥാനമായ പ്രമുഖ എഡ്യുടെക് പ്ലാറ്റ്‌ഫോമായ സൈലം ലേണിംഗിന്റെ മാതൃകമ്പനിയാണ് ഫിസിക്‌സ്‌വാല. ഇക്കഴിഞ്ഞ ജൂണിലാണ് സൈലത്തിന്റെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി കമ്പനി  പ്രഖ്യാപിച്ചത്. 500 കോടി രൂപ നിക്ഷേപത്തില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു കമ്പനി അറിയിച്ചത്. ദക്ഷിണേന്ത്യയിലേക്കും സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഫിസിക്‌സ്‌വാല സൈലത്തെ ഏറ്റെടുക്കുന്നത്. ഏറ്റെടുക്കലിനു ശേഷവും സൈലത്തെ സ്വതന്ത്ര ബ്രാന്‍ഡായി നിലനിറുത്തും. സൈലത്തിന്റെ സ്ഥാപകന്‍ ഡോ.അനന്തുവാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ആദ്യ എഡ്‌ടെക് സ്ഥാപനമാകാൻ 

നിര്‍ദിഷ്ട ഐ.പി.ഒ നടന്നാല്‍ രാജ്യത്ത് നിന്ന് ആദ്യമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന എഡ്‌ടെക് പ്ലാറ്റ്‌ഫോമായി ഫിസിക്‌സ്‌വാല മാറും. തുടര്‍ച്ചയായ സാമ്പത്തിക പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് ആണ് നേരത്തെ ഐ.പി.ഒ പ്രഖ്യാപിച്ചിരുന്ന ഒരു കമ്പനി. എന്നാല്‍ ഇതില്‍ ഇപ്പോഴും അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതു കൂടാതെ അപ്‌ഗ്രേഡ് (UpGrad), വേദാന്തു (Vedantu) എന്നിവയും മുന്‍പ് ഐ.പി.ഒ പദ്ധതികളെ കുറിച്ച് പറഞ്ഞിരുന്നു.

അണ്‍അക്കാദമി, അനെക്‌സ് ലേണിംഗ്, കെ12 ടെക്‌നോ, ബ്രൈറ്റ്ചാംപ്‌സ്, സിംപിളേറിയന്‍ എന്നിവയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ചില കമ്പനികള്‍.

ഫണ്ട് സമാഹരണത്തിന് പിന്നാലെ

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് ഫിസിക്‌സ്‌വാല പ്രൈമറി ആന്‍ഡ് സെക്കന്ററി ഇടപാടുകള്‍ വഴി 21 കോടി ഡോളര്‍ (ഏകദേശം 1,750 കോടി രൂപ) സമാഹരിച്ചത്. ഹോണ്‍ബില്‍ ക്യാപിറ്റല്‍, ലൈറ്റ് സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് എന്നിവരെ കൂടാതെ നിലവിലെ നിക്ഷേപകരായ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റല്‍, ജി.എസ് വി വെഞ്ച്വേഴ്‌സ്‌ എന്നിവരും പുതിയ ഫണ്ടിംഗില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യന്‍ എഡ്യുടെക് മേഖല വെല്ലുവിളികളിലൂടെ കടന്നു പോകുമ്പോഴാണ് ഫിസ്‌ക്‌സ്‌വാല 280 കോടി ഡോളര്‍ മൂല്യം നേടിയത്. തൊട്ടു മുന്‍പ് നടത്തിയ ഫണ്ടിംഗില്‍ ഉണ്ടായിരുന്ന 110 കോടി ഡോളറിന്റെ വാല്വേഷനില്‍ നിന്ന് 2.5 മടങ്ങാണ് വര്‍ധന. ഇന്‍ഡസ്ട്രിയുടെ സാധ്യതകളെക്കുറിച്ച് നിക്ഷേപകരില്‍ വിശ്വാസം ജനിപ്പിക്കുന്നതാണിത്. 10.2 കോടി ഡോളറായിരുന്നു (ഏകദേശം 850 കോടി രൂപ) വെസ്റ്റ്ബ്രിഡ്ജ്, ജി.എസ്.വി വെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്ന് മുൻപ്  സമാഹരിച്ചത്.

₹2,400 കോടി വരുമാന പ്രതീക്ഷ

നോയിഡ ആസ്ഥാനമായ ഫിസിക്‌സ്‌വാലയുടെ സ്ഥാപകര്‍ അദ്ധ്യാപകരായ അലക് പാണ്ഡെയും പ്രദീക് മഹേശ്വരിയുമാണ്. 55 ലക്ഷത്തോളം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സും 4.6 കോടി യൂട്യൂബ് ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബര്‍മാരും 14,000ത്തിലധികം ജീവനക്കാരും ഫിസിക്‌സ്‌വാലയ്ക്കുണ്ട്.

2023 സാമ്പത്തിക വര്‍ഷത്തില്‍ ഫിസിക്‌സ്‌വാലയുടെ വരുമാനം 3.3 മടങ്ങ് ഉയര്‍ന്ന് 779 കോടി രൂപയായിരുന്നു. അതേസമയം, ലാഭം 90 ശതമാനത്തോളം ഇടിഞ്ഞ് 8.87 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2,400 കോടി രൂപയാണ് ഫിസിക്‌സ് വാല പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com