Begin typing your search above and press return to search.
ബൈജൂസിനെ രക്ഷിക്കാന്‍ മണിപ്പാലില്‍ നിന്നൊരു ഡോക്ടര്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ ഉപകമ്പനിയില്‍ നിക്ഷേപത്തിനൊരുങ്ങി മണിപ്പാല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജന്‍ പൈ. 2021ല്‍ ബൈജൂസ് ഏറ്റെടുത്ത ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകദേശം 250-300 മില്യണ്‍ ഡോളര്‍ (2,000-2,500 കോടി രൂപ) നിക്ഷേപിക്കുമെന്ന് കമ്പനിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 70 മില്യണ്‍ ഡോളര്‍ (ഏകദേശം 600 കോടി രൂപ) നിക്ഷേപിക്കാനായിരുന്നു പദ്ധതി. എന്നാലിപ്പോള്‍ ആദ്യഘട്ടമായി ഏകദേശം 1,400 കോടി രൂപ (170 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്നാണ് അറിയുന്നത്.
വായ്പ തിരിച്ചടയ്ക്കും
യു.എസ് ആസ്ഥാനമായ ഡേവിഡ്‌സണ്‍ കെംപ്‌നെറില്‍ നിന്നൈടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് ഈ പണം വിനിയോഗിക്കുക. കഴിഞ്ഞ മേയില്‍ ആകാശില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ ഡേവിഡ്‌സണ്‍ കെംപ്‌നറില്‍ നിന്ന് 2,000 കോടി രൂപയുടെ വായ്പ കരാറില്‍ ബൈജൂസ് ഒപ്പിട്ടിരുന്നു. എന്നാല്‍ കരാര്‍ ഉടമ്പടി ലംഘിച്ചതു മൂല്യം 800 കോടി രൂപ മാത്രമാണ് ബൈജൂസിന് ലഭിച്ചത്. ഉടന്‍ തന്നെ പ്രശ്‌നം തീര്‍ക്കാന്‍ ഇരുകൂട്ടരും ശ്രമം തുടങ്ങിയിരുന്നു. വായ്പയെടുത്ത 800 കോടി രൂപയും 600 കോടി രൂപ പലിശയും ചേര്‍ത്ത് ബൈജൂസ് തിരിച്ചടയ്ക്കണമെന്നാണ് അവസാന ധാരണ.
കൂടുതൽ ഓഹരികൾ ലക്ഷ്യമിട്ട്
ആകാശില്‍ കൂടുതല്‍ ഓഹരി സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് രഞ്ജന്‍ പൈ നിക്ഷേപത്തിനൊരുങ്ങുന്നത്. കൂടാതെ മറ്റ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളേയും നിക്ഷേപകരായി കൊണ്ടു വന്നേക്കുമെന്നും സൂചനകളുണ്ട്. ബൈജൂസിന്റെ ആദ്യകാല നിക്ഷേപകരിലൊരാളാണ് രഞ്ജന്‍ പൈ. ആരിന്‍ ക്യാപിറ്റല്‍ എന്ന വെഞ്ചര്‍ ഫണ്ട് വഴിയായിരുന്നു നിക്ഷേപം. ആകാശിന്റെ ഓഹരിയെ ചൊല്ലി തിങ്ക് ആന്‍ഡ് ലേണും ചൗധരി കുടുംബവും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള രഞ്ജന്‍ പൈയുടെ നീക്കം.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണിന് 40 ശതമാനം ഓഹരി പങ്കാളിത്തമാണ് ആകാശിലുള്ളത്. കൂടാതെ സ്ഥാപകനായ ബൈജു രവീന്ദ്രന് 30 ശതമാനവും പ്രൈവറ്റി ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക് സ്റ്റോണിന് 12 ശതമാനവും ആകാശിന്റെ പ്രമോട്ടര്‍മാരായ ചൗധരി കുടുംബത്തിന് 18 ശതമാനവും ഓഹരിയുണ്ട്. രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ ആകാശിന്റെ ഓഹരി ഏറ്റൈടുക്കല്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ആകാശിന്റെ ഐ.പി.ഒ അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് പ്രതിസന്ധിക്കിടയിലും ബൈജൂസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
Videos