വിക്രം-1 റോക്കറ്റ് പുറത്തിറക്കി 'ഇന്ത്യന്‍ സ്‌പേസ്എക്‌സ്' സ്‌കൈറൂട്ട്; വിക്ഷേപണം അടുത്ത വര്‍ഷം ആദ്യം

ഉപഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന വിക്രം-1 റോക്കറ്റ് പുറത്തിറക്കി ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ വിക്ഷേപണ വാഹന നിര്‍മാതാക്കളായ സ്‌കൈറൂട്ട് എയ്റോസ്പേസ്. റോക്കറ്റ് അടുത്ത വര്‍ഷം ആദ്യം വിക്ഷേപിക്കുമെന്ന് 'ഇന്ത്യന്‍ സ്‌പേസ്എക്‌സായ' സ്‌കൈറൂട്ട് അറിയിച്ചു. യു.എസില്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹികാരാകാശ കമ്പനിയാണ് സ്പേസ്എക്സ്. ഇതിന് സമാനമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബഹികാരാകാശ കമ്പനിയാണ് സ്‌കൈറൂട്ട് എയ്റോസ്പേസ്.

താഴ്ന്ന ഭ്രമണപഥത്തില്‍ 300 കിലോഗ്രാം പേലോഡുകള്‍ സ്ഥാപിക്കാന്‍ ശേഷിയുള്ള മള്‍ട്ടി-സ്റ്റേജ് ബഹിരാകാശ വിക്ഷേപണ വാഹനമാണ് വിക്രം-1. ഒന്നിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനും 3D പ്രിന്റഡ് ലിക്വിഡ് എഞ്ചിനുകള്‍ ഉള്‍ക്കൊള്ളാനും കഴിയുന്ന കാര്‍ബണ്‍-ഫൈബര്‍ ബോഡിയുള്ള റോക്കറ്റാണിത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 18ന് കമ്പനി വിക്രം-എസ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചിരുന്നു. 2024ന്റെ തുടക്കത്തില്‍ വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന വിക്രം-1 സ്‌കൈറൂട്ടിന്റെ രണ്ടാമത്തെ റോക്കറ്റാണ്.

സ്റ്റാര്‍ട്ടപ്പിന് പുതിയ ആസ്ഥാനം

പുതിയ റോക്കറ്റ് പുറത്തിറക്കിയതിനൊപ്പം ഹൈദരാബാദിലെ ജി.എം.ആര്‍ എയ്റോസ്പേസ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ പുതിയ ആസ്ഥാനമായ 'ദി മാക്സ്-ക്യു ക്യാമ്പസ്' കേന്ദ്ര ശാസ്ത്ര-സാങ്കേതികവിദ്യാ മന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു. പുതിയ ആസ്ഥാനത്ത് 300ന് മുകളില്‍ ജീവനക്കാരും ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സംയോജിത ഡിസൈന്‍, നിര്‍മ്മാണ, ടെസ്റ്റിംഗ് സൗകര്യങ്ങളുമുണ്ട്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ISRO) മുന്‍ ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് സ്പേസ് സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ട് എയ്റോസ്പേസ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it