പണക്കിലുക്കമില്ലാതെ സ്റ്റാര്‍ട്ടപ്പുകള്‍; 2023ലും ഫണ്ടിംഗ് കൂപ്പുകുത്തി
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 2023ല്‍ നേരിട്ടത് കടുത്ത ഫണ്ടിംഗ് ക്ഷാമം. 2022ലെ 1.80 ലക്ഷം കോടി രൂപയില്‍ നിന്ന് 2023ല്‍ 62 ശതമാനത്തിലധികം ഇടിഞ്ഞ് 66,908 കോടി രൂപയായി. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ലക്ഷം കോടി രൂപ സമാഹരിച്ച 2018ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഫണ്ടിംഗാണിതെന്ന് മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പ്രൈവറ്റ് സര്‍ക്കിള്‍ റിസര്‍ച്ച് പുറത്തിറക്കിയ 'സ്റ്റാര്‍ട്ടപ്പ് ഡീല്‍സ് റിപ്പോര്‍ട്ട് 2023' വ്യക്തമാക്കുന്നു. 2021ല്‍ സമാഹരിച്ച 2.41 ലക്ഷം കോടി രൂപയായിരുന്നു ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്.
2022ലെ 5,114 ഡീലുകളെ അപേക്ഷിച്ച് 2023ല്‍ ഫണ്ടിംഗ് ഡീലുകൾ 72 ശതമാനം ഇടിഞ്ഞ് 1,444 എണ്ണമായി. ഇന്ത്യയില്‍ യൂണികോണുകളുടെ എണ്ണത്തിലും കുറവുണ്ടായി. ഇന്‍ക്രെഡ്, സെപ്റ്റോ എന്നീ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് 2023ല്‍ ഇന്ത്യയില്‍ യൂണികോണ്‍ പദവി നേടിയത്. 2022ല്‍ ഇന്ത്യയില്‍ 23 പുതിയ യൂണികോണുകള്‍ പിറന്നിരുന്നു. ലെന്‍സ്‌കാര്‍ട്ട് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയില്‍ നിന്ന് സമാഹരിച്ച 500 മില്യണ്‍ ഡോളറാണ് 2023ലെ ഏറ്റവും വലിയ ഫണ്ടിംഗ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നൽകിയ വെഞ്ച്വര്‍ ക്യാപിറ്റലുകളിൽ 100എക്‌സ്.വി.സി ഒന്നാമതെത്തി. 2023ല്‍ ഇത് 50ല്‍ അധികം ഡീലുകള്‍ നടത്തി. ഇന്‍ഫ്ലെക്ഷന്‍ പോയിന്റ് വെഞ്ചേഴ്സും ബ്ലൂം വെഞ്ചേഴ്സും ലിസ്റ്റില്‍ 100എക്‌സ്.വി.സിയെ പിന്തുടര്‍ന്നു.നിലവിലുള്ള ഓഹരിയുടമ അവരുടെ ഓഹരികള്‍ മൂന്നാം കക്ഷിക്ക് വില്‍ക്കുന്ന സെക്കന്‍ഡറി ഡീലുകളുടെ കാര്യത്തില്‍ ഫിന്‍ടെക് വ്യവസായത്തിനാണ് കൂടുതല്‍ വിപണി വിഹിതം.