സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്ക് ജനുവരി-മാര്‍ച്ചില്‍ 72% കുറഞ്ഞു

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള മൂലധന നിക്ഷേപം 2023 ജനുവരി-മാര്‍ച്ചില്‍ 2022ലെ സമാനപാദത്തേക്കാള്‍ 72 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,380 കോടി ഡോളറില്‍ നിന്ന് 383 കോടി ഡോളറിലേക്കാണ് ഇടിവെന്ന് ഗവേഷണ സ്ഥാപനമായ 'ട്രാക്ഷന്‍' വ്യക്തമാക്കി. 2021ലെ സമാനപാദത്തില്‍ 762 കോടി ഡോളറും 2020ലെ ഇതേ പാദത്തില്‍ 693 കോടി ഡോളറും സ്റ്റാര്‍ട്ടപ്പുകള്‍ നേടിയിരുന്നു. 2019ലെ ജനുവരി-മാര്‍ച്ചില്‍ നേടിയത് 545 കോടി ഡോളറായിരുന്നു.

ഇടിവ് അന്തിമഘട്ടത്തില്‍
അന്തിമഘട്ട (ലാസ്റ്റ് സ്‌റ്റേജ്) ഫണ്ടിംഗിലാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നത്. സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ വരുമാനം കൂട്ടുന്നതിനേക്കാള്‍ ലാഭവളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ നേരിടുന്ന പ്രയാസമാണ് നിക്ഷേപക്കുറവിന് കാരണമാകുന്നത്.
വലിയ ഇടപാടുകള്‍
കഴിഞ്ഞപാദത്തില്‍ (ജനുവരി-മാര്‍ച്ച്) നിരവധി വലിയ ഇടപാടുകള്‍ നടന്നെങ്കിലും മൊത്തം മൂലധന നിക്ഷേപം കുറയുകയായിരുന്നു. ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ ഫോണ്‍പേ മാത്രം കഴിഞ്ഞ പാദത്തില്‍ 65 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. മലയാളി സംരംഭമായ ഫ്രഷ് ടു ഹോം 10.40 കോടി ഡോളറും മിന്റിഫൈ 11 കോടി ഡോളറും ക്രെഡിറ്റ്ബീ 12 കോടി ഡോളറും നേടിയിരുന്നു.
Related Articles
Next Story
Videos
Share it