സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് നോക്കുന്നോ? അറിയണം ഇക്കാര്യങ്ങള്‍

വിനയ് ജെയിംസ് കൈനടി
ദാസനും വിജയനും. മോഹന്‍ലാല്‍, ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന മലയാളികള്‍ മറക്കാത്ത രണ്ട് കഥാപാത്രങ്ങള്‍. നാടോടിക്കാറ്റ് എന്ന സിനിമയില്‍ ഇരുവരും പശു വളര്‍ത്തല്‍ തുടങ്ങുമ്പോള്‍ പങ്കുവെയ്ക്കുന്ന സ്വപ്നം ഓര്‍മയില്ലേ? ഒരു പശുവിന്റെ പാല് വിറ്റ് പണമുണ്ടാക്കി വീണ്ടും വീണ്ടും പശുക്കളെ വാങ്ങി പണക്കാരാകുക എന്ന സ്വപ്നം.
ഇതുപോലെ തന്നെയാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ സ്വപ്നം. പുതുതായി തുടങ്ങുന്ന ഏത് സംരംഭത്തെയും നമുക്ക് സ്റ്റാര്‍ട്ടപ്പ് എന്ന് പറയാം. തന്റെ കിടിലന്‍ ആശയത്തിലേക്ക് ഏയ്ഞ്ചല്‍ ഫണ്ടിംഗോ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗോ നേടിയെടുക്കുകയെന്നത് സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ വലിയ സ്വപ്നവുമാണ്. സ്റ്റാര്‍ട്ടപ്പുകളെ വിസി (വെഞ്ച്വര്‍ ക്യാപിറ്റല്‍) അല്ലെങ്കില്‍ സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതിയിലുള്ളവര്‍ രണ്ട് തരത്തിലാണ് പ്രധാനമായും തിരിക്കുക. ഒന്ന് സ്‌കെയ്‌ലബ്ള്‍ ബിസിനസ്-അതായത് വന്‍ വളര്‍ച്ചാ സാധ്യതയുള്ളവ. രണ്ടാമത്തേത് ലൈഫ്സ്റ്റൈല്‍ ബിസിനസ്. അതായത് ഫണ്ട് ചെയ്യാന്‍ അത്ര അനുയോജ്യമല്ലാത്തത്.
പരമ്പരാഗത കാഴ്ചപ്പാടുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ ഒരു ബിസിനസിന്റെ ആസ്തിയില്‍ നിന്ന് ബാധ്യതകള്‍ കുറച്ചാല്‍ കിട്ടുന്നതിനെയാണ്
ആ ബിസിനസിന്റെ മൂല്യമെന്ന് പറയുന്നത്. എന്നാല്‍ പ്രാരംഭഘട്ടത്തിലുള്ള ഒരു സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുന്ന ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററെ സംബന്ധിച്ചിടത്തോളം ഈ നിര്‍വചനമൊന്നും ബാധകമല്ല.
ഒരു ഉദാഹരണം പറയാം. എക്‌സ് എന്ന വ്യക്തിയുടെ കയ്യില്‍ കിടിലന്‍ ആശയമുണ്ട്. വൈ എന്ന വ്യക്തിയുടെ കയ്യില്‍ പണവും. എക്‌സിന് വേണ്ട ഫണ്ട് വൈ നല്‍കിയാല്‍ എക്‌സിന്റെ സംരംഭത്തിന്റെ 10 ശതമാനം ഓഹരിയേ വൈയ്ക്ക് ലഭിക്കൂ. ബാക്കിയുള്ള 90 ശതമാനവും എക്‌സിന്റെ കയ്യില്‍ തന്നെയാകും. ഇത് മനസിലാകാന്‍ കുറച്ച് കൂടി വ്യക്തമായി പറയാം. 2004 ഫെബ്രുവരിയിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് തുടങ്ങുന്നത്. 2004 സെപ്റ്റംബറില്‍ പീറ്റര്‍ തീല്‍ അഞ്ച് ലക്ഷം ഡോളര്‍ നിക്ഷേപം നടത്തി. അഞ്ച് മില്യണ്‍ വാല്വേഷനുള്ള ഫേസ്ബുക്കിന്റെ 10 ശതമാനം ഓഹരികളാണ് പീറ്റര്‍ തീലിന് ഇതിലൂടെ ലഭിച്ചത്. മാസങ്ങള്‍ കൊണ്ട് പീറ്റര്‍ തീലിന്റെ നിക്ഷേപം 20 മടങ്ങ് വളര്‍ച്ച നേടുകയും ചെയ്തു.

ബാറ്റണ്‍ കൈമാറണം, ശ്രദ്ധയോടെ

റിലേ മത്സരം കണ്ടിട്ടില്ലേ? ട്രാക്കിലൂടെ കുതിച്ചുപാഞ്ഞ് അടുത്ത ഓട്ടക്കാരനിലേക്ക് വഴുതിപ്പോകാതെ ബാറ്റണ്‍ കൈമാറിയാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ. സ്റ്റാര്‍ട്ടപ്പുകളുടെ ഫണ്ട് സമാഹരണത്തിലും ഇതിന് പ്രസക്തിയുണ്ട്. ഓരോ റൗണ്ട് ഫണ്ടിംഗിലും വീഴാതെ, പതറാതെ മുന്നോട്ട് പോകാന്‍ സാധിക്കണം. വെഞ്ച്വര്‍ ക്യാപിറ്റലുകള്‍ സംരംഭങ്ങള്‍ അതിവേഗം വളരാന്‍ പ്രേരണ ചെലുത്തിക്കൊണ്ടേയിരിക്കും. Ample Hills Creamery അങ്ങേയറ്റം വിജയകരമായ, ലാഭകരമായൊരു ബിസിനസായിരുന്നു. അവര്‍ വെഞ്ച്വര്‍ ഫണ്ടിംഗ് നേടി. അതിവേഗ വളര്‍ച്ചയ്ക്കായി ശ്രമിച്ചു. പക്ഷേ തകര്‍ന്ന് തരിപ്പണമായിപ്പോയി. വെഞ്ച്വര്‍ ഫണ്ട് നേടുമ്പോള്‍ അത് എന്തിനാണെന്നും എങ്ങനെ അതിനെ കൈകാര്യം ചെയ്യണമെന്നും വ്യക്തമായ ധാരണ സംരംഭകര്‍ക്കുണ്ടായിരിക്കണം.
എല്ലാ സംരംഭകര്‍ക്കും അങ്ങേയറ്റം വളര്‍ച്ചാ സാധ്യതയുള്ള സംരംഭം സൃഷ്ടിക്കാന്‍ സാധിച്ചെന്നിരിക്കില്ല. എല്ലാ സംരംഭങ്ങള്‍ക്കും ഈ കഴിവുണ്ടാകണമെന്നുമില്ല. വന്‍ വളര്‍ച്ചാ സാധ്യതയില്ലാത്ത സംരംഭങ്ങള്‍ എംഎസ്എംഇ ഗ്രാന്‍ഡ്, തന്ത്രപരമായ പങ്കാളിത്തങ്ങള്‍, പരമ്പരാഗത വായ്പാ രീതികള്‍ എന്നിവ ഉപയോഗിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് നല്ലത്.

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ നോക്കുന്നത് എന്തൊക്കെ

വിസി ഫണ്ടിംഗ് നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ ഏറെ ഉണ്ടാകും. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിസികള്‍ സ്റ്റാര്‍ട്ടപ്പില്‍ നോക്കുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
1. ടെക്‌നോളജി: സ്‌കെയ്ലബിലിറ്റിയെ ത്വരിതപ്പെടുത്തുന്ന ഏറ്റവും വലിയ ഘടകമാണ് ടെക്‌നോളജി. അതുകൊണ്ടാണ് ഒട്ടുമിക്ക വിസി നിക്ഷേപവും ടെക് സ്റ്റാര്‍ട്ടപ്പുകളിലാവുന്നത്.
2. SOP: പിന്നെ നോക്കുന്നത് എസ്ഒപിയാണ്. ഒരു ബിസിനസ് വിപുലീകരിക്കുമ്പോള്‍ അതെങ്ങനെയാണ് കാര്യക്ഷമമായി മാനേജ് ചെയ്യുന്നത് എന്നതിനെ കുറിച്ച് വ്യക്തതയും സംരംഭകരുടെ വൈദഗ്ധ്യവും എല്ലാം എസ്ഒപിയില്‍ പ്രതിഫലിക്കും.
3. അസറ്റ് ലൈറ്റ് മോഡലായിരിക്കണം.
4. ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തുടങ്ങാന്‍ പറ്റുന്ന തരത്തിലുള്ളതാകരുത്. മത്സരാധിഷ്ഠിത സ്വഭാവമുള്ളതാകണം.
5. സ്റ്റാര്‍ട്ടപ്പ് സ്ഥാപകന് പരിചയസമ്പത്തും മതിയായ യോഗ്യതകളും ബന്ധങ്ങളുമുണ്ടായിരിക്കണം.
6. നല്ല ബ്രാന്‍ഡ് പ്രതിച്ഛായയും ഒരു നല്ല കഥയും ഉണ്ടായിരിക്കണം.

ഫണ്ട് നേടാനുള്ള വഴികള്‍

1. ഊബര്‍, എയര്‍ബിഎന്‍ബി, ഫേസ്ബുക്ക് മുതലായ ടെക് സംരംഭങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? അവര്‍ അസറ്റ് ലൈറ്റ് മോഡലിലുള്ളവയാണ്.
അതുപോലെ കുറഞ്ഞ മൂലധനത്തില്‍ കൂടുതല്‍ വളര്‍ച്ചാ സാധ്യതയുള്ള ബിസിനസ് മോഡലാകണം.
2. നിങ്ങളുടെ ബിസിനസിനെ കുറിച്ച് സംരംഭക കൂട്ടായ്മകളിലും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമുകളിലും വന്ന് സംസാരിക്കണം.
3. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് നല്‍കുന്ന ഗ്രാന്‍ഡുകള്‍ പരമാവധി നേടിയെടുക്കാന്‍ ശ്രമിക്കണം.
4. ഒരു സംരംഭത്തിന്റെ വിജയകരമായ യാത്രയ്ക്ക് വേണ്ട വൈദഗ്ധ്യമുള്ളവരാകണം സ്ഥാപക ടീമിലുണ്ടാകേണ്ടത്.
5. കൂട്ടുകാരില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും ആദ്യഘട്ടത്തില്‍ ഫണ്ട് സമാഹരിക്കാന്‍ ശ്രമിക്കണം. അപ്പോള്‍ സംരംഭത്തിന്റെ മൂല്യത്തെ
കുറിച്ചോ അവര്‍ക്കുള്ള ഓഹരി പങ്കാളിത്തത്തെ കുറിച്ചോ വാഗ്ദാനമൊന്നും നല്‍കരുത്. പിന്നീടുള്ള ഫണ്ടിംഗ് റൗണ്ടുകളിലാണ് വാല്വേഷന്‍ മനസിലാക്കാന്‍ സാധിക്കൂ. ആദ്യഘട്ടത്തില്‍ ഓഹരികള്‍ പങ്കുവെച്ച് നല്‍കിയാല്‍ പിന്നീടുള്ള റൗണ്ടുകളില്‍ അത് ബുദ്ധിമുട്ടാകും.
6. ബിസിനസ് ഇന്‍ക്യുബേറ്റര്‍ നല്‍കുന്ന സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. ഏറ്റവും കുറഞ്ഞ ഇക്വിറ്റി മാത്രം നല്‍കി മതിയായഫണ്ട് നേടാനുള്ള മാര്‍ഗനിര്‍ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവിടെ നിന്നൊക്കെ ലഭിക്കും.
7. ഉള്ളതിനേക്കാള്‍ കൂടുതല്‍ വാല്വേഷന്‍ ആദ്യഘട്ടത്തില്‍ പാടില്ല. അത് പിന്നീട് ദോഷം ചെയ്യും.
8. ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഫണ്ട് സമാഹരിക്കാന്‍ ശ്രമിക്കരുത്.
9. ഊതിപ്പെരുപ്പിച്ച വാല്വേഷനുകള്‍ നടത്തി അതിന്റെ പേരില്‍ ഫണ്ടിംഗ് നേടരുത്. അധികം വൈകാതെ പരാജയപ്പെടും.
10. നിക്ഷേപകരുമായി അടുത്ത ബന്ധം പുലര്‍ത്തണം. ഓരോ കാര്യങ്ങളും അവരെ ധരിപ്പിക്കുകയും വേണം.
11. ഓരോ ഇന്‍വെസ്റ്ററെയും കൃത്യമായി അറിഞ്ഞതിനു ശേഷമേ നിക്ഷേപം സ്വീകരിക്കാവൂ.
വെറുതെ പണത്തിന് വേണ്ടി ഫണ്ടിംഗ് നടത്തരുത്. രാജ്യാന്തര വിപണിയിലേക്ക് പോകണമെന്നുണ്ട്. അതിന് വേണ്ട വൈദഗ്ധ്യമില്ലെങ്കില്‍ അതിന് സഹായിക്കുന്നവരില്‍ നിന്ന് ഫണ്ട് നേടുക. അതുപോലെ ഓരോ ലക്ഷ്യവും കാഴ്ചപ്പാടുമൊക്കെ ഫണ്ടിംഗിന്റെ കാര്യത്തില്‍ വേണം.
12. നിങ്ങളുടെ ആശയം അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഓരോ ഫീഡ്ബാക്കും സശ്രദ്ധം കേള്‍ക്കണം. നല്ലൊരു കേള്‍വിക്കാരനാകണം.
13. ലഭിക്കുന്ന ഓരോ വേദിയിലും പിച്ചിംഗ് നടത്തുക. എത്ര കുറഞ്ഞ സമയമായാലും അതിനുള്ളില്‍ നിന്ന് ഫലപ്രദമായി പിച്ചിംഗ് നടത്താനുള്ള വിദ്യ പഠിച്ചിരിക്കണം.
14. എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കണം.
Related Articles
Next Story
Videos
Share it