വാഴപ്പഴം കയറ്റി അയച്ച് കോടികള്‍ നേടുന്ന ടെക്കി സുഹൃത്തുക്കള്‍

വാഴപ്പഴ കര്‍ഷകര്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍ എന്നിവരെ ഒരു കുടക്കീഴില്‍ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിതരണ ശൃംഖലയുമായി മുന്നേറുകയാണ് ടെക്കി സുഹൃത്തുക്കള്‍. യുവ ടെക്കികളായ ഫാരിഖ് നൗഷാദും പ്രവീണ്‍ ജേക്കബും ചേര്‍ന്നാണ് അഗ്രോ ബിസിനസ് സ്റ്റാര്‍ട്ടപ്പായ ഗ്രീനിക്കിന് (greenikk) തുടക്കം കുറിച്ചത്. കര്‍ഷകര്‍, വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, ബി 2 ബി ബയേഴ്സ് എന്നിവരെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇതിന് രൂപം നല്‍കിയിരിക്കുന്നത്.

ഒറ്റ ഉല്‍പ്പന്നത്തിലേക്ക്

ആഫ്രിക്ക ആസ്ഥാനമായുള്ള ഐ.ടി സോഫ്റ്റ്‌വെയർ സ്റ്റാര്‍ട്ടപ്പിന്റെ മുന്‍ പ്രൊമോട്ടര്‍മാരായ ഇരുവരും കോവിഡ് കാലത്താണ് പുതിയ സ്റ്റാര്‍ട്ടപ്പുമായി മുന്നോട്ടു വന്നത്. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് കൃഷിത്തോട്ടങ്ങളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും നഗരത്തിലെ അപ്പാര്‍ട്ടുമെന്റുകളിലും വീടുകളിലും നേരിട്ട് എത്തിക്കുന്ന ഒരു ട്രക്ക് സ്റ്റോര്‍ (ഫാമി) ഇവര്‍ നടത്തിയിരുന്നു. അങ്ങനെയാണ് വാഴപ്പഴം എന്ന ഒറ്റ ഉല്‍പ്പന്നത്തിലേക്ക് മാത്രമായി കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്.

ചിപ്സിനും ബേബി പൗഡറിനും

കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവയുള്‍പ്പടെ പ്രധാന വാഴപ്പഴ ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ നിന്ന് വാഴപ്പഴം ശേഖരിച്ച് കേരളത്തിലെ പ്രധാന ചിപ്സ് കമ്പനികള്‍ക്കും യു.എ.ഇ, ഖത്തര്‍, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുമാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇതിനു പുറമെ ബേബി പൗഡര്‍ നിര്‍മാണ കമ്പനികള്‍ക്കും ഇവര്‍ ഉല്‍പന്നം എത്തിക്കുന്നു.

6 കോടി രൂപയുടെ വിറ്റുവരവ്

നിലവില്‍ 6 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിക്കുള്ളത്. വാഴപ്പഴം കയറ്റുമതിക്കൊപ്പം തന്നെ വിളവെടുപ്പിന് ശേഷമുള്ള വാഴത്തൈകളുടെ തണ്ടുകള്‍ പ്രകൃതിദത്ത നാരുകളാക്കി മാറ്റാനും ബാക്കിയുള്ളവ വളമോ കോഴിത്തീറ്റയോ ആയി പുനരുല്‍പ്പാദിപ്പിക്കാനുമുള്ള പദ്ധതിയും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വാഴത്തണ്ടിന്റെ നാരുകളില്‍ നിന്ന് ബാഗ്, പഴ്സ്, ഹോം ഡെക്കൊര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്.

വ്യത്യസ്ത ഇടങ്ങളിലായി 600 സ്ത്രീ തൊഴിലാളികള്‍ക്ക് നാരുകളെത്തിച്ചാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇരുവരും സ്റ്റാര്‍ട്ടപ്പിനായുള്ള ഫണ്ട് കണ്ടെത്തിയത് നിക്ഷേപ സമാഹരണത്തിലൂടെയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപ സ്ഥാപനങ്ങള്‍, എയ്ഞ്ചല്‍ നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരില്‍ നിന്നാണ് നിക്ഷേപം സമാഹരിച്ചത്. വെബ്സൈറ്റ്: htthps://greenikk.com/

(This story was published in the15th April 2023 issues of Dhanam Magazine)

Related Articles
Next Story
Videos
Share it