രണ്ടു മാസത്തിനിടെ രാജ്യത്തുണ്ടായത് പത്തു യൂണികോണ്‍ കമ്പനികള്‍!

രണ്ടു മാസത്തിനിടെ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ബില്യണ്‍ ഡോളര്‍ കമ്പനികളുടെ എണ്ണം പത്തായി. കഴിഞ്ഞ വര്‍ഷം 44 യൂണികോണ്‍ കമ്പനികളാണ് ഉദയം ചെയ്തതെങ്കില്‍ ഇത്തവണ ആദ്യ രണ്ടു മാസത്തിനുള്ളില്‍ തന്നെ 10 എണ്ണമായി. കഴിഞ്ഞ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആകെ മൂന്ന് കമ്പനികളാണ് ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തിയിരുന്നത്.

സോഫ്റ്റ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളായ ഫ്രാക്ടല്‍, ഡാര്‍വിന്‍ബോക്‌സ്, ഹസുറ, യൂണിഫോര്‍, എഡ്‌ടെക് കമ്പനി ലീഡ് സ്‌കൂള്‍, ലോജിസ്റ്റിക്‌സ് കമ്പനി എക്‌സ്പ്രസ് ബീസ്, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ലിവ്‌സ്‌പേസ്, ഡീല്‍ഷെയര്‍, ഇലാസ്റ്റിക് റണ്‍ എന്നിവയ്ക്ക് പുറമേ ഡയറക്ട് ടു കണ്‍സ്യൂമര്‍ കമ്പനിയായ മാമഎര്‍ത്ത് കൂടി ജനുവരിയില്‍ യൂണികോണ്‍ ക്ലബിലെത്തി. സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് കമ്പനിയായ ഹസൂറ 100 ദശലക്ഷം ഡോളര്‍ ഫണ്ട് കണ്ടെത്തിയതോടെ ഈ വര്‍ഷത്തെ പത്താമത്തെ യൂണികോണ്‍ ആയി മാറി.
വെഞ്ച്വര്‍ ഇന്റലിജന്‍സ് ഡാറ്റ പ്രകാരം ഭാരത് പേ, ക്രെഡ്, ഗ്രോ, സെരോധ, അപ്‌സ്റ്റോക്, സ്പിന്നി, കാര്‍സ് 24, ഷെയര്‍ചാറ്റ് തുടങ്ങി 91 യൂണികോണ്‍ കമ്പനികള്‍ രാജ്യത്തുണ്ട്.
രാജ്യം സ്വതന്ത്രമായതിന്റെ 75 ാം വര്‍ഷത്തില്‍ 75 ആഴ്ചകള്‍ക്കുള്ളില്‍ 75 യൂണികോണ്‍ കമ്പനികള്‍ എന്നതാണ് ലക്ഷ്യമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നു. 45 ആഴ്ചകള്‍ക്കുള്ളില്‍ 43 യൂണികോണുകളെ രാജ്യം സൃഷ്ടിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ നേതൃത്വം നല്‍കി വരികയാണെന്നും അവയ്ക്കുള്ള നികുതിയിളവുകള്‍ വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തിലും പ്രഖ്യാപിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it