സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപകര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

ഏയ്ഞ്ചല്‍ ഫണ്ടിംഗ് തേടുന്നതിന് മുമ്പ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍

രവീന്ദ്രനാഥ കമ്മത്ത്
കേരളത്തിലെ ആദ്യകാല സ്റ്റാര്‍ട്ടപ്പുകളില്‍ വരെ നിക്ഷേപം നടത്തിയിട്ടുള്ള ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററാണ് നെക്സ്റ്റ് എഡ്യൂക്കേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിഎഫ്ഒ യുമായ രവീന്ദ്രനാഥ കമ്മത്ത്. ബിസിനസ് ഇന്റലിജന്‍സ്, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, സിസ്റ്റം ഡിസൈന്‍ ഇംപ്ലിമെന്റേഷന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ അനുഭവസമ്പത്തുള്ള രവീന്ദ്രനാഥ കമ്മത്ത് ഡെന്റല്‍ പ്രാക്ടീസ് മാനേജ്മെന്റ് രംഗത്തെ കെയര്‍സ്റ്റാക്ക്, ശാസ്ത്ര റോബോട്ടിക്സ്, ഹീല്‍ ലൈഫ് തുടങ്ങി നിരവധി സ്റ്റാര്‍ട്ടപ്പുകളിലെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ കൂടിയാണ്. ടൈ കേരളയുടെ കീഴിലുള്ള കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്കിന്റെ പ്രസിഡന്റുമാണ്. ഏയ്ഞ്ചല്‍ ഫണ്ടിംഗ് തേടുന്നവരും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ രവീന്ദ്രനാഥ കമത്ത് വിശദീകരിക്കുന്നു.

ഉയര്‍ന്ന 'പലിശ' നല്‍കാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടോ?

ഏയ്ഞ്ചല്‍ ഫണ്ടിംഗ് ആഗ്രഹിക്കുന്നവരാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍. ബാങ്കില്‍ നിന്നോ, മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിനായി വായ്പ എടുത്താല്‍ അത് തിരിച്ചുകൊടുക്കാന്‍ പറ്റാതെ വന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അനുഭവിക്കേണ്ടതായി വരും. എന്നാല്‍ ഏയ്ഞ്ചല്‍ ഫണ്ടിംഗില്‍ ഈ റിസ്‌കില്ല. സ്റ്റാര്‍ട്ടപ്പ് സംരംഭം പരാജയപ്പെട്ടാല്‍ നിക്ഷേപം നടത്തിയ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ ഒരിക്കലും ആ സംരംഭകന്റെ വീടോ പുരയിടമോ ജപ്തി ചെയ്യില്ല. സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ മൂല്യത്തിലും വളര്‍ച്ചാ സാധ്യതയിലും വിശ്വാസമര്‍പ്പിച്ചാണ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ ഫണ്ടിംഗ് നടത്തുന്നത്. സിലിക്കണ്‍ വാലിയിലെ പ്രമുഖ നിക്ഷേപകര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട് - ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്ന ഐആര്‍ആര്‍ (IRR - ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍: ഫലത്തില്‍ ലഭ്യമാകുന്ന ആദായനിരക്ക്) 40 ശതമാനമാണെന്ന്. എന്തായാലും ശരാശരി 25 ശതമാനത്തോളം ഐആര്‍ആര്‍ ഏയ്ഞ്ചല്‍ നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നുണ്ട്. സാധാരണക്കാരുടെ ഭാഷയില്‍ കൊള്ളപ്പലിശ എന്നൊക്കെ ഈ നിരക്കിനെ പറയാം. ഇത്ര ഉയര്‍ന്ന ആദായ നേട്ടം നല്‍കാന്‍ നിങ്ങള്‍ തയാറാണോ?

ഫണ്ടിംഗ് തേടും മുമ്പ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങള്‍

സ്വന്തം ബിസിനസ് 'സ്‌കെയിലബ്ള്‍' ആണോ?
ഉയര്‍ന്ന നേട്ടം പ്രതീക്ഷിക്കുന്ന ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുമ്പോള്‍ അതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് സംരംഭത്തിന് ഉണ്ടാകണമല്ലോ? അതിന് പറ്റുന്നതാണോ സ്വന്തം ബിസിനസ് എന്നത് നോക്കണം.
എത്രമാത്രം ഓഹരി കൊടുക്കാന്‍ തയാറാണ്?
ഏയ്ഞ്ചല്‍ ഫണ്ടിംഗ് നേടുമ്പോള്‍ ഓഹരി കൊടുക്കേണ്ടതായി വരും. മാത്രമല്ല, ചില കാര്യങ്ങള്‍ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുടെ അനുവാദമില്ലാതെ ചെയ്യാനും സാധിക്കില്ല. ഓഹരി വില്‍ക്കാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ എത്ര ശതമാനം? എന്നൊക്കെ ധാരണ വേണം. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ വൈദഗ്ധ്യവും കഴിവും പരമാവധി നിക്ഷേപിച്ച് സംരംഭം വളര്‍ത്തണം. ഏയ്ഞ്ചല്‍ നിക്ഷേപം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. എത്രമാത്രം കാര്യങ്ങള്‍ നിങ്ങള്‍ വിട്ടുനല്‍കാന്‍ തയാറാണെന്നതും നോക്കണം.
കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക്: മാസംതോറും ഒരു നിക്ഷേപം
ടൈ കേരളയുടെ കീഴിലുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് (KAN) 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആറ് കോടി രൂപയാണ് നിക്ഷേപം നടത്തുന്നതെന്ന് രവീന്ദ്രനാഥ കമ്മത്ത് പറഞ്ഞു. വിഭിന്ന മേഖലകളിലെ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളാണ് നിക്ഷേപത്തിനായി പരിഗണിച്ചിരിക്കുന്നത്. ''ടൈ കേരളയുടെ ഫണ്ടിംഗ് വിഭാഗം എന്ന നിലയില്‍ ശൈശവ ദശയിലുള്ള സ്റ്റാര്‍ട്ടപ്പുകളെ വളരാനും പടര്‍ന്നുപന്തലിക്കാനും വേണ്ട പിന്തുണ നല്‍കുകയാണ് KAN. 70ലേറെ അംഗങ്ങളാണ് ഇതിലുള്ളത്. നിക്ഷേപ യോഗ്യമായ സ്റ്റാര്‍ട്ടപ്പുകളില്‍ ഈ കൂട്ടായ്മയിലുള്ളവര്‍ സെബി അംഗീകൃത ഫണ്ടുകളിലൂടെ നിക്ഷേപം നടത്തും.
നിലവില്‍ 14 ഓളം സ്റ്റാര്‍ട്ടപ്പുകളിലൂടെ 20 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഓരോ മാസവും ഒരു സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുകയെന്ന ലക്ഷ്യമാണുള്ളത്. ഏയ്ഞ്ചല്‍ ഫണ്ടിംഗ് നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ ഒളിവും മറവുമില്ലാതെ എല്ലാം തുറന്നുപറയാന്‍ സന്നദ്ധരായിരിക്കണം. എത്രമാത്രം 'റിയല്‍' ആകുന്നുവോ അത്രമാത്രം നല്ലത്. എഐ അധിഷ്ഠിത ഇവന്റ് ടെക് പ്ലാറ്റ്ഫോമായ പ്രീമാജിക്, വനിതകളുടെ വെല്‍നസ് രംഗത്തുള്ള ഫെമിസേഫ്, ന്യൂട്രിഷന്‍ ബ്രാന്‍ഡായ ന്യൂട്രിസോയ്, റെഡി ടു കുക്ക് മീല്‍ പ്രൊവൈഡറായ Cookd, ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായ ക്വിക്ക്ഷിഫ്റ്റ്, ഓട്ടോണമസ് വെഹിക്ക്ള്‍ സ്റ്റാര്‍ട്ടപ്പായ റോഷ്.എഐ തുടങ്ങിയവയിലെല്ലാം KAN നിക്ഷേപം നടത്തിയിട്ടുണ്ട്.

(Originally published in Dhanam Magazine 15 January 2025 issue.)

Related Articles
Next Story
Videos
Share it