രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ തിളങ്ങി തിരുവനന്തപുരവും കൊച്ചിയും

രാജ്യത്ത് വളര്‍ന്നുവരുന്ന 26 സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും. ഈ നഗരങ്ങളിലെ ഗുണനിലവാരമുള്ള മാനവവിഭവശേഷിയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഭാവിയിലെ വികസനത്തിന് കരുത്താകുമെന്ന് ഡിലോയിറ്റുമായി സഹകരിച്ച് നാസ്‌കോം പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ ഈ രണ്ട് നഗരങ്ങളിലും സ്റ്റാര്‍ട്ടപ്പ് സാന്ദ്രത കൂടുതലാണെന്നും സര്‍വേയില്‍ പറയുന്നതായി 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് വ്യക്തമാക്കി.

വിവിധ മേഖലകളില്‍ മികവ്

ഒന്നാം നിര നഗരങ്ങളിലെ പല കമ്പനികളും കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി നാസ്‌കോമിന്റെ കേരള റീജിയണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വിജയ് കുമാര്‍ പറഞ്ഞു. എഡ്ടെക്, ഹെല്‍ത്ത് ടെക്, ഫിന്‍ടെക്, നിര്‍മിത ബുദ്ധി, ഐ.ഒ.ടി, റോബോട്ടിക്സ് എന്നിങ്ങനെ വിവിധ സാങ്കേതിക വിദ്യകളുടെ വികസനത്തിന്റെ കാര്യത്തില്‍ ഈ നഗരങ്ങള്‍ മികവ് പുലര്‍ത്തുന്നുണ്ട്.

ശാസ്ത്ര സാങ്കേതിക മേഖലയിലെ ശക്തമായ സാന്നിധ്യം, ബഹിരാകാശ മേഖല, ആരോഗ്യ പരിപാലനം, കൃഷി എന്നിവയിലും മികച്ച ഗവേഷണങ്ങള്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇവിടങ്ങളിലുണ്ട്. ഈ പുരോഗതിക്ക് സംഭാവന നല്‍കുന്നതില്‍ ടെക്നോപാര്‍ക്കും ഇന്‍ഫോപാര്‍ക്കും വഹിച്ച പങ്ക് നിര്‍ണായകമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും മുന്നില്‍ നില്‍ക്കുന്ന രണ്ട് നഗരങ്ങളാണിത്. മാത്രമല്ല ശക്തമായ ഇന്റര്‍-സിറ്റി, ഇന്‍ട്രാ-സിറ്റി കണക്റ്റിവിറ്റിയും ഇവിടങ്ങളിലുണ്ട്. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനും അവ മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it