ഈ വര്‍ഷത്തെ എട്ടാമത്തെ യൂണികോണ്‍ കമ്പനിയായി എക്‌സ്പ്രസ്ബീസ്

300 ദശലക്ഷം ഡോളര്‍ ഫണ്ട് നേടിയതോടെയാണ് 1.2 ശതകോടി ഡോളര്‍ മൂല്യവുമായി ബില്യണ്‍ ഡോളര്‍ കമ്പനിയായത്

രാജ്യത്തെ ഈ വര്‍ഷത്തെ എട്ടാമത്തെ ബില്യണ്‍ ഡോളര്‍ കമ്പനിയായി പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പ് എക്‌സ്പ്രസ്ബീസ്. സീരീസ് എഫ് ഫണ്ടിംഗ് റൗണ്ടില്‍ കഴിഞ്ഞ ദിവസം 300 ദശലക്ഷം ഡോളര്‍ ഫണ്ട് നേടിയതോടെയാണ് എക്‌സ്പ്രസ്ബീസ് യൂണികോണ്‍ കമ്പനിയായത്. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 1.2 ശതകോടി ഡോളറായി.

ബ്ലാക്ക് സ്റ്റോണ്‍ ഗ്രോത്ത്, ടിപിജി ഗ്രോത്ത്, ക്രിസ് കാപിറ്റല്‍ തുടങ്ങിയ നിക്ഷേപക സ്ഥാപനങ്ങളാണ് കമ്പനിയില്‍ വന്‍ തുക നിക്ഷേപിച്ചിരിക്കുന്നത്. അതേസമയം ചൈനീസ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ സിഡിഎച്ച് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്പനിയിലെ ഓഹരികളെല്ലാം കൈമാറി. കമ്പനിയില്‍ തുടക്കത്തില്‍ നിക്ഷേപം നടത്തിയ എലവേഷന്‍ കാപിറ്റല്‍, അലിബാബ എന്നിവ ഭാഗികമായും ഓഹരികള്‍ കൈമാറി.
2021 ലെ ആദ്യ രണ്ടു മാസം കൊണ്ട് മൂന്ന് യൂണികോണ്‍ കമ്പനികളാണ് രാജ്യത്ത് ഉയര്‍ന്നു വന്നതെങ്കില്‍ ഈ വര്‍ഷം രണ്ടു മാസം പൂര്‍ത്തിയാവുന്നതിനു മുമ്പു തന്നെ എട്ടാമത്തെ കമ്പനിയാണ് ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുന്നത്. മാത്രമല്ല സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍ 2020-21 ല്‍ 13 സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ കമ്പനികളായതെങ്കില്‍ 2021-22 ല്‍ 47 കമ്പനികള്‍ ഈ നേട്ടത്തിലെത്തി.
ബ്ലോക്ക് ചെയ്ന്‍ സ്റ്റാര്‍ട്ടപ്പ് പോളിഗണ്‍, സോഷ്യല്‍ കൊമേഴ്‌സ് മേഖലയില്‍ നിന്നുള്ള ഡീല്‍ഷെയര്‍, ലോജിസ്റ്റിക്‌സ് കമ്പനിയായ ഇലാസ്റ്റിക് റണ്‍, എഡ്‌ടെക് കമ്പനി ലീഡ് സ്‌കൂള്‍, ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി ലിവ്‌സ്‌പേസ്, എച്ച്ആര്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ഡാര്‍വിന്‍ ബോക്‌സ്, അനലിറ്റിക്‌സ് സോഫ്റ്റ്‌വെയര്‍ കമ്പനി ഫ്രാക്റ്റല്‍ തുടങ്ങിയവയാണ് ഈ വര്‍ഷം യൂണികോണ്‍ ക്ലബിലെത്തിയ മറ്റു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍.
മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ പിജിഎ ലാബ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സമീപഭാവിയില്‍ തന്നെ 45 സ്റ്റാര്‍ട്ടപ്പുകള്‍ ബില്യണ്‍ ഡോളര്‍ കമ്പനിയായി മാറാനുള്ള തയാറെടുപ്പിലാണ്.



Related Articles
Next Story
Videos
Share it