Begin typing your search above and press return to search.
ടിക് ടോക് നിരോധനം തുണയായി : ഇന്ത്യന്‍ സോഷ്യല്‍ ആപ്പുകള്‍ക്ക് ലഭിച്ചത് 1259 ശതമാനം അധിക ഫണ്ട്
2021 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത് 2.84 ലക്ഷം കോടി രൂപ (38 ശതകോടി ഡോളര്‍)യുടെ നിക്ഷേപം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി! ടൈഗര്‍ ഗ്ലോബല്‍, സോഫ്റ്റ്ബാങ്ക്, ഫാല്‍കണ്‍ എഡ്ജ്, സെകോയ കാപിറ്റല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതലായി നിക്ഷേപിച്ചതെന്നും ഗവേഷണ സ്ഥാപനമായ ട്രാക്‌സന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 712 എ പ്ലസ് സീരീസ് ഉള്‍പ്പടെ 2055 ഫണ്ടിംഗ് റൗണ്ടുകളാണ് കഴിഞ്ഞ വര്‍ഷം നടന്നത്.
ചൈനീസ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ടിക് ടോകിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് ഈ മേഖലയിലെ ഇന്ത്യന്‍ ആപ്പുകള്‍ക്ക് ഗുണമായി. ഷെയല്‍ചാറ്റ്, വേഴ്‌സ് ഇന്നവേഷന്‍, ജെറ്റ്‌സിന്തസിസ് തുടങ്ങിയ ആപ്പുകള്‍ക്ക് 1.4 ശതകോടി ഡോളര്‍ (ഏകദേശം 10465 കോടി രൂപ) സമാഹരിക്കാനും കഴിഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 1259 ശതമാനം അധികമാണിത്.
സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്നാലെ ഫുഡ് ഡെലിവറി മേഖലയിലാണ് കൂടുതല്‍ നിക്ഷേപം ഉണ്ടായിരിക്കുന്നത്. 369 ശതമാനം വര്‍ധന ഈ മേഖലയില്‍ ഉണ്ടായി. 1.3 ശതകോടി ഡോളര്‍ (ഏകദേശം 9717 കോടി രൂപ) ആണ് സ്വിഗ്ഗി, സൊമാറ്റോ, റെബല്‍ ഫുഡ്‌സ് തുടങ്ങിയ ആപ്പുകളിലൂടെ നേടിയിരിക്കുന്നത്.
എഡ്‌ടെക്(1.1 ശതകോടി ഡോളര്‍), പേമെന്റ്‌സ്(1.1 ശതകോടി ഡോളര്‍), ആള്‍ട്ടര്‍നേറ്റീവ് ലെന്‍ഡിംഗ്(1 ശതകോടി ഡോളര്‍) മേഖലയും മികച്ച ഫണ്ടിംഗ് നേടി.
3476 സ്റ്റാര്‍ട്ടപ്പുകളാണ് 2021 ല്‍ രാജ്യത്ത് തുടങ്ങിയത്. 1737 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് നേടാനും കഴിഞ്ഞിട്ടുണ്ട്. രാജ്യത്ത് ആകെയുള്ള 76 യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 40 എണ്ണവും ഈ വര്‍ഷം ഉണ്ടായതാണ് എന്ന പ്രത്യേകതയുമുണ്ട്. 85 സ്റ്റാര്‍ട്ടപ്പുകള്‍ ബില്യണ്‍ ഡോളര്‍ കമ്പനിയാകാനുള്ള ഒരുക്കത്തിലുമാണ്.
ഈ വര്‍ഷം ഏറ്റവും വലിയ തുക നേടിയത് ഫഌപ്പ്കാര്‍ട്ടാണ്. 1.3 ശതകോടി ഡോളര്‍. 1.3 ശതകോടി ഡോളറിന്റെ ഫണ്ട് നേടി സ്വിഗ്ഗി രണ്ടാമതും 1.1 ശതകോടി ഡോളര്‍ ഫണ്ടു നേടി പേടിഎം മൂന്നാമതുമാണ്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്ന വിദേശ നിക്ഷേപകരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനയുണ്ടായി. 2020 ല്‍ 668 പേരായിരുന്നുവെങ്കില്‍ ഈ വര്‍ഷം 990 ആയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story
Videos