എ വേലുമണി ഒരു ലക്ഷം രൂപ നിക്ഷേപിച്ച് 5000 കോടിയുമായി പടിയിറക്കം

വെറും ആറു വയസ്സുള്ള ഒരു സ്റ്റാര്‍ട്ടപ്പ് അടുത്തിടെ രാജ്യത്തെ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയെ അതും 26 വര്‍ഷം പാരമ്പര്യമുള്ള ഒന്നിനെ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യ ഇ ഫാര്‍മസി യൂണികോണായ ഫാമിസി (PharmEasy) യാണ് എ. വേലുമണിയെന്ന അസാധാരണ സംരംഭകന്‍ കെട്ടിപ്പടുത്ത തൈറോകെയറിനെ ഏറ്റെടുത്തത്. ഫാമിസിയുടെ നീക്കവും വേലുമണിയുടെ തീരുമാനവും ഒരുപോലെ രാജ്യത്തെ ബിസിനസ് ലോകത്തെ ഞെട്ടിച്ചു.

കുഞ്ഞന്മാര്‍ വമ്പന്മാരെ ഏറ്റെടുക്കും കാലം
വര്‍ഷങ്ങളുടെ അനുഭവസമ്പത്തും കരുത്തുമുള്ള വന്‍കിട കമ്പനികളെ താരതമ്യേന കുറഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ന്യൂജന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഏറ്റെടുക്കുന്ന പ്രവണതയിലെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫാമിസി - തൈറോകെയര്‍ ഡീല്‍. വെറും മൂന്ന് വര്‍ഷം മാത്രം പ്രായമുള്ള ഭാരത് പേ സെന്‍ട്രം ഫിനാന്‍സിനൊപ്പം ചേര്‍ന്ന് 37 വര്‍ഷം പഴക്കമുള്ള പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിനെ ഏറ്റെടുക്കാനുള്ള നീക്കം നടക്കുകയാണ്.

അതുപോലെ തന്നെ എഡ്യുടെക് വമ്പനായ ബൈജൂസ് അടുത്തിടെ 33 വര്‍ഷം പഴക്കമുള്ള, മത്സരപരീക്ഷാ പരിശീലന രംഗത്തെ മുന്‍നിരക്കാരായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിനെ ഏറ്റെടുത്തു.
വേലുമണിയെന്ന തമിഴ് വിസ്മയം
പ്രൊവിഡന്റ് ഫണ്ടില്‍ കിടന്ന ഒരു ലക്ഷം രൂപയുമായാണ് തൈറോകെയര്‍ സ്ഥാപകന്‍ എ. വേലുമണി സംരംഭകനാകാന്‍ ഇറങ്ങിയത്. ഫാമിസി ഏറ്റെടുക്കുമ്പോള്‍ തൈറോകെയറിന്റെ മൂല്യം 7000 കോടി രൂപ. അതില്‍ വേലുമണിയുടെ കൈവശമുണ്ടായിരുന്ന ഓഹരികളുടെ മൂല്യം ഏതാണ്ട് 5000 കോടി രൂപ! അതായത് വെറും ഒരു ലക്ഷം രൂപ കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനം അതിന്റെ സ്ഥാപകന് ഇപ്പോള്‍ തിരിച്ചു നല്‍കിയത് 5000 കോടി രൂപ.

തമിഴ് ചുവയുള്ള ഇംഗ്ലീഷില്‍, കേട്ടിരിക്കുന്നവരില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തുകൊണ്ട് പലവട്ടം വേലുമണി തന്റെ സംരംഭക യാത്ര പല വേദികളില്‍ ഇതിനകം പറഞ്ഞിട്ടുണ്ട്. സരസമായി അദ്ദേഹം പറയുന്ന കഥകളിലെല്ലാം തന്നെയുണ്ട് കണ്ണീരിന്റെ നനവും കഠിനാധ്വാനത്തിന്റെ കരുത്തും.

കോയമ്പത്തൂരിന് സമീപമുള്ള ഒരു ഗ്രാമത്തിലെ സ്വന്തമായി ഭൂമിയിലാത്ത ഒരു കര്‍ഷകന്റെ മകനായി ജനിച്ച എ. വേലുമണി 7000 കോടി മൂല്യമുള്ള സംരംഭം കെട്ടിപ്പടുത്ത രീതി ഏതൊരു സംരംഭകനും കണ്ടുപഠിക്കേണ്ട ഒന്നാണ്.

ഉച്ചഭക്ഷണമെന്ന ഏറ്റവും വലിയ ആകര്‍ഷണത്തില്‍ കുരുങ്ങി കീറിയ ട്രൗസറുമായി സ്‌കൂളില്‍ പോയിരുന്ന ഒരു കുട്ടിക്കാലം വേലുമണിക്കുണ്ട്. വിദ്യാഭ്യാസത്തിന് ഏറെ മൂല്യം നല്‍കിയിരുന്ന വേലുമണിയുടെ മാതാപിതാക്കള്‍ എങ്ങനെയും മക്കളെ പഠിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അക്കാലത്തെ ഓര്‍ത്ത് പിന്നീടൊരിക്കല്‍ വേലുമണി പറഞ്ഞിട്ടുണ്ട്. ''പൊതുവേ ബിസിനസുകാര്‍ ചുരുങ്ങിയ വിഭവസമ്പത്ത് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന കാര്യത്തില്‍ പരാജയപ്പെടുകയോ അക്കാര്യം വിട്ടുപോകുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഞാന്‍ കുട്ടിക്കാലം മുതലേ ഒരു വിഭവസമ്പത്തുമില്ലാതെ കാര്യങ്ങള്‍ എങ്ങനെ മാനേജ് ചെയ്യാമെന്നാണ് പഠിച്ചത്.''

1978ല്‍ കെമിസ്ട്രിയില്‍ ബിരുദമെടുത്ത വേലുമണി ജോലി തേടി പല വാതിലുകളും മുട്ടി. പ്രവൃത്തി പരിചയമില്ലാത്തതിനാല്‍ ജോലി കിട്ടിയില്ല. ഒടുവില്‍ കോയമ്പത്തൂരിലെ ചെറിയൊരു ഫാര്‍മ കമ്പനിയില്‍ ജോലി കിട്ടിയെങ്കിലും അത് പൂട്ടിയതോടെ വീണ്ടും തൊഴില്‍ രഹിതനായി. ''അക്കാലത്ത് എന്റെ കൈയില്‍ ചില്ലി പൈസയില്ല. കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ കാശില്ല. അതുകൊണ്ട് ഫുള്‍ടൈം കോയമ്പത്തൂരിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ പോയിരിപ്പായി. അവിടെ വെച്ചാണ് ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സയന്റിഫിക് അസിസ്റ്റന്റിനെ ക്ഷണിച്ചുകൊണ്ടുള്ള പത്ര പരസ്യം കാണുന്നത്. അതാണ് ജീവിതത്തിലെ നാഴികകല്ല്,'' വേലുമണി പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ജീവിതം സുരക്ഷിതമായെന്ന വിശ്വാസത്തില്‍ അപേക്ഷിച്ചു. മൂന്ന് തവണ ബോംബെയില്‍ പോയി ടെസ്‌റ്റെഴുത്തും ഇന്റര്‍വ്യുവും മെഡിക്കല്‍ പരിശോധനയുമെല്ലാം നടത്തി. ഒടുവില്‍ ആ ജോലി വേലുമണിക്ക് ലഭിച്ചു. തൈറോയ്ഡ് ടെസ്റ്റിംഗ് വിഭാഗത്തിലായിരുന്നു വേലുമണിക്ക് പോസ്റ്റിംഗ്. വിരസമായ ജോലി ആയതിനാല്‍ അത് മാറ്റാന്‍ പിന്നെയും ലൈബ്രറിയെ ആശ്രയിച്ചു തുടങ്ങി. തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ച് കിട്ടാവുന്നതെല്ലാം വായിച്ചു. അനുബന്ധമേഖലകളെ കുറിച്ചെല്ലാം വായിച്ചറിഞ്ഞു. അത് പിന്നീട് അറിവിന്റെ പുതിയ മേഖലകളിലേക്ക് വേലുമണിയെ തിരിച്ചുവിട്ടു. ബാര്‍ക് ജീവനക്കാരനായിരിക്കെ തന്നെ ബിരുദാന്തര ബിരുദവും പി എച്ച്ഡിയും എടുത്തു.
തൈറോകെയര്‍ എന്ന വലിയയാത്ര
ബാര്‍ക്കില്‍ 14 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ശേഷമാണ് വേലുമണി സ്വന്തം സംരംഭമെന്ന സ്വപ്‌നത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. '' അന്ന് എന്റെ ഭാര്യ എസ് ബി ഐയില്‍ ജോലി ചെയ്യുകയാണ്. ജോലി വിട്ട് സംരംഭം തുടങ്ങി അതെങ്ങാനും പ്രശ്‌നത്തിലായാലും ജീവിച്ചുപോകാമെന്ന് തോന്നി,'' തന്റെ തുടക്കത്തെ കുറിച്ച് വേലുമണി പറയുന്നത് ഇങ്ങനെയാണ്. പിഎഫില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപയുമായി സൗത്ത് മുംബൈയില്‍ ഒരു തൈറോയ്ഡ് ടെസ്റ്റിംഗ് ലാബ് വേലുമണി തുടങ്ങി.

സംരംഭകനായി മാറിയ ആ ശാസ്ത്രജ്ഞന്റെ ഏറ്റവും വലിയ പ്രത്യേകത കുറഞ്ഞ ഫീസ് നിരക്കായിരുന്നു. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി മുന്നോട്ട് പോവുകയെന്നതായിരുന്നു വേലുമണിയുടെ തന്ത്രം. ഇതിനായി പരമാവധി സാംപിളുകള്‍ ശേഖരിച്ചു. പരിശോധനകള്‍ മുഴുവന്‍ രാത്രിയില്‍ തീര്‍ക്കും. അതിരാവിലെ ഫലം അതത് കേന്ദ്രങ്ങളില്‍ എത്തിക്കും. കുറഞ്ഞ ചെലവില്‍, അതിവേഗം, കുറ്റമറ്റ പരിശോധനാ സംവിധാനം നിലവില്‍ വന്നതോടെ തൈറോകെയര്‍ മുന്നോട്ട് കുതിക്കാന്‍ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുംബൈയിലെ പ്രോസസിംഗ് ലാബിലേക്ക് സാംപിളുകള്‍ എത്തിച്ചായിരുന്നു ആദ്യകാലത്ത് ടെസ്റ്റുകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് കമ്പനിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പ്രോസസിംഗ് ലാബുകളുണ്ട്.

തൈറോയ്ഡ് ടെസ്റ്റിംഗിന് പുറമേ മെഡിക്കല്‍ ചെക്കപ്പ്, രക്തപരിശോധനകള്‍ തുടങ്ങി വിവിധ മേഖലകളിലേക്കും കമ്പനി കടന്നു. പരിശോധനകളുടെ ചെലവ് വന്‍തോതില്‍ കുറച്ചുനിര്‍ത്തി കമ്പനിയുടെ കാര്യക്ഷമത പരമാവധി വിനിയോഗിക്കുക എന്ന തന്ത്രമാണ് വേലുമണി എക്കാലവും സ്വീകരിച്ചിരുന്നത്. രാജ്യത്തെ മെഡിക്കല്‍ പരിശോധനാ രംഗത്തെ ഫീസ് നിരക്കുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തലത്തില്‍ നിര്‍ത്തുന്നതില്‍ മുഖ്യപങ്ക് തന്നെ വേലുമണി വഹിച്ചിട്ടുണ്ട്.

2016ലാണ് തൈറോകെയര്‍ ടെക്‌നോളജീസ് ഓഹരി വിപണിയിലേക്ക് എത്തുന്നത്. വ്യക്തി ജീവിതത്തിലും സംരംഭക ജീവിതത്തിലും കരുത്തായി കൂടെ നിന്ന് ഭാര്യ സുമതി മരിച്ചത് വേലുമണിയെ വല്ലാതെ ഉലച്ച സംഭവമാണ്. ഒരു മകനും ഒരു മകളും ഉണ്ടെങ്കിലും തൈറോകെയറിനെ അവര്‍ക്ക് കൈമാറാതെ ഓഹരികള്‍ വിറ്റൊഴിയാനാണ് വേലുമണി തയ്യാറായത്.

''ഈ ഡീലിന്റെ പേരില്‍ എന്നെ ഏറെ പേര്‍ ഭ്രാന്തനെന്ന് വിളിച്ചേക്കാം. എനിക്കറിയാം ഈ കമ്പനിക്ക് ഇനിയും വലിയ സാധ്യതയുണ്ട്. പക്ഷേ അതിലേക്ക് കമ്പനിയെ കൊണ്ടുപോകാന്‍ ശരിയായ വ്യക്തി ഒരുപക്ഷേ ഞാനാവില്ല. ഈഗോയില്ലാത്തവര്‍ ആ ഘട്ടത്തില്‍ കമ്പനിയെ കൈമാറുക തന്നെയാണ് വേണ്ടത്. ഞാനും അതാണ് ചെയ്തത്,'' ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വേലുമണി പറയുന്നു. ഒരു സംരംഭകന്‍ വെറും മാനേജരല്ല, ക്രിയേറ്ററായിരിക്കണമെന്ന് ശഠിക്കുന്ന വേലുമണിയുടെ ഈ നീക്കത്തില്‍ അദ്ദേഹത്തെ അറിയുന്നവര്‍ ഞെട്ടുന്നുണ്ടാകില്ല.

വേലുമണിക്കൊപ്പം ബാര്‍ക്കില്‍ കരിയര്‍ ആരംഭിച്ചവരെല്ലാം ഇപ്പോള്‍ ജോലിയില്‍ നിന്ന് വിരമിച്ചു. അതുപോലെ വേലുമണിയും തിരിക്കുകള്‍ വിട്ട് മറ്റൊരു റോളിലേക്ക് മടങ്ങുന്നു. പക്ഷേ ഒരു വ്യത്യാസം മാത്രം. ജോലിയില്‍ നിന്ന് വിരമിച്ച വേലുമണിയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഒരു പക്ഷേ സമ്പാദ്യമായി അഞ്ചോ പത്തോ കോടികള്‍ കണ്ടേക്കും. എന്നാല്‍ വേലുമണി സംരംഭത്തിന്റെ പടിയിറങ്ങുന്നത് 5,000 കോടി രൂപയുമായാണ്!


Related Articles
Next Story
Videos
Share it