Begin typing your search above and press return to search.
1400 രൂപ ശമ്പളത്തില്‍ നിന്ന് അനൂജ് മുന്ദ്ര എങ്ങനെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഉടമയായി?
ജീവിത വിജയംകൊണ്ട് ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമായി തീര്‍ന്ന ഒരുപാട് സംരംഭകര്‍ ഉണ്ട്. അതില്‍ വളരെ കുറച്ചുപേരെ മാത്രമെ നമ്മള്‍ അറിയു എന്ന് മാത്രം.
പലപ്പോഴും ഇത്തരം ആളുകളുടെ വിജയമല്ല, അവരുടെ കഴിഞ്ഞ കാലവും ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടവും താരതമ്യപ്പെടുത്തുകയാണ് എല്ലാവരും ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ അനൂജ് മുന്‍ദ്രയെപ്പോലെ നിങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന മറ്റൊരാള്‍ ഉണ്ടാകില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അനൂജിന് ജയ്പൂരിലെ ഒരു സാരിക്കടയിലായിരുന്നു ജോലി. മാസ ശമ്പളം 1400 രൂപ. തുച്ഛമായ വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ വേറെ വഴികള്‍ തേടി. അങ്ങനെ 2003ല്‍ തുണിക്കടയില്‍ നിന്ന് ലഭിച്ച അനുഭവ സമ്പത്തുമായി അയാള്‍ ചുരിദാര്‍ തുണി എത്തിച്ചുകൊടുക്കുന്ന കച്ചവടം തുടങ്ങി. ഹോള്‍സെയില്‍ വിലയ്‌ക്കെടുക്കുന്ന തുണിപ്പീസുകള്‍ മറ്റ് കച്ചവടക്കാര്‍ക്ക് ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു. പതുക്കെ ആ കച്ചവടത്തില്‍ നിന്ന് മിച്ചം പിടിച്ച പൈസകൊണ്ട് അയാള്‍ ജയ്പൂരില്‍ ഒരു ബ്ലോക്ക് സ്‌ക്രീന്‍ പ്ലിന്റിങ് യുണിറ്റ് (തുണിയില്‍ ഡിസൈന്‍ പ്രിന്റ് ചെയ്യുന്ന) തുടങ്ങി.
വഴിത്തിരിവായ ഡല്‍ഹി യാത്ര
ഒരിക്കല്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ ആണ് സ്‌നാപ്ഡീലിന്റെയും ജബോംഗിന്റെയുമൊക്കെ( ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ട് എറ്റെടുത്തു) വലിയ പരസ്യ ബോര്‍ഡുകള്‍ അനൂജ് കാണുന്നത്. 2012ലെ ആ യാത്രക്കിടെ അനൂജിന് തോന്നി ഇനി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ കാലമായിരിക്കും വരുകയെന്ന്. ഇത്തരം സൈറ്റുകളില്‍ തങ്ങളുടെ തുണിത്തരങ്ങളും വില്‍ക്കണം എന്ന ചിന്തയുമായാണ് അയാള്‍ ജയ്പൂരിലേക്ക് തിരികെ വണ്ടികയറിയത്.
നാട്ടിലെത്തിയ ശേഷം അനൂജ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കണ്ട് കമ്പനി തുടങ്ങാനുള്ള നൂലാമാലകള്‍ ഒക്കെ മനസിലാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും കയ്യില്‍ നിന്നായി 50,000 രൂപ സംഘടിപ്പിച്ചു. പോരാത്തതിന് ബാങ്ക് ലോണും. വര്‍ഷങ്ങള്‍ക്കിപ്പുറം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത, ജയ്പൂര്‍ കുര്‍ത്തീസിന്റെ മാതൃസ്ഥാപനം "നന്ദനി ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്" എന്ന സ്ഥാപനത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.
കിട്ടിയ പൈസകൊണ്ട് തയ്യല്‍ മെഷീനും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ശരിയാക്കി കര്‍ത്താപ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കുര്‍ത്തികള്‍ തയ്ക്കുന്ന യുണിറ്റ് ആരംഭിച്ചു. അനുജിന്റെ ഭാര്യ അഞ്ജന കുര്‍ത്തികള്‍ ഡിസൈന്‍ ചെയ്തു. അങ്ങനെ അനൂജിന്റെ കമ്പനി സ്‌നാപ്ഡീലിലും ജബോംഗിലും ഉത്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിച്ചു. സ്വന്തമായി ജയ്പൂര്‍കുര്‍ത്തി.കോം എന്ന വെബ്‌സൈറ്റും ആരംഭിച്ചു.
തുടക്കത്തില്‍ നാല് കുര്‍ത്തികള്‍ അയച്ചാല്‍ മൂന്നും റിട്ടേണ്‍ വരുന്ന അവസ്ഥയായിരുന്നു. ലോജിസ്റ്റിക്‌സ് മുതല്‍ എല്ലാക്കാര്യങ്ങളിലും പ്രയാസം നേരിട്ടു.
അപ്പോഴും എല്ലാം ശരിയാകും എന്ന വിശ്വാസവും അമ്മയുടെയും ഭാര്യയുടെയും പിന്തുണയുമാണ് അനൂജിനെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചത്.
കുര്‍ത്തികള്‍ ഓർഡര്‍ ചെയ്യുന്നവര്‍ക്ക് കവറില്‍ തന്റെ കമ്പനിയെക്കുറിച്ചെഴുതിയ പാംലെറ്റും ഡിസ്‌കൗണ്ട് കൂപ്പണുകളും അനൂജ് വെക്കാന്‍ തുടങ്ങി. ഇന്ന് സ്ത്രീകളുടെ എത്ത്‌നിക് വസ്ത്രങ്ങളിലെ രാജ്യത്തെ പ്രധാന ബ്രാന്റ് ആയി ജയ്പൂര്‍ കുര്‍ത്തി മാറി.
കുര്‍ത്തി, പലാസോ, ടോപ്പ് തുടങ്ങി മറ്റ് വസ്ത്രങ്ങളും ജയ്പൂര്‍ കുര്‍ത്തിയെന്ന ബ്രാന്റിന്റെ കീഴില്‍ ഇന്ന് വില്‍പ്പനയ്‌ക്കെത്തുന്നു. ഇതിനിടയില്‍ ഓസ്‌ട്രേലിയ, യുകെ, മലേഷ്യ, യുഎസ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കും ജയ്പൂര്‍ കുര്‍ത്തി എത്തി.
2016ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇടത്തരം കമ്പനികള്‍ക്കും വേണ്ടിയുള്ള നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) എമര്‍ജില്‍ നന്ദനി ക്രിയേഷന്‍സ് ലിസ്റ്റ് ചെയ്യപ്പെട്ടു. 14,44,000 ഓഹരികള്‍ വിറ്റഴിച്ചതിലൂടെ 4,04,32,000 രൂപയാണ് അന്ന് സമാഹരിച്ചത്. വരുംകാലത്ത് എന്‍എസ്ഇയുടെ പ്രധാന ബോര്‍ഡില്‍ കമ്പനിയെ ലിസ്റ്റ് ചെയ്യാനും അനൂജിന് പദ്ധതിയുണ്ട്. 2018ല്‍ ആണ് നന്ദിനി ക്രിയേഷന്‍സ് ലിമിറ്റഡ് ജയ്പൂര്‍ കുര്‍ത്തിയുടെ ആദ്യ ഫ്ലാഗ്ഷിപ്പ് ഷോറൂം തുറക്കുന്നത്. ഇന്ന് ജയ്പൂരിൽ മൂന്ന് ഷോറൂമുകളുണ്ട് കമ്പനിക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 43.7 കോടിയുടെ വിറ്റുവരവാണ് സ്ഥാപനം നേടിയത്. 2023ല്‍ 100 കോടിയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.
Next Story
Videos