ദിലീപ് ജോര്‍ജ്: ഇലോണ്‍ മസ്‌കിനെ അതിശയിപ്പിച്ച ഇടുക്കിക്കാരന്‍!
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് സ്‌കൂളില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും ശാസ്ത്ര അധ്യാപകരും ചേര്‍ന്ന് ഒരു ശാസ്ത്രവേദി സംഘടിപ്പിക്കാനൊരുങ്ങി. ഇന്റര്‍നെറ്റിന്റെ പിന്തുണയില്ലാതിരുന്ന അന്നത്തെ കാലഘട്ടത്തില്‍ സ്വന്തം പരീക്ഷണങ്ങളിലൂടെ ഒരു ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി കെമിക്കല്‍ മാജിക് ഷോയുമായി മുന്നോട്ട് വന്നു. അന്നവിടെ മാജിക് മാത്രമല്ല പരീക്ഷണങ്ങളിലൂടെ തീജ്വാലകളും രൂപപ്പെട്ടു. വിസ്മയവും അതിലേറെ ഭയവുമായിരുന്നു അവിടെ തടിച്ചു കൂടിയ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കണ്ണിലുണ്ടായത്. എന്നാല്‍ ആ തീജ്വാലയെ ഉള്ളില്‍ പേറിയ അന്നത്തെ ആ ഒമ്പതാം ക്ലാസുകാരന്‍ പിന്നീടാ തീക്കനലില്‍ ഇട്ട് തന്റെ സ്വപ്‌നത്തെ ഊതിമിനുക്കി. ആ 14 വയസുകാരന്‍ ഇന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ തന്റെ കമ്പനിയില്‍ റോബോട്ടുകളുടെ തലച്ചോര്‍ വികസിപ്പിക്കുന്നതിന്റെ പണിപ്പുരയിലാണ്. ആഗോള ഭീമന്മാരായ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്, ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ ബര്‍ഗ്, ആമസോണ്‍ സിഇഒ ജെഫ് ബെസോസ്, ഹോളിവുഡ് നടന്‍ ആഷ്റ്റണ്‍ കുച്ചര്‍, സണ്‍ മൈക്രോസിസ്റ്റംസ് സ്ഥാപകന്‍ വിനോദ് ഖോസ്ലയുമൊക്കെ കണ്ണുവെച്ച വൈക്കേരിയസ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയുടെ സഹസ്ഥാപകന്‍, ദിലീപ് ജോര്‍ജ്.
'യുറേക്ക ബോയ്'
കരിമണ്ണൂരില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന അച്ചാമ്മ ടീച്ചറുടെ മകന്‍ എങ്ങനെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സിലിക്കണ്‍ വാലിയിലെ തന്നെ നമ്പര്‍ വണ്‍ കമ്പനിയില്‍ എത്തിയെന്നതിന് കരിമണ്ണൂരുകാര്‍ക്ക് വലിയ അതിശയമൊന്നുമില്ല. കാരണം എല്ലാ കുട്ടികളും കളിപ്പാട്ടങ്ങള്‍ക്കായി വാശിപിടിച്ചിരുന്ന കാലത്ത് യുറേക്ക മാസികയ്ക്ക് വേണ്ടി വിശന്നിരുന്ന കുട്ടിയായിരുന്നു ദിലീപ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു മോശം വാക്കായി കണ്ടിരുന്ന തൊണ്ണൂറുകളില്‍ എഐയില്‍ ഗവേഷണം തുടങ്ങിയ ദിലീപ് നിലവിലുള്ള എഐ സമവാക്യങ്ങളെ തകര്‍ത്ത് സാമാന്യബുദ്ധി കൂടി അടങ്ങിയ ജനറല്‍ ഇന്റലിജന്‍സിലേക്കുള്ള ഐതിഹാസിക യാത്രയാണ് നടത്തുന്നത്. ന്യൂയോര്‍ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ വൈക്കേരിയസിന്റെ പുത്തന്‍ കണ്ടെത്തലുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്.
മാന്‍കൂട്ടങ്ങളില്‍ നിന്ന് പുലിക്കുട്ടികളിലേക്ക്
പത്താം ക്ലാസ് വരെ കരിമണ്ണൂരില്‍, പിന്നീട് കലൂര്‍ മോഡല്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക്.
മാനുകളോടിക്കളിക്കുന്ന, വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന മദ്രാസ്
ഐഐടിയെക്കുറിച്ച് അമ്മയാണ് ദിലീപിനോട് പറഞ്ഞത്. പ്രവീണ്‍ എന്നൊരു സുഹൃത്തുമായി ചേര്‍ന്ന് സെലക്ഷന്‍ കോഴ്സിന്റെ ഭാഗമായി. ഒടുവില്‍ 1994ലെ ഫലമെത്തിയപ്പോള്‍ പ്രവേശനം നേടിയത് 'പുലിക്കുട്ടികളു'ള്ള ഐഐടി മുംബൈ കാംപസില്‍.
അറിവും അനുഭവവും നിറച്ച് 1998ല്‍ ഐഐടിയോട് വിടപറഞ്ഞപ്പോള്‍ വിദേശത്ത് ഉപരിപഠനമായിരുന്നു സ്വപ്‌നം. പക്ഷേ പണമില്ലാത്തതിനാല്‍ ബംഗളൂരുവിലെ ഒരു ഐ.റ്റി കമ്പനിയില്‍ ജോലിക്കു കയറി. സ്റ്റാന്‍ഫഡ്, ബെര്‍ക്ലി തുടങ്ങി യുഎസിലെ എട്ട് പ്രധാന സര്‍വകലാശാലകളിലേക്ക് ഒരുമിച്ചാണ് അക്കാലത്ത് അപേക്ഷിച്ചതെ ങ്കിലും സ്റ്റാന്‍ഫഡ് എന്നതായിരുന്നു ഓപ്ഷന്‍ എ, ഓപ്ഷന്‍ ബിയും. കാരണം ദിലീപ് ജോര്‍ജിന്റെ സ്റ്റൈല്‍ അങ്ങനെയാണ്. ഒന്നിലധികം ചോയ്സുകളില്ല. ലക്ഷ്യമിടുക, നേടുന്നതു വരെ പരിശ്രമിക്കുക. 'ബംഗളൂരുവില്‍ മൂന്നു കൊല്ലം ജോലിയെടുത്ത് കിട്ടിയ പണവുമായി പോയത് സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ സോഫ്റ്റ്വെയര്‍ കമ്പനിയിലേക്കായിരുന്നു. എന്നാല്‍ രണ്ടാമത്തെ മാസം സ്റ്റാന്‍ഫഡില്‍ നിന്നും ഗവേഷണത്തിന് കത്തു വന്നു. വയര്‍ലെസ് സാങ്കേതികവിദ്യയിലായിരുന്നു തുടങ്ങിയതെങ്കിലും ആദ്യ വര്‍ഷം കാംപസില്‍ നടന്ന സെമിനാര്‍ പരമ്പരയില്‍ തലച്ചോറ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ മനസിലുടക്കി. ഇതോടെ ന്യൂറോസയന്‍സ്, സൈക്കോളജി, മെഷീന്‍ ലേണിംഗ് എന്നീ വിഷയങ്ങളും ഒപ്പമെടുത്തു. പാം കംപ്യൂട്ടിംഗിന്റെ സ്ഥാപകനായ ജെഫ് ഹോക്കിന്‍സുമായി ചേര്‍ന്ന് ന്യുമെന്റ് എന്ന എഐ കമ്പനി ആരംഭിച്ചു.' ആവേശം നിറഞ്ഞ ആ കഥ സിനിമ പോലെ ദിലീപ് പറഞ്ഞു.
ന്യുമെന്റയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ജെഫ് ദിലീപിനോട് പറഞ്ഞു. 'ആറുമാസം കഴിഞ്ഞും പുതിയ കമ്പനി തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ന്യുമെന്റയിലേക്ക് തിരികെ വരാം'. അങ്ങനെ പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ സ്‌കോട്ട് ഫീനിക്സുമായി ചേര്‍ന്ന് 2010ല്‍ വൈക്കേരിയസ് തുടങ്ങി. എന്ത് ഭീകര പ്രോഗ്രാമിംഗും റോബോട്ടിക്‌സില്‍ സാധ്യമാണെന്നിരിക്കെ കോമണ്‍ സെന്‍സ് അഥവാ സാമാന്യബുദ്ധിയുള്ള റോബോട്ട് നിര്‍മിക്കലാണ് ഇന്ന് വൈക്കേരിയസിന്റെ ഗവേഷണം. അടച്ചിട്ട ഒരു മുറിയില്‍ നിന്നു പുറത്തിറങ്ങണമെങ്കില്‍ കതകു തുറക്കണമെന്ന് നമുക്കറിയാം. പക്ഷേ ഇതൊക്ക ഒരു യന്ത്രമനുഷ്യനെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യങ്ങളാണ്. ഈ സാമാന്യബുദ്ധി അഥവാ ജനറല്‍ ഇന്റലിജന്‍സിലേക്കുള്ള യാത്രയാണ് വൈക്കേരിയസ് നടത്തുന്നത്. യന്ത്രങ്ങള്‍ക്ക് അസാധ്യമെന്ന് തോന്നുന്ന പലതും സാധ്യമാക്കുന്ന സയന്‍സ്.
അടുത്ത അഞ്ച് വര്‍ഷത്തില്‍ എന്താണ് വൈക്കേരിയസ് ചെയ്യുക എന്നത് ഇപ്പോഴേ ദിലീപിനറിയാം. അതില്‍ ഓപ്ഷന്‍ 'ബി' ഇല്ല. 'എ' എന്ന ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്റ്സ് മാത്രം. പാക്കേജിംഗും ഡ്രൈവിംഗും മുതല്‍ കാട്ടുതീയോ ഭൂകമ്പമോ പോലെയുള്ള ദുരന്ത നിവാരണത്തില്‍ വരെ സഹായകമാക്കാവുന്ന സാമാന്യബുദ്ധിയുള്ള റോബോട്ടുകള്‍. ആ ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോള്‍ ദിലീപ് പറയുന്നു, പരാജയങ്ങള്‍ ആയിരമായിരിക്കാം. എന്നാല്‍ ലക്ഷ്യം വിജയം മാത്രമായിരിക്കണം!
മസ്‌കിനെ ഞെട്ടിച്ച കഥ
വൈക്കേരിയസിലെ നിക്ഷേപകനും വൈക്കേരിയസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഫെയ്സ്ബുക് സഹസ്ഥാപകന്‍ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്സ് ആണ് വൈക്കേരിയസിനെ ഫെയ്സ്ബുക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗിനു പരിചയപ്പെടുത്തുന്നത്. അടുത്ത ദിവസം ദിലീപിനെയും സ്‌കോട്ടിനെയും വീട്ടിലേക്കു വിളിപ്പിച്ചു. ഫെയ്സ്ബുക് സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീം രൂപീകരിക്കുന്ന സമയമായിരുന്നു. വീട്ടിലെ കൂടികാഴ്ചയ്ക്കു ശേഷം ഫെയ്സ്ബുക് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. അവിടെ ഫെയ്സ്ബുക് എഐ ടീമിന് ഒത്ത നടുക്ക് ദിലീപിനെയും സ്‌കോട്ടിനെയും ഇരുത്തി. സക്കര്‍ബര്‍ഗ് ഒരു വശത്തിരുന്നു. പിന്നെ ചോദ്യങ്ങളുടെ പൂരമായി.
സ്വന്തം ടീമിനെ ഉപയോഗിച്ച് വൈക്കേരിയസിന്റെ മൂല്യം കണക്കാക്കുകയായിരുന്നു സക്കര്‍ബര്‍ഗ്. മീറ്റിംഗ് കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പുഞ്ചിരി. രണ്ടാം റൗണ്ട് ഫണ്ടിംഗിലെ ആദ്യ നിക്ഷേപം സക്കര്‍ബര്‍ഗ് വക. തീര്‍ന്നില്ല, കൂടുതല്‍ നിക്ഷേപത്തിനായി സുഹൃത്തായ ഇലോണ്‍ മക്സിനെ പോയി കാണാന്‍ ഇരുവരെയും പറഞ്ഞുവിട്ടതും സക്കര്‍ബര്‍ഗ് തന്നെ. ഇലോണ്‍ മസ്‌കുമായുള്ള കൂടികാഴ്ച ടെസ്ല ആസ്ഥാനത്തു വച്ചായിരുന്നു. നടക്കാത്ത കാര്യങ്ങള്‍ വല്ലതും തട്ടിവിട്ടാല്‍ മുഖത്തുനോക്കി 'ബുള്‍ഷിറ്റ്' എന്നു പറയുന്ന പ്രകൃതമാണ് മസ്‌ക്കിന്റേത്. ദിലീപ് പറഞ്ഞതെല്ലാം സസൂക്ഷ്മം കേട്ടിരുന്നു. ഒടുവില്‍ പറഞ്ഞു 'ഞാന്‍ നിങ്ങളുടെ ഓഫീസിലേക്കു വരുകയാണ്'. അത് വെറും വാക്കായിരുന്നില്ല. അതു സംഭവിച്ചു.