ലോകത്തെ ഞെട്ടിക്കുന്ന കോഴിക്കോട്ടെ പ്രോജക്റ്റിന്റെ അമരക്കാരന്‍ ഫൈസല്‍ ഇ കോട്ടിക്കോളന്‍ സംരംഭകരോട് പങ്കുവയ്ക്കുന്ന ബിസിനസ് മന്ത്രങ്ങള്‍

കോഴിക്കോട് വിമാനത്താവളത്തിനോടടുത്ത് 30 ഏക്കറില്‍ ഒരു വിസ്മയലോകം ഒരുങ്ങുകയാണ്. കെഫ് ഹോള്‍ഡിംഗ്‌സ് (KEF Holdings) അവതരിപ്പിക്കുന്ന ഒരുപക്ഷേ, രാജ്യത്ത് തന്നെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ക്ലിനിക്കല്‍ വെല്‍നസ് റിസോര്‍ട്ട്തുല (Tulah). തുല എന്നാല്‍ സന്തുലനം. 800 കോടി നിക്ഷേപത്തോടെ കേരളത്തില്‍ വരുന്ന ഈ സമഗ്ര വെല്‍നസ് റിസോര്‍ട്ട് ബ്രാന്‍ഡ് ലോകത്തെ കേരളത്തിലേക്ക് മാടിവിളിക്കുന്ന സമാനതകളില്ലാത്ത ഒന്നാകും. ഇതിന്റെ അമരക്കാരായ ഫൈസല്‍ ഇ കോട്ടിക്കോളന്റെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളി ഷബാന ഫൈസലിന്റെയും ഇതുവരെയുള്ള സംരംഭകയാത്രയും ജീവിതവീക്ഷണവും നോക്കിയാല്‍ മതിയാകും അക്കാര്യം ഉറപ്പിക്കാന്‍.

കേരളത്തിലെ അതുല്യ സംരംഭക പ്രതിഭകളിലൊരാളായ പികെ അഹമ്മദിന്റെ രണ്ടാമത്തെ മകന്‍ ഫൈസല്‍ ഇ കോട്ടിക്കോളന്‍ ലോകോത്തര സംരംഭക വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മൂന്ന് ഫൗണ്ടറികളില്‍ ഒന്നായി മാറിയ 'എമിറേറ്റ്‌സ് ടെക്‌നോ കാസ്റ്റിംഗ'് എന്ന കമ്പനി പടുത്തുയര്‍ത്തുകയും പിന്നീട് ആ സ്റ്റേറ്റ് ഓഫ് ആര്‍ട്ട് കമ്പനിയെ ടൈകോ ഇന്റര്‍നാഷണലിന് വില്‍പ്പന നടത്തി, മറ്റനേകം മേഖലകളിലേക്ക് പടര്‍ന്നുകയറുകയും ചെയ്ത ഫൈസല്‍ ഇ കൊട്ടിക്കോളനും ഷബാന ഫൈസലും നേതൃത്വം നല്‍കുന്ന 'ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍' കോഴിക്കോട് നടക്കാവ് സ്‌കൂളില്‍ സൃഷ്ടിച്ച വിപ്ലവം കൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ അദ്ദേഹം ജനകീയനായത്. ബിസിനസ് രംഗത്തും സാമൂഹ്യപ്രതിബദ്ധതയുടെ കാര്യത്തിലും ഫൈസലും ഷബാനയും നടക്കുന്ന വഴികള്‍ അനന്യമാണ്.
അടുത്തിടെ 'ടൈ കേരള' കൊച്ചിയില്‍ സംഘടിപ്പിച്ച കോഫി പേ ചര്‍ച്ചയില്‍, സി.ഐ.ഐ കേരള ചെയര്‍മാനും മാന്‍ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ജീമോന്‍ കോരയുമായി നടത്തിയ സംഭാഷണത്തില്‍ ഫൈസല്‍ ഇ കൊട്ടിക്കോളന്‍ പങ്കുവെച്ചത് തന്റെ സംരംഭക, ജീവിത വീക്ഷണങ്ങള്‍ കൂടിയാണ്. സദസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലുമുണ്ടായിരുന്നു വേറിട്ട ചിന്തകളുടെ നിഴല്‍പ്പാടുകള്‍. ഫൈസല്‍ ഇ കൊട്ടിക്കോളന്റെ വേറിട്ട ആ ചിന്തകള്‍, ജീവിത വീക്ഷണങ്ങള്‍, തനിക്ക് ചുറ്റിലുമുള്ള സമൂഹത്തോടുള്ള കടമയുടെ ഓര്‍മ്മപ്പെടുത്തലുകള്‍...
ബിസിനസില്‍ വിജയിക്കാന്‍
1. വേണം മൂന്ന് p കള്‍; ഏത് രംഗത്തും വിജയിക്കാം

Purpose, Passion, Profit ഇവ മൂന്നുമുണ്ടെങ്കില്‍ നിങ്ങള്‍ ഏത് രംഗത്താണോ നിലകൊള്ളുന്നതെന്ന ഭേദമില്ലാതെ മികവാര്‍ജ്ജിക്കാന്‍ സാധിക്കും. ബിസിനസ് തുടങ്ങുമ്പോള്‍ പലര്‍ക്കും പണമുണ്ടാക്കാനുള്ള ആഗ്രഹമാകും മുന്നില്‍ നില്‍ക്കുക. പക്ഷേ, കുറച്ച് കഴിയുമ്പോള്‍ നമുക്ക് തന്നെ വിരസത തോന്നും. തീര്‍ക്കാനുള്ള ജോലികള്‍, മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം ചെയ്യുന്ന ജോലി നമ്മെ മടുപ്പിക്കും. ഇതിനെ മറികടക്കാന്‍ പണത്തിനപ്പുറം ഒരു പര്‍പ്പസ് നമുക്കുണ്ടായിരിക്കണം. എന്തിനാണ് നാം ഇതെല്ലാം ചെയ്യുന്നത് എന്നതിന് കൃത്യമായ ഉത്തരം നമുക്ക് തന്നെ സ്വയം ലഭിക്കണം.

ഇന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആശയം സാക്ഷാത്കരിക്കാനുള്ള ഫണ്ടിന് ക്ഷാമം കാണില്ല. പക്ഷേ, പ്രസ്ഥാനം ആരംഭിച്ചു കഴിഞ്ഞാല്‍ അത് ഓടാന്‍ അല്ലെങ്കില്‍ നടക്കാനുള്ള പണം എവിടെ നിന്ന് വരുമെന്നതിനെ കുറിച്ച് വ്യക്തത വേണം. ബിസിനസ് ലാഭകരമായ കാര്യം തന്നെ ആയിരിക്കണം. ആരാണോ നിങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താവ്, അവര്‍ക്ക് നിലവില്‍ ലഭിക്കുന്ന സേവനമോ അല്ലെങ്കില്‍ ഉല്‍പ്പന്നമോ എന്താണ്? അതിന്റെ വിലയും മൂല്യവുമെന്താണ്? അതില്‍ നിന്ന് ഉയര്‍ന്ന മൂല്യത്തില്‍ എന്നാല്‍ കുറഞ്ഞ വിലയില്‍, നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്ന വിധത്തില്‍ അത് നല്‍കാനുള്ള റിസോഴ്‌സ് മുന്നിലുണ്ടോ എന്നൊക്കെ പരിശോധിച്ചിട്ടുവേണം സംരംഭത്തിലേക്ക് പ്രവേശിക്കാന്‍. അതുപോലെ അദമ്യമായ അഭിലാഷം തന്റെ ആശയത്തോടും പ്രസ്ഥാനത്തോടും വേണം. കാല്‍ നൂറ്റാണ്ടിനു മുമ്പ് യുഎഇയില്‍ ഒരു ബിസിനസ് തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ അവിടെ ഞാന്‍ മുന്നില്‍ കണ്ടത് മണലാരണ്യമാണ്. എണ്ണയുടെ നാട്ടില്‍ സ്റ്റീല്‍ സ്‌ക്രാപ്പുകള്‍ക്ക് ക്ഷാമമില്ലായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഒന്നുമില്ലായ്മയില്‍ നിന്നാണ് 1995ല്‍ അല്‍ അഹമ്മദി ജനറല്‍ ട്രേഡിംഗ് എന്ന കമ്പനി തുടങ്ങുന്നത്. ഇന്ത്യയിലും വിദേശത്തുനിന്നും എന്‍ജിനീയറിംഗ് ബിരുദമെടുത്ത് നാട്ടിലെത്തി പിതാവിന്റെ കൂടെ ബിസിനസില്‍ ഭാഗമായെങ്കിലും അതിന്റെ ഒട്ടനവധി തലവേദനകള്‍, പ്രതിസന്ധികള്‍ ഒക്കെ നേരില്‍ കണ്ടിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ യുഎഇയിലെത്തിയ ഞാനും ഭാര്യയും പിന്നീട് അവിടെ തന്നെ പിടിച്ചുനിന്ന് സ്വന്തമായൊരു സംരംഭം കെട്ടിപ്പടുക്കുക എന്ന സ്വപ്നം കണ്ടു. അന്ന് യുഎഇയിലെ സ്റ്റീല്‍ സ്‌ക്രാപ്പുകള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ കുടുംബ ബിസിനസ് സംരംഭമാണ് കൊണ്ടുപോയി സംസ്‌കരിച്ചിരുന്നത്. ആ യൂണിറ്റ് ഞാന്‍ പോയി സന്ദര്‍ശിച്ചു. സാധ്യതകള്‍ മനസിലാക്കി. എന്റെ പിതാവിന്റെ സംരംഭത്തിന് സ്റ്റീല്‍ സ്‌ക്രാപ്പ് വേണമായിരുന്നു. അദ്ദേഹവുമായി ധാരണയിലെത്തി, എന്റെ ബിസിനസ് തുടങ്ങാനുള്ള പ്രാഥമിക മൂലധനം ഞാന്‍ കണ്ടെത്തുകയായിരുന്നു. തുടക്കത്തില്‍ തന്നെ ലോകോത്തരമായ ഒരു ബിസിനസാക്കി സംരംഭത്തെ മാറ്റണമെന്ന കാഴ്ചപ്പാടുണ്ടായിരുന്നു. അദമ്യമായ ആ അഭിലാഷമാണ് ബിസിനസില്‍ മുന്നോട്ട് പോകാന്‍ തുണയായതും.
2. അപരര്‍ക്ക് ഗുണം ചെയ്യുന്നതാകണം ബിസിനസ്

കോഴിക്കോട് 'തുല'യ്ക്കായി ലൊക്കേഷന്‍ കണ്ടെത്തി ജോലികള്‍ തുടങ്ങിയപ്പോള്‍ പ്രാരംഭഘട്ടത്തില്‍ ഭൂഗര്‍ഭ ജലവിതാനത്തെയും ആ സ്ഥലത്തിന്റെ പച്ചപ്പിനെയും കുറിച്ചൊക്കെ ചിന്തിച്ചിരുന്നു. അവിടെ ഭൂഗര്‍ഭ ജലം സമ്പുഷ്ടമായി നില്‍ക്കാന്‍ ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ മികച്ച സാങ്കേതിക സഹായം തന്നെ തേടി. അവിടെ പെയ്യുന്ന മഴ വെള്ളത്തെ മുഴുവനായി ഭൂമിയിലേക്ക് തന്നെ റീച്ചാര്‍ജ്ജ് ചെയ്തു കൊണ്ടിരുന്നു. ഒരിക്കല്‍ സമീപവാസികള്‍ തിരക്കിയെത്തിയത്, എന്താണ് അവിടെ ചെയ്ത കാര്യം എന്നതാണ്. കാരണം അവരുടെ കിണറുകളിലും കുളങ്ങളിലും വരെ ജലവിതാനം ഉയര്‍ന്നു. വേനലിലും വെള്ളം നിറയെ. നാം ഒരു കാര്യം ചെയ്യുമ്പോള്‍, അത് നമ്മുടെ ബിസിനസിന് വേണ്ടിയുള്ളതാകട്ടെ, അപരര്‍ക്ക് ഗുണം ചെയ്യുന്നതാണോ അതെന്ന് നോക്കണം. അതിനായി പരിശ്രമിക്കണം.

3. ബിസിനസില്‍ ലാഭം തീര്‍ച്ചയായും വേണം

എങ്ങനെയെങ്കിലും സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കാര്യമില്ല. നിങ്ങളുടെ മൂലധനം എന്തായാലും സംരക്ഷിക്കപ്പെട്ടിരിക്കണം. അതുപോലെ തന്നെ ലാഭം ഗണ്യമായി നേടുകയും വേണം. അതിനര്‍ത്ഥം വില്‍ക്കുന്ന ഉല്‍പ്പന്നത്തിന്റെ വില പരമാവധി കൂട്ടണമെന്നല്ല. നമ്മുടെ റിസോഴ്‌സുകള്‍ ഒപ്റ്റിമം ലെവലില്‍ ഉപയോഗിക്കണം. നമ്മുടെ ബിസിനസ് പ്ലാന്‍ അതിസൂക്ഷ്മതലത്തില്‍ റെഡിയാക്കി നടപ്പാക്കിയാല്‍ മാത്രമേ ഉപഭോക്താവിന് മികച്ച ഉല്‍പ്പന്നം ലോകത്തിലെ തന്നെ മത്സരാധിഷ്ഠിത വിലയില്‍ നല്‍കി നമുക്ക് ലാഭം നേടാനാവു. അതിന് വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനും തയ്യാറാവണം.

എന്റെ ഒരു അനുഭവം പറഞ്ഞാല്‍, ഫൗണ്ടറിയുടെ പ്രോസസിന്റെ ഭാഗമായി സിലിക്ക വേണം. ഉയര്‍ന്ന ഗുണമേന്മയുള്ള സിലിക്ക എത്തിച്ച് സംസ്‌കരണ പ്രക്രിയകള്‍ നടത്തുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ച വിലയില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ പ്രയാസമാകും. അപ്പോഴാണ് ഒരു പ്രത്യേക സ്ഥലത്ത് നമുക്ക് അനുയോജ്യമായ സിലിക്ക നിക്ഷേപമുണ്ടെന്ന് കണ്ടെത്തുന്നത്. അത് ഖനനം ചെയ്യാന്‍ അനുമതിയൊന്നും റെഡിമെയ്ഡായി ഉണ്ടായിരുന്നില്ല. ഭരണാധികളെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുമതി വാങ്ങി. ആ സിലിക്ക ഉപയോഗിക്കാന്‍ തുടങ്ങി. ലാഭമില്ലാത്ത ബിസിനസുകള്‍ക്ക് വളരാനാവില്ല. വലിയ വളര്‍ച്ചയില്ലാതെ ഇനി നില്‍ക്കാനാവില്ല. അതുകൊണ്ട് വലുതായി ചിന്തിക്കുക. വേറിട്ട ചിന്തകള്‍ ഉണ്ടായിരിക്കുക.
4. മികച്ച കസ്റ്റമേഴ്‌സ് നിങ്ങളെ സമൃദ്ധിയിലേക്ക് നയിക്കും

നമ്മള്‍ ഒരു കസ്റ്റമര്‍ക്ക് ഉല്‍പ്പന്നമോ അഥവാ സേവനമോ നല്‍കുമ്പോള്‍ അവരുടെ ബിസിനസ് വളരണമെന്ന ആഗ്രഹത്തോടെ ഏറ്റവും ഗുണമേന്മയുള്ളത് ന്യായമായ നിരക്കില്‍ നല്‍കിക്കൊണ്ടിരിക്കുക. പലപ്പോഴും അത് അവരുടെ ബിസിനസിന്റെ വളര്‍ച്ചയ്ക്കും സഹായകരമാകും. അതോടെ അവര്‍ തിരികെ നമ്മുടെ ബിസിനസ് വളര്‍ത്താന്‍ വേണ്ടി കാര്യങ്ങള്‍ ചെയ്തു കൊണ്ടേയിരിക്കും. അത് കൂടുതല്‍ ഓര്‍ഡര്‍ വഴിയാകും. അല്ലെങ്കില്‍ മറ്റുള്ളവരോട് നമ്മളെ നിര്‍ദേശിക്കുന്നത് വഴിയാകാം. നല്ലൊരു കസ്റ്റമര്‍ എക്കാലവും നമ്മെ സമൃദ്ധിയിലേക്ക് തന്നെ വളര്‍ത്തിക്കൊണ്ടിരിക്കും.

5. ജര്‍മന്‍കാര്‍ക്ക് ആവാമെങ്കില്‍ നമുക്കും സാധിക്കും, പക്ഷേ...

എമിറേറ്റ്‌സ് ടെക്‌നോ കാസ്റ്റിംഗ്‌സ് എല്‍എല്‍സി ആരംഭിച്ച കാലം. ഞങ്ങള്‍ സ്വീകരിച്ച ടെക്‌നോളജിയിലും മറ്റും ഗൗരവമായ പാകപ്പിഴകളുണ്ടായിരുന്നു. ജര്‍മനിയിലേക്ക് ഉള്‍പ്പെടെ വിട്ട ചരക്കുകള്‍ മടക്കി അയക്കപ്പെടുമെന്ന അവസ്ഥ. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങള്‍ പാപ്പരാകും. ഞാന്‍ ജര്‍മന്‍ കമ്പനിയെ നേരിട്ട് സമീപിച്ചു. അവരുടെ ഫാക്ടറിയില്‍ ഞങ്ങളുടെ ടീമിനെ നിയോഗിച്ച് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഞങ്ങളുടെ ടീം പുതിയ കാര്യങ്ങള്‍ പഠിക്കുകയും ചെയ്തു. ഇത്രമാത്രം രൂക്ഷമായ പ്രശ്‌നമായപ്പോഴും അതില്‍ നിന്ന് പുറത്തുകടക്കാനാവുമെന്ന് എനിക്കുറപ്പായിരുന്നു. സാധാരണ നൂതന ടെക്‌നോളജിയും ഇന്നൊവേഷനുമെല്ലാം പാശ്ചാത്യരാജ്യങ്ങളുടെയും ജര്‍മനിയുടെയും കുത്തകയാണെന്ന ധാരണകളുണ്ടെങ്കിലും യുഎഇയിലും അത് സാധ്യമാക്കാനാവുമെന്ന് ഉറച്ചുവിശ്വസിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ തന്നെ ഞങ്ങള്‍ ഇടിസിയില്‍ കൊണ്ടുവന്നു. സമാനതകളില്ലാത്ത ഫാക്ടറി സമുച്ചയം കെട്ടിപ്പടുത്തു. ജര്‍മന്‍കാര്‍ക്ക് ആവാമെങ്കില്‍ നമുക്കും പറ്റും. പക്ഷേ, എക്‌സ്ട്രാ എഫര്‍ട്ട് ഇടാന്‍ നാം സജ്ജരായിരിക്കണമെന്ന് മാത്രം.

(തുടരും)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it