ഗൗതം മേനോന്‍; നിസ്സാരമല്ല ഈ നേട്ടം
ഗൗതം മേനോന് ഒരു സ്വപ്‌നമുണ്ടായിരുന്നു. പൗരാണിക ഭാരതത്തിന്റെ പ്രൗഢി നിറയും റമ്മിന്റെ കഥ ലോകരോട് പറയണം. അതും മറ്റാരും പറയാത്ത വിധത്തില്‍. തിരുവില്വാമലയ്ക്കടുത്തുള്ള പാമ്പാടിയില്‍ നിന്ന് ലോകത്തിലെ 53 ലേറെ രാജ്യങ്ങളിലേക്ക് വൈല്‍ഡ് ടൈഗര്‍ ബ്രാന്‍ഡുമായെത്തി ഗൗതം മേനോന്‍ ആ കഥ ഇതുവരെ പറഞ്ഞു കഴിഞ്ഞു. ഒപ്പം ഇനിയുമേറെ രാജ്യങ്ങളിലേക്ക് പതഞ്ഞൊഴുകാനും തയ്യാറെടുക്കുന്നു.
വൈല്‍ഡ് ടൈഗര്‍ റം ബോട്ടിലിന്റെ രൂപകല്‍പ്പന മുതല്‍ മാര്‍ക്കറ്റിംഗില്‍ വരെയുണ്ട് 'ഔട്ട് ഓഫ് ദി ബോട്ടില്‍' ചിന്തകള്‍. I'm only 37 years young എന്ന് പറഞ്ഞ് നിറഞ്ഞ് ചിരിച്ച് ഒരു ഉത്സവചന്തത്തില്‍ സംസാരിക്കുന്ന ഗൗതം മേനോന്‍ ജനിച്ചത് ബിസിനസ് കുടുംബത്തിലാണ്. അച്ഛന്‍ മോഹന്‍ മേനോന്‍ കുവൈറ്റിലും മോസ്‌കോയിലും ലണ്ടനിലുമെല്ലാം ബിസിനസ് പടുത്തുയര്‍ത്തിയ, പാമ്പാടിയിലെ എസ്ഡിഎഫ് ഡിസ്റ്റിലറിയുടെ സാരഥി. ഗൗതമിന് കുടുംബ ബിസിനസിന്റെ ഭാഗമാകാന്‍ ആദ്യം താല്‍പ്പര്യമില്ലായിരുന്നുവെങ്കിലും പിതാവിന്റെ അസുഖത്തെ തുടര്‍ന്ന് പക്ഷേ അത് വേണ്ടിവന്നു. എങ്കിലും തനിക്ക് ലോകത്തോട് പറയാനുള്ള കാര്യം ഇതല്ലെന്ന ബോധ്യമുണ്ടായിരുന്നു. എട്ടു വര്‍ഷത്തോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഡ്രിങ്ക്‌സ് ഇവന്റുകളിലെല്ലാം സംബന്ധിച്ചു. ലിക്വര്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ഹ്രസ്വകാല കോഴ്‌സുകള്‍ ചെയ്തു. ഇവന്റ് മാനേജ്‌മെന്റിലും പബ്ലിക് റിലേഷന്‍സിലും മാസ്റ്റേഴ്‌സ് ഡിഗ്രിയെടുത്തു. മുംബൈ ആസ്ഥാനമായുള്ള പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ രണ്ടുവര്‍ഷത്തോളം ജോലിയും ചെയ്തു. ''ഇക്കാലയളവിലാണ് എന്റെ ലേണിംഗ് നടന്നത്.
റം ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഭാരതത്തിന് പ്രൗഢമായ ഒരു പാരമ്പര്യമുണ്ടെന്ന് റിസര്‍ച്ചില്‍ നിന്ന് വ്യക്തമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലബോറട്ടറികളില്‍ നിന്നും ഫാമിലി ഡിസ്റ്റിലറികളില്‍ നിന്നും 500ലേറെ റം ഇതിനിടെ ടേസ്റ്റ് ചെയ്തിരുന്നു. ഈ യാത്രകളും അനുഭവങ്ങളും അറിവുകളുമാണ് വൈല്‍ഡ് ടൈഗര്‍ റം എന്ന ഉല്‍പ്പന്നത്തിലേയ്ക്ക് നയിച്ചത്,'' ഗൗതം മേനോന്‍ പറയുന്നു. ലോകത്തിലെ പ്രമുഖ ഡ്രിങ്ക്‌സ് ഇവന്റുകളില്‍ സ്ഥിരസാന്നിധ്യമായ ഗൗതം ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എവിടെയും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ബ്രാന്‍ഡില്ല. വൈല്‍ഡ് ടൈഗറിനെ പ്രീമിയം ബ്രാന്‍ഡായി അവതരിപ്പിക്കാന്‍ പ്രചോദനമായതും ഈ ഘടകമാണ്.
ടൈഗറും റമ്മും പിന്നെ ഗര്‍ജ്ജനവും
ചെയ്യുന്ന എന്തിലും നല്ലതിന്റെ ഒരു സ്പര്‍ശം വേണമെന്ന ആശയമാണ് ഗൗതമിനുള്ളത്. ''സാമൂഹ്യ വിപത്താകാതെ സാമൂഹ്യ പ്രതിബദ്ധതയോടെ ഈ ബിസിനസ് ചെയ്യാന്‍ പറ്റുമോയെന്നാണ് ഞാന്‍ ചിന്തിച്ചത്.''വൈല്‍ഡ് ടൈഗര്‍ എന്ന ബ്രാന്‍ഡ് നാമം സ്വീകരിച്ചപ്പോള്‍ ചെയ്യുന്ന ബിസിനസിന്റെ നിശ്ചിത ശതമാനം കടുവകളുടെ സംരക്ഷണത്തിനുള്ളതും അതിനുള്ള അവബോധം പകരുന്നതുമായ പദ്ധതികള്‍ക്ക് നീക്കിവെയ്ക്കണമെന്ന് ഉറപ്പിച്ചിരുന്നു. സാമൂഹ്യ പ്രതിബദ്ധതയിലൂന്നിവേണം എന്തും എന്ന ചിന്ത ജീവനക്കാരെ നിയമിക്കുന്നതില്‍ മുതല്‍ ലേബലിംഗില്‍ വരെ പുതുമ കൊണ്ടുവരാന്‍ ഗൗതമിനെ സഹായിച്ചു. വൈല്‍ഡ് ടൈഗറിന്റെ പാമ്പാടിയിലെ പ്ലാന്റില്‍ ഭൂരിഭാഗവും വനിതാ ജീവനക്കാരാണ്. വൈല്‍ഡ് ടൈഗറിന്റെ ബോട്ടില്‍ റീസൈക്ലിള്‍ ചെയ്ത ഗ്ലാസിലാണ് നിര്‍മിച്ചിരിക്കുന്നത്. ലേബലിംഗ് റീസൈക്കിള്‍ ചെയ്ത പേപ്പറിലും. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിനായി വൈല്‍ഡ് ടൈഗര്‍ ഫൗണ്ടേഷനും ഗൗതം തുടക്കമിട്ടു. ഈ ഫൗണ്ടേഷന്റെ ഫണ്ട് സമാഹരണത്തിനായി അടുത്തിടെ പറമ്പിക്കുളം മുതല്‍ ഫ്രാന്‍സിലെ കാന്‍ വരെ നീളുന്ന ബോധവല്‍ക്കരണ 'ഗര്‍ജ്ജനയാത്ര' സുഹൃത്ത് പോള്‍ ജോര്‍ജുമായി ചേര്‍ന്ന് ഗൗതം നടത്തി. 65 ദിവസങ്ങളില്‍ 25 രാജ്യങ്ങളിലൂടെ 25,000 കിലോമീറ്ററാണ് ഇവര്‍ സഞ്ചരിച്ചത്.
കുപ്പിക്കുള്ളിലും പുറത്തും പുതുമ
വൈല്‍ഡ് റമ്മിന്റെ ഓരോ ബോട്ടിലും കടുവയുടെ തോലിനോട് സമാനമായ കുപ്പായമണിഞ്ഞ്, കടുവാ പല്ലിന്റെ മാതൃക കഴുത്തില്‍ ചാര്‍ത്തിയാണ് വിപണിയിലെത്തുന്നത്. കുപ്പിയ്ക്കുള്ളിലും സവിശേഷമായ ഉല്‍പ്പന്നമാണ് ഗൗതം കാത്തുവെച്ചിരിക്കുന്നത്. മൊളാസസും കരിമ്പിന്‍ ജ്യൂസും യോജിപ്പിച്ചുള്ള മിശ്രണം രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ അമേരിക്കന്‍ ഓക്ക് മരബാരലില്‍ മൂപ്പെത്തിച്ചാണ് വൈല്‍ഡ് റം ബോട്ടിലില്‍ നിറയുന്നത്. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഹംഗറി, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക് തുടങ്ങി 53 രാജ്യങ്ങളില്‍ ലഭ്യമാണ്.
ഇതുവരെ സ്വന്തം ഫണ്ടും ബന്ധങ്ങളും ഉപയോഗിച്ച് വളര്‍ന്ന വൈല്‍ഡ് റമ്മിനെ തേടി പല പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും എത്തിയിട്ടുണ്ട്. ''വളര്‍ച്ചയ്ക്ക് ഇതുവരെ ഓര്‍ഗാനിക് റൂട്ടാണ് ഉപയോഗിച്ചത്. ഇനി പുറത്തുനിന്നുള്ള ഫണ്ട് സമാഹരിച്ച് അടുത്ത തലത്തിലേക്ക് പോകാനാണ് തീരുമാനം,'' ഗൗതം പറയുന്നു.
എന്റെ വക്കീല്‍ ലംബോര്‍ഗിനി വാങ്ങും, ഞാന്‍ വല്ല നാനോയും
കേരളം ടൂറിസത്തിന്റെ കാര്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ ബിസിനസിന്റെ കാര്യത്തില്‍ Devil's backyard ആണെന്ന് ഗൗതം മേനോന്‍. വൈല്‍ഡ് ടൈഗര്‍ റമ്മിന്റെ പേരില്‍ എക്‌സൈസ് വകുപ്പുമായി നടക്കുന്ന കേസുകളാണ് ഈ യുവ സംരംഭകനെ ഇത്തരമൊരു അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത്. ''എന്നും വെല്ലുവിളികളാണ്.
എക്‌സൈസ് വകുപ്പില്‍ ഇപ്പോഴും ലേബലിംഗിന്റെ കാര്യത്തില്‍ പഴഞ്ചന്‍ ചട്ടമാണ്. വിദേശത്തേക്ക് കയറ്റി അയക്കുന്ന ഉല്‍പ്പന്നത്തിന്റെ പുറത്ത് മുഴുത്ത അക്ഷരത്തില്‍ മലയാളത്തില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് പറയുന്നത് എന്ത് അസംബന്ധമാണ്. ജപ്പാന്‍കാരന് അത് വായിക്കാന്‍ പറ്റുമോ? വിദേശത്ത് ബോട്ടിലില്‍ തന്നെയാണ് ഇപ്പോള്‍ ലേബലിംഗ്. അതൊന്നും നമ്മുടെ നാട്ടുകാര്‍ അറിയുന്നില്ല. ഇവിടെ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പോരേ ഈ നിയമങ്ങള്‍. കോടതിയില്‍ കേസ് നടക്കുകയാണ്. അതിനുവേണ്ടി സമയവും പണവും ഏറെ ചെലവാണ്. എന്റെ വക്കീല്‍ ലംബോര്‍ഗിനി വാങ്ങും. ഞാന്‍ വല്ല നാനോയിലും നടക്കേണ്ടി വരും.'' ഗൗതം പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline