Begin typing your search above and press return to search.
അമ്മയും ഡിന്നർ സ്പീച്ചുകളും പിന്നെ ക്രിക്കറ്റും: ഇന്ദ്ര നൂയി എന്ന ലീഡറെ വളർത്തിയ ഘടകങ്ങൾ
- ഗ്ലോബല്‍ കമ്പനികളിലൊന്നായ പെപ്‌സിയുടെ തലപ്പത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്ത്രീ. അന്യരാജ്യത്ത് നിന്നുള്ള ഒരാള്‍ പെപ്‌സിയുടെ സിഇഒ ആകുന്നതും ആദ്യമായിട്ടായിരുന്നു.
- കമ്പനിയുടെ റവന്യു ഈ കാലഘട്ടത്തില്‍ 35 ബില്യണ്‍ ഡോളറില്‍
നിന്ന് ഉയര്‍ന്നത് 63 .5 ബില്യണിലേക്കാണ്.
- കഴിഞ്ഞ 24 വര്‍ഷമായി പെപ്‌സിയുടെ ഭാഗമാണ് ഇന്ദ്ര. ഇതില്‍ 12 വര്‍ഷവും സിഇഒ പദവിയില്‍. ഈ ഓഗസ്റ്റില്‍ സ്ഥാനമൊഴിഞ്ഞ ഇന്ദ്ര 2019 വരെ ചെയര്‍മാന്‍ ആയി തുടരും.
- 1994 ല്‍ സീനിയര്‍ വൈസ് പ്രസിഡന്റായി പെപ്‌സികോയില്‍ ചേര്‍ന്ന ഇന്ദ്രയാണ് ട്രോപ്പിക്കാന, ക്വാക്കര്‍ ഓട്ട്‌സ് എന്നീ ബ്രാന്‍ഡുകള്‍ ഗ്രൂപ്പിന്റെ ഭാഗമാക്കിയത്. ഹെല്‍ത്തി ഫുഡ്‌സ് കാറ്റഗറിയില്‍ പെപ്‌സിയുടെ സ്ഥാനം ഉറപ്പിച്ച ഈ ഏറ്റെടുക്കല്‍ ഇന്ദ്രയുടെ ബിസിനസ് സ്ട്രാറ്റജിയുടെ വിജയമായിരുന്നു.
- പെപ്‌സിയുടെ മേധാവി എന്ന നിലയില്‍ അനവധി വെല്ലുവിളികളാണ് ഇന്ദ്ര നൂയിക്ക് നേരിടേണ്ടി വന്നത്. ഇത്തരം പാനീയങ്ങള്‍ പലരും ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ വില്‍പ്പനയിലുണ്ടായത് വന്‍ ഇടിവ്. പക്ഷേ, കമ്പനിയുടെ ഫോക്കസ് മാറ്റി, ഇന്ത്യ പോലുള്ള വിപണികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി ഇന്ദ്ര ഈ തിരിച്ചടികളെ നേരിട്ടു, പെപ്‌സിക്ക് പുതിയ ലക്ഷ്യബോധവും വിഷനും നല്‍കി.
- പെണ്‍കുട്ടികള്‍ ബിസിനസ് സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നത് വളരെ അപൂര്‍വമായിരുന്ന 1970 കളിലാണ് ഈ ചെന്നൈക്കാരി കൊല്‍ക്കൊത്ത ഐഐഎമ്മില്‍ ചേരുന്നത്. പരോക്ഷമായി നിലനിന്നിരുന്ന സ്ത്രീ വിവേചനം അവസാനിപ്പിക്കണം എന്നതായിരുന്നു ഇന്ദ്രയുടെ ലക്ഷ്യം.
- ഫോബ്‌സിന്റെ മോസ്റ്റ് പവര്‍ഫുള്‍ വിമന്‍ ഇന്‍ ബിസിനസ് 2017 ലിസ്റ്റില്‍ രണ്ടാമതായിരുന്നു ഇന്ദ്രയുടെ സ്ഥാനം. ജനറല്‍ മോട്ടോഴ്‌സ് സിഇഒ മേരി ടി ബാരയ്ക്ക് തൊട്ടു പിന്നില്‍. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് നല്‍കിയ മുന്‍ഗണനയായിരുന്നു ഈ സ്ഥാനം ഇന്ദ്രയ്ക്ക് നേടിക്കൊടുത്തത്.
- കുറച്ചുകാലം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണില്‍ ജോലി ചെയ്തിട്ടുണ്ട് ഇന്ദ്ര. ആ സമയത്ത് വിപണിയിലിറക്കിയ ഒരു പ്രൊഡക്ടാണ് ഇപ്പോഴും ഒന്നാംനിരയിലുള്ള സ്റ്റേഫ്രീ സാനിറ്ററി നാപ്കിന്‍.
- യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ പഠിക്കുന്ന കാലത്ത് റിസപ്ഷനിസ്റ്റ് ഉള്‍പ്പെടെ അനവധി ജോലികള്‍ ചെയ്താണ് ഇന്ദ്ര ചെലവുകള്‍ക്ക് പണം കണ്ടെത്തിയത്. 1980 ല്‍ പബ്ലിക് ആന്‍ഡ് പ്രൈവറ്റ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് നേടിയശേഷമായിരുന്നു വിവാഹം. ഭര്‍ത്താവ് രാജ് നൂയി ഇപ്പോള്‍ ആംസോഫ്റ്റ് സിസ്റ്റംസിന്റെ പ്രസിഡന്റാണ്.
- ഈ ഗ്ലോബല്‍ ലീഡറെ സൃഷ്ടിച്ചതില്‍ വലിയ റോളുണ്ട് ഇന്ദ്രയുടെ അമ്മയ്ക്ക്. പഠനകാലത്ത് എന്നും രാത്രി ഭക്ഷണ സമയത്ത് ഇന്ദ്രയും സഹോദരിയും അമ്മയ്ക്ക് ഒരു പ്രസംഗം തയ്യാറാക്കി നല്‍കണമായിരുന്നു. എന്തുകൊണ്ട് ഞാന്‍ ഒരു നല്ല പ്രസിഡന്റ്/ പ്രധാനമന്ത്രി ആണ് എന്ന രീതിയില്‍. ഏറ്റവും മികച്ച പോയിന്റുകള്‍ അവതരിപ്പിക്കുന്നയാള്‍ക്ക് അമ്മയുടെ വോട്ട് കിട്ടും. തന്റെ ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ വളര്‍ത്തിയത് ഈ ഡിന്നര്‍ സ്പീച്ച് ആയിരുന്നു എന്നാണു ഇന്ദ്ര പറയുന്നത്.
- 'എന്നെ ഏറ്റവും സ്വാധീനിച്ച സ്ത്രീ' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാങ്ക വിശേഷിപ്പിക്കുന്നത് ഇന്ദ്രയെയാണ്. ഇന്ത്യയിലും വിദേശത്തും ഒരുപാട് സ്ത്രീകള്‍ക്ക് മാതൃകയാണ് ഈ ചെന്നൈ ഗേള്‍!
- ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ആദ്യത്തെ വനിതാ ഡയറക്ടര്‍ എന്ന പദവിയും ഈ വര്‍ഷം ഇന്ദ്ര നേടി. പഠനകാലത്ത് ക്രിക്കറ്റില്‍ സജീവമായിരുന്ന ഇന്ദ്രക്ക് ഇപ്പോഴും ഈ കളി ക്രേസ് ആണ്. മീറ്റിംഗിനിടയിലും പ്രധാന മാച്ചുകളുടെ സ്‌കോര്‍ അപ്‌ഡേറ്റ് ഫോണില്‍ ശ്രദ്ധിക്കാന്‍ മടിയുമില്ല.
- ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്, മോട്ടറോള, അസെയ്യ ബ്രൗണ്‍ ബോവറി എന്നീ കമ്പനികളില്‍ ബിസിനസ് ഡെവലപ്‌മെന്റ്, കണ്‍സള്‍ട്ടിംഗ്, കോര്‍പ്പറേറ്റ് പ്ലാനിംഗ് തുടങ്ങിയ വ്യത്യസ്തമായ മേഖലകളിലെ മികവുറ്റ പ്രകടനത്തിന് ശേഷമാണ് ഇന്ദ്ര പെപ്‌സികോയില്‍ എത്തുന്നത്. 2001 ല്‍ പ്രസിഡന്റ് & സിഎഫ്ഒ, 2006 ല്‍ സിഇഒ.
- യേല്‍ സ്‌കൂളിലെ പഠനശേഷം പല ഇന്റര്‍വ്യൂകളിലും ഇന്ദ്ര പിന്തള്ളപ്പെട്ടു. സ്യൂട്ട് ധരിച്ചത് ശരിയായില്ല എന്നതായിരുന്നു ഒരു കമ്പനിയില്‍ പ്രശ്‌നമായത്. പ്രൊഫസറുടെ ഉപദേശപ്രകാരം അടുത്ത ഇന്റര്‍വ്യൂവില്‍ സാരി ധരിച്ച് ചെന്ന ഇന്ദ്രയ്ക്ക് സെലക്ഷനും കിട്ടി.
- 'വീടും ജോലിയും ഒരുമിച്ച് കൊണ്ടുപോകാന്‍ വളരെ പ്രയാസമാണ്. ഒരുപാട് വൈകി ജോലി ചെയ്യേണ്ടി വരുമ്പോള്‍ എനിക്കെപ്പോഴും വലിയ കുറ്റബോധം തോന്നുമായിരുന്നു' എന്ന ഇന്ദ്രയുടെ പ്രസ്താവന വിവാദത്തോടൊപ്പം അവര്‍ക്ക് ഏറെ ജനപ്രീതിയും നേടിക്കൊടുത്തു. ഉദ്യോഗസ്ഥരായ സ്ത്രീകളെല്ലാം അനുഭവിക്കുന്നതാണ് ഈ കുറ്റബോധം എന്നായിരുന്നു പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം.
Next Story
Videos