കേരളത്തിന്റെ സ്വന്തം യൂണികോണ്‍ ഓപ്പണ്‍ വിജയകഥ

''ഇതൊരു ലക്ഷ്യസ്ഥാനമേയല്ല; ഞങ്ങളുടെ യാത്രയിലെ ഒരു നാഴികക്കല്ല് മാത്രം'' 100 കോടി ഡോളര്‍ മൂല്യം നേടിയ കേരളത്തില്‍ നിന്നുള്ള ആദ്യ സ്റ്റാര്‍ട്ടപ്പായ ഓപ്പണിന്റെ സാരഥികളുടെ ആദ്യ പ്രതികരണം ഇതായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ അനീഷ് അച്യുതനും തിരുവല്ലയില്‍ കുടുംബ വേരുകളുള്ള ഭാര്യ മേബിള്‍ ചാക്കോയും അനീഷിന്റെ സഹോദരന്‍ അജീഷ് അച്യുതനും ഡീന ജേക്കബും ചേര്‍ന്ന് 2017 ല്‍ സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെ നിയോബാങ്കിംഗ് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ ദേശീയ, രാജ്യാന്തരതലത്തില്‍ കേരളത്തിന്റെ അഭിമാനതാരമായിരിക്കുകയാണ്. ഇതാദ്യമായാണ് കേരളത്തില്‍ രജിസ്റ്റേര്‍ഡ് ഓഫീസുള്ള ഒരു സ്റ്റാര്‍ട്ടപ്പ് 'യൂണികോണ്‍' പട്ടമണിയുന്നത്. സാധാരണ ഐടി സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തെ വമ്പന്‍ നഗരങ്ങളില്‍ രജിസ്റ്റേര്‍ഡ് ഓഫീസുകള്‍ സ്ഥാപിക്കുമ്പോള്‍ പെരിന്തല്‍മണ്ണയില്‍ തന്നെ അത് നിലനിര്‍ത്തിയ ഓപ്പണ്‍, തങ്ങളുടെ യാത്രയിലെ സുപ്രധാനമായൊരു നാഴികക്കല്ല് 'ആഷോഘമാക്കിയത്' കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി തങ്ങളാല്‍ ആവും വിധമുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്.

കേരളത്തിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രഖ്യാപിച്ച ആക്‌സിലേറ്റര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഓപ്പണ്‍ 100 കോടി രൂപ നിക്ഷേപിക്കും. ''വര്‍ഷങ്ങളായി ഞങ്ങളെ പലതരത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തില്‍ വേരുകളുള്ള കമ്പനിയെന്ന നിലയില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് തിരിച്ച് എന്തെങ്കിലും ചെയ്യാനുള്ള നിമിഷമാണിത്. അതിന്റെ ഭാഗമായാണ് ഓപ്പണ്‍ അപ് എന്ന ആക്‌സിലേറ്റര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ 500 സ്റ്റാര്‍ട്ടപ്പുകളെ ഭാഗമാക്കുകയാണ് ലക്ഷ്യം,'' ഓപ്പണ്‍ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അനീഷ് അച്യുതന്‍ പറയുന്നു.
ആദ്യ ഘട്ടത്തില്‍ ഫിന്‍ലൈന്‍, ടാക്സ് സ്‌കാന്‍, ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍, പില്‍സ് ബീ എന്നീ അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ ആണ് പദ്ധതിയുടെ ഭാഗമാവുന്നത്. 20 ലക്ഷം രൂപവരെ ഓരോ സ്റ്റാര്‍ട്ടപ്പിനും സഹായം ലഭിക്കും. കൂടാതെ ഓപ്പണിന്റെ ഓഫീസ് സൗകര്യങ്ങളും പ്രത്യേക പരിശീലനങ്ങളും സ്റ്റാര്‍ട്ടപ്പിലെ അംഗങ്ങള്‍ക്ക് നല്‍കും. നിക്ഷേപകരെ കണ്ടൈത്താനും ഈ സ്റ്റാര്‍ട്ടപ്പുകളെ ഓപ്പണ്‍ സഹായിക്കും.
മാജിക്കിള്‍സ് എന്ന അച്ചാര്‍ സംരംഭവും ആക്സിലറേറ്റര്‍ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്തുവണ്ടിയില്‍ അച്ചാര്‍ വില്‍ക്കുന്ന 10 വയസുകാരി ഡൈനീഷ്യ, വീല്‍ച്ചെയറില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന സെറിബ്രല്‍ പാഴ്സി ബാധിച്ച കൊല്ലം സ്വദേശി അശ്വതി, സെറിബ്രല്‍ പാഴ്സി ബാധിതനും വ്ലോഗറുമായ തിരുവനന്തപുരം സ്വദേശി ശ്രീകുട്ടന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് മാജിക്കിള്‍സ് എന്ന സംരംഭം. ''പത്രവാര്‍ത്തകളിലൂടെയാണ് ഇവരെ പറ്റി ഞങ്ങള്‍ അറിഞ്ഞത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ്ഇവരെ കൂടി ആക്‌സിലേറ്റര്‍ പ്രോഗ്രാമിലേക്ക് എത്തിച്ചത്.
ഇവര്‍ക്ക് വേണ്ടിയുള്ള കമ്പനി പേര്, ബ്രാന്‍ഡ്, വെബ്‌സൈറ്റ് എന്നിവയെല്ലാം ഞൊടിയിടയില്‍ ഓപ്പണ്‍ ടീം സജ്ജമാക്കുകയായിരുന്നു,'' അനീഷ് പറയുന്നു. സംരംഭകത്വം ജീവവായുപോലെ കൊണ്ടുനടക്കുന്ന അനീഷിനും സംഘത്തിനും ഇതുപോലെ മാത്രമേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാവൂ.
അഞ്ചാമന്‍ യൂണികോണ്‍!
പെരിന്തല്‍മണ്ണയില്‍ നിന്ന് 2001ല്‍ തിരുവന്തപുരത്തേക്ക് അനീഷ് വണ്ടികയറിയത് സ്വന്തമായൊരു ടെക് സംരംഭകനാകുകയെന്ന വലിയ സ്വപ്നവുമായാണ്. ഇന്റര്‍നെറ്റിന് ഇന്നത്തെ പോലെ അത്ര വേരോട്ടമില്ലാത്ത കാലം. ഇന്റര്‍നെറ്റ് കഫേയെ 'ഓഫീസാക്കി'യാണ് അനീഷ് ആദ്യ വെബ് പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തത്.
iFuturz എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങി പിന്നീട് പിച്ചവെച്ചുതുടങ്ങി. മൊബൈല്‍ വാല്യു ആഡഡ് സര്‍വീസ് നല്‍കുന്ന ഈ സ്ഥാപനത്തെ ഒരു സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സ്ഥാപനം ഏറ്റെടുത്തു.
പിന്നീട് അടുത്ത സംരംഭമായ കാഷ്‌നെക്സ്റ്റിലേക്ക് 2007ലാണ് അനീഷ് കടക്കുന്നത്. സാധാരണക്കാരിലേക്ക് ബാങ്കിംഗ് സേവനം കൂടുതല്‍ വ്യാപകമാക്കുന്നതിന് ഉപകരിക്കുന്ന മൊബീല്‍ പേയ്‌മെന്റ്, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ പ്ലാറ്റ്‌ഫോമായിരുന്നു ഇത്.
കാഷ്‌നെക്സ്റ്റിനെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനം അനീഷിന്റെ സംരംഭക ജീവിതത്തിലും വ്യക്തി ജീവിതത്തിലും വഴിത്തിരിവായി.
മണിക്കൂറുകള്‍ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ കാത്തുനിര്‍ത്തിയ സിഇഒ!
അനീഷ് കാഷ്‌നെക്സ്റ്റുമായി നടക്കുമ്പോള്‍ അങ്ങകലെ ഗുജറാത്തില്‍, തിരുവല്ലയില്‍ കുടുംബ വേരുള്ള മേബിള്‍ ചാക്കോ എന്ന പെണ്‍കുട്ടി ചെറിയ കടകള്‍ക്ക് പറ്റുന്ന ബയോമെട്രിക് പേയ്‌മെന്റ് ഇന്റര്‍ഫേസ് സംവിധാനം വികസിപ്പിക്കാന്‍ ടെക്‌നോളജി പാര്‍ട്ണറെ തപ്പി നടക്കുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനം കണ്ട മേബിള്‍ ചാക്കോ ഉടനടി അനീഷിനെ ബന്ധപ്പെട്ടു. ''മാതാപിതാക്കളോട് ബെംഗളൂരുവില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഞാന്‍ വിമാനം കയറി. ബെംഗളൂരു വിമാനത്താവളത്തില്‍ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്ന് വാക്കുതന്ന അനീഷിനെ കാത്ത് മണിക്കൂറുകള്‍ നില്‍ക്കേണ്ടി വന്നു.
അന്നുമുതല്‍ ഒട്ടും അനായാസമായിരുന്നില്ല ഞങ്ങളുടെ യാത്ര. കാഷ് നെക്സ്റ്റിന് ശേഷം നിയര്‍റ്റിവിറ്റി, ദംശരേവ തുടങ്ങിയ മറ്റ് സ്റ്റാര്‍ട്ടപ്പുകളും ഞങ്ങള്‍ ഒരുമിച്ച് തുടങ്ങി. നിയര്‍റ്റിവിറ്റി എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ ഞങ്ങള്‍ വിവാഹം കഴിച്ചു,'' നിറഞ്ഞ ചിരിയോടെ മേബിള്‍ ചാക്കോ പിന്നിട്ട വഴികള്‍ വിവരിക്കുന്നു. മേബിളിന്റെ എല്ലാ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും അനീഷിനൊപ്പമായിരുന്നു. പുതിയ ആശയങ്ങളുടെ പിറകെയായിരുന്നു എന്നും അനീഷിന്റെ യാത്ര. ആശയങ്ങള്‍ സാക്ഷാത്കരിക്കുന്നതിലായിരുന്നു മേബിളിന്റെ കഴിവ്. ടെക്‌നോളജി വൈദഗ്ധ്യമേഖലയിലുണ്ടായ വിടവ് അനീഷിന്റെ സഹോദരന്‍ അജീഷ് ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ പരിഹരിച്ചു.
ഓപ്പണിലേക്ക് വന്ന വഴി
ദംശരേവ നെ സിട്രസ് പേ ഏറ്റെടുത്തപ്പോള്‍ അനീഷും അജീഷും മേബിളും പേയു ഇന്ത്യയിലേക്ക് ചേക്കേറി. സിട്രസ് പേയ്‌മെന്റ്‌സിലും പേയുവിലും ഇവര്‍ മൂവരും നേരിട്ട് കണ്ടറിഞ്ഞ കാര്യമാണ് പിന്നീട് ഓപ്പണിന്റെ പിറവിയിലേക്ക് നയിച്ചത്. ''ചെറുകിട ഇടത്തരം സംരംഭകരെ സംബന്ധിച്ചിടത്തോളം ബിസിനസ് ബാങ്കിംഗ് ഒരു തലവേദനയാണെന്ന് അറിഞ്ഞത് അപ്പോഴാണ്. രാജ്യത്ത് ബാങ്കുകള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം നല്‍കുന്നില്ലേ? ഈ പ്രശ്‌നമുണ്ടോയെന്ന് പലരും ചോദിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ അതൊരു വലിയ തലവേദന തന്നെയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ഓപ്പണ്‍ ഞങ്ങള്‍ ആരംഭിച്ചത്. ടാക്‌സി ഫോര്‍ ഷുവര്‍ ഉള്‍പ്പടെ പല കമ്പനികളിലും സിഎഫ്ഒ റോള്‍ വഹിച്ചിരുന്ന ഡീനയും അനുഭവിച്ചറിഞ്ഞ കാര്യമാണിത്. ഞങ്ങള്‍ക്ക് ഒരു സിഎഫ്ഒയും വേണ്ടിയിരുന്നു.
അങ്ങനെ ഞങ്ങള്‍ നാലുപേരും ചേര്‍ന്ന് ഓപ്പണിന് തുടക്കമിട്ടു,'' അനീഷ് പറയുന്നു. പേയുവിന്റെ സ്ഥാപകര്‍ അനീഷിനും സംഘത്തിനും വേണ്ട പ്രാഥമിക ഫണ്ട് നല്‍കി. ''ഒരു ബാങ്കുമായി ചേര്‍ന്ന് മാത്രമേ നിയോബാങ്കിംഗ് സേവനം നല്‍കാനാവൂ. ഇതിനായി ഒരു ബാങ്ക് ഞങ്ങളുമായി പങ്കാളിത്തത്തിലേര്‍പ്പെടാന്‍ ഏറെ ബുദ്ധിമുട്ടി. പുതിയൊരു ആശയം ഏത് ബാങ്കാണ് വേഗം സ്വീകരിക്കുക. മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ഐസിഐസിഐ ബാങ്കിനെ ആദ്യ പങ്കാളിയായി ലഭിച്ചത്. രണ്ടാംഘട്ട ഫണ്ട് സമാഹരണത്തിനും ബുദ്ധിമുട്ടേറെയുണ്ടായിരുന്നു. ഞങ്ങളുടെ ബിസിനസ് ബാങ്കിംഗ് സേവനത്തിന് ഉപയോക്താക്കളെ ലഭിക്കലും പ്രയാസമേറിയ കാര്യമായിരുന്നു,'' അനീഷ് വ്യക്തമാക്കുന്നു.
ഒരു സംരംഭത്തില്‍ നിരവധി ആളുകള്‍ വ്യത്യസ്തമായ ടൂളുകള്‍ ഉപയോഗിച്ച് ചെയ്യുന്ന ജോലികള്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യുകയാണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. വരവ് ചെലവുകള്‍ കൃത്യമായി അറിയാം, ഓരോ സംരംഭകനും വ്യത്യസ്ത ബാങ്കുകളിലെ എക്കൗണ്ടുകളുടെ വിവരങ്ങള്‍ ഒറ്റ ഡാഷ് ബോര്‍ഡില്‍ കിട്ടും, പേ റോള്‍, ജിഎസ്ടി റിട്ടേണ്‍, ടിഡിഎസ് ഓട്ടോമേഷന്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും ഓപ്പണ്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ഏകീകരിച്ചിരിക്കുന്നു. ഓപ്പണില്‍ എക്കൗണ്ട് തുറക്കുന്ന ഒരാള്‍ക്ക് കറന്റ് എക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ലഭിക്കും. ''കൃത്യമായ കണക്ക് കിട്ടിയാല്‍ മാത്രമേ ബിസിനസില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കൂ. ഡാറ്റയുടെ കൃത്യത, തീരുമാനങ്ങളുടെ കെട്ടുറപ്പ് ഇവ രണ്ടും ഓപ്പണ്‍ ഉറപ്പാക്കുന്നു.
ഒരു ബിസിനസുകാരന്‍ ബിസിനസിനല്ലാതെ, വരവ് ചെലവ് കണക്കിലെ കൃത്യത തേടാന്‍ വേണ്ടി ചെലവിടുന്ന ഓരോ മണിക്കൂറും വെറുതെ പാഴാക്കി കളയുന്നതിന് തുല്യമാണ്. ഞങ്ങള്‍ ബിസിനസുകാരുടെ സമയത്തിന് വില കല്‍പ്പിക്കുന്നു. വിവരങ്ങളുടെ കൃത്യതയ്ക്ക് ഊന്നല്‍ നല്‍കുന്നു. പരമാവധി ഓട്ടോമേഷന്‍ ഉറപ്പാക്കി ബിസിനസ് ബാങ്കിംഗ് തലവേദനയില്ലാത്ത ഒന്നാക്കി മാറ്റുകയാണ് ഓപ്പണ്‍ ചെയ്യുന്നത്,'' ഡീന ജേക്കബ് വിശദീകരിക്കുന്നു.
കേരളത്തിലെ ഒരു ലക്ഷത്തോളം സംരംഭകര്‍ ഇപ്പോള്‍ ഓപ്പണിന്റെ സേവനം തേടുന്നുണ്ട്. രാജ്യമെമ്പാടും പ്രതിമാസം ഒരുലക്ഷത്തിലേറെ പുതിയ ഉപഭോക്താക്കള്‍ ഓപ്പണിനെ തേടിയെത്തുന്നുമുണ്ട്. സിട്രസ്, പേയു എന്നിവിടങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് ഈ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ടീമാണ് ഓപ്പണിന്റെയും പിന്നണിയിലുള്ളത്. ഇന്ന് 500 ലേറെ പേരുണ്ട് ആ ടീമില്‍. നിലവിലുള്ള സേവനങ്ങളും ഉല്‍പ്പന്നങ്ങളും കൂടുതല്‍ കുറ്റമറ്റതും സുസജ്ജവുമാക്കുന്നതിനൊപ്പം കൂടുതല്‍ സേവനങ്ങള്‍ ബിസിനസ് സമൂഹത്തിന് നല്‍കാനുള്ള നീക്കമാണ് ഓപ്പണ്‍ നടത്തുന്നത്. ''സമ്പൂര്‍ണ ഫിനാന്‍സ് ഓപ്പറേറ്റിംഗ് സംവിധാനമായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഇടപാടുകാരുടെ ശരാശരി വിറ്റുവരവ് 70-75 ലക്ഷമാണ്. യൂട്യൂബ് വ്‌ളോഗര്‍മാര്‍, ഫ്രീലാന്‍സേഴ്‌സ് തുടങ്ങി 500 കോടി വിറ്റുവരവുള്ള സംരംഭങ്ങള്‍ വരെ ഞങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നുണ്ട്.
ഇനി ഇ- കോമേഴ്‌സ് സംരംഭങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തുന്നവര്‍ക്ക് അവരുടെ ക്രയവിക്രയ ഡാറ്റ വിശകലനം ചെയ്ത് റെവന്യു അധിഷ്ഠിത വായ്പാ സൗകര്യം, ഫേസ്ബുക്ക്, ഗൂഗ്ള്‍ എന്നിവയില്‍ പരസ്യം നല്‍കാന്‍ വെര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ്, വര്‍ക്കിംഗ് കാപ്പിറ്റല്‍ വായ്പ തുടങ്ങിയ സേവനങ്ങള്‍ കൂടി നല്‍കാന്‍ ഒരുങ്ങുകയാണ്.
ജിഎസ്ടി രംഗത്തുണ്ടായിരുന്ന ഒരു സ്റ്റാര്‍ട്ടപ്പിനെയും കണ്‍സ്യൂമര്‍ നിയോബാങ്കിംഗ് രംഗത്തുണ്ടായ മറ്റൊന്നിനെയും ഇതിനകം ഓപ്പണ്‍ ഏറ്റെടുത്തിരുന്നു. മുന്നോട്ടുള്ള യാത്രയില്‍ തന്ത്രപരമായ ഏറ്റെടുക്കലിലും ലയനത്തിനുമായി ഡീന ജേക്കബിന്റെ കീഴില്‍ ടീമിനെ സജ്ജമാക്കിയിട്ടുമുണ്ട്.
ഒരുമിച്ച് കാണുന്ന നിറമുള്ള സ്വപ്നങ്ങള്‍
ഓപ്പണ്‍ വലിയൊരു കുടുംബമാണ്. ''സ്ഥാപകര്‍ കുടുംബാംഗങ്ങളാണെന്ന് കരുതി ഇതൊരു കുടുംബാംഗങ്ങളാല്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പല്ല. അങ്ങേയറ്റം പ്രൊഫഷണലായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഓപ്പണിലെ 520 പേരും അടങ്ങുന്ന വലിയ കുടുംബമാണ്. ഒരു കുടുംബമെന്ന വികാരമാണ് ബിസിനസുകളെ ഉയരങ്ങളിലേക്ക് നയിക്കുന്നത്,'' ഡീന ജേക്കബ് പറയുന്നു. ഓപ്പണ്‍ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ ഇവര്‍ സമ്മാനിക്കുന്ന ദിനങ്ങളായേക്കാം ഇനിവരുന്നത്.


Related Articles
Next Story
Videos
Share it