അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ഇതൊരു മെയ്ഡ് ഇന്‍ കേരള വിജയകഥ

ചില വിജയങ്ങള്‍ ഇങ്ങനെയാണ്. കൊട്ടിഘോഷങ്ങളും അവകാശവാദങ്ങളുമില്ലാതെ നേട്ടങ്ങള്‍ സ്വന്തമാക്കി വീണ്ടും ഉയരങ്ങളിലേക്ക് അവ നിശ്ശബ്ദമായി കയറിപ്പോകും. ഒരു നാടിന്റെ തന്നെ അഭിമാനമാകുന്ന സംരംഭങ്ങള്‍. നാളെയുടെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ വിഷനുള്ള സംരംഭകര്‍ യാഥാര്‍ഥ്യമാക്കിയ സ്വപ്‌നങ്ങള്‍.

എറണാകുളം ജില്ലയിലെ പട്ടിമറ്റത്തുള്ള അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിന്റെ കൂറ്റന്‍ ഓഫീസ് ഫാക്റ്ററി സമുച്ചയം 'മേക്ക് ഇന്‍ കേരള'യുടെ ഏറ്റവും മികച്ച വിജയപ്പതിപ്പാണ്. ഇന്ത്യയിലെ ഡയഗ്‌നോസ്റ്റിക് മേഖലയില്‍ മുന്‍നിരയിലുള്ള കമ്പനികളിലൊന്ന്. കഴിഞ്ഞ 20 വര്‍ഷമായി ഇന്‍ വിട്രോ ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രമുഖ സാന്നിധ്യമുള്ള സ്ഥാപനം. 55 രാജ്യങ്ങളിലേക്ക് കയറ്റുമതി, യൂറോപ്യന്‍ രാജ്യങ്ങളുടെ കണക്റ്റിംഗ് പോയ്ന്റായി സ്വിറ്റ്‌സര്‍ലന്റില്‍ സബ്‌സിഡറി യൂണിറ്റ്, രാജ്യാന്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സര്‍വീസുകളും. തോമസ് ജോണ്‍ എന്ന മലയാളി മുംബൈയില്‍ തുടക്കമിട്ട അഗാപ്പെ ഇപ്പോള്‍ കേരളത്തിന്റെ ഒരു കോണില്‍ നിന്ന് ലോകത്തെ തൊടുന്നു.

ഗ്രീക്ക് ഭാഷയില്‍ ദൈവീക സ്‌നേഹം എന്ന് അര്‍ത്ഥമുള്ള അഗാപ്പെയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഈ കരുതലുണ്ട്. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ജോലി ചെയ്യുക, ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളും കുറ്റമറ്റ സര്‍വീസും നല്‍കുക, കാരണം കൈകാര്യം ചെയ്യുന്നത് വളരെ വിലപിടിപ്പുള്ള മനുഷ്യ ജീവനാണ്. അതുകൊണ്ടുതന്നെ മൊബീല്‍ ആപ്പും കോള്‍ സെന്ററും വഴി ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗത്തില്‍ ഏറ്റവും മികച്ച സര്‍വീസ് നല്‍കാനും അഗാപ്പെ മുന്നിലുണ്ട്.

തുടക്കം മുംബൈയില്‍

ഇലക്ട്രോണിക്‌സ് എന്‍ജിനീയറായ തോമസ് ജോണ്‍ 1991 മുതല്‍ 94 വരെ മുംബൈയില്‍ ഒനിഡ ഉള്‍പ്പടെ വിവിധ ഇലക്‌ട്രോണിക് കമ്പനികളില്‍ ജോലി ചെയ്യുകയായിരുന്നു. മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരു പ്രധാന കമ്പനിയിലെ ജോലിയാണ് ഈ രംഗത്തെ സാധ്യതകളിലേക്കുള്ള ആദ്യ സൂചന നല്‍കിയത്. പ്രത്യേകിച്ചും ഇന്‍ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐവിഡി) വിഭാഗത്തില്‍. ശരീരവുമായി നേരിട്ട് കണക്റ്റ് ചെയ്യാത്ത, വിവിധ സാമ്പിളുകള്‍ പരിശോധിച്ച് രോഗ നിര്‍ണയം നടത്താനുള്ള ഉപകരണങ്ങളാണ് ഇവ. മെഡിക്കല്‍ ലാബുകളും ആശുപത്രികളുമാണ് ഈ ഉപകരണങ്ങളുടെ ഉപഭോക്താക്കള്‍. 1995ല്‍ തോമസ് ജോണ്‍ പരീക്ഷിക്കാന്‍ തീരുമാനിച്ച ഈ ആശയം ഇന്ന് 110 കോടി വാര്‍ഷിക വിറ്റുവരവുള്ള ഒരു ആഗോള കമ്പനിയാണ്.

ഈ വര്‍ഷം ലക്ഷ്യമിടുന്നത് 150 കോടി, 2020 ആകുമ്പോഴേക്കും കൈവരിക്കേണ്ടത് 500 കോടിയും.

'ഞങ്ങളുടെ ഉപഭോക്താക്കള്‍ ലാബുകളും ആശുപത്രികളുമാണ്, പക്ഷെ ഇവയിലൂടെ എത്തുന്നത് ഞങ്ങളുടെ സേവനം അനേകായിരം രോഗികളിലേക്കാണ്. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച് രോഗനിര്‍ണയം മികച്ചതാക്കുക, മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രൊഡക്റ്റുകളെ മാത്രം ആശ്രയിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുക ഇതെല്ലാമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം,' തോമസ് ജോണ്‍ പറയുന്നു.

വേഗത്തില്‍ വളരുന്ന കമ്പനി

ഇന്ത്യയില്‍ ഐവിഡി രംഗത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളൊന്നാണ് ഇന്ന് അഗാപ്പെ. ലോകത്തിന്റെ പല ഭാഗങ്ങളിലായി 15,000ലേറെ ഉപഭോക്താക്കള്‍ ഈ സ്ഥാപനത്തിന്റെ അംഗീകാര്യതയുടെ തെളിവാകുന്നു. മുംബൈയില്‍ 700 സ്‌കയര്‍ ഫീറ്റിലുള്ള യൂണിറ്റില്‍ നിന്ന് 20 വര്‍ഷത്തിനുള്ളില്‍ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന കമ്പനിയായി മാറിയ അഗാപ്പെയുടെ വളര്‍ച്ച ഏത് സംരംഭകനെയും ആവേശം കൊള്ളിക്കുന്നതാണ്.

കേരളത്തില്‍ 1,20,000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള കോംപ്ലക്‌സിലും സ്വിറ്റ്‌സര്‍ലന്റില്‍ 5,000 സ്‌ക്വയര്‍ ഫീറ്റിലുള്ള യൂണിറ്റിലുമായാണ് ഇപ്പോള്‍ അഗാപ്പെയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏഴ് ഉല്‍പ്പന്നങ്ങളുമായി തുടക്കം കുറിച്ച ഈ കമ്പനിയുടെ പേരില്‍ ഇപ്പോള്‍ 200 പ്രൊഡക്റ്റുകളാണ് വിപണിയിലെത്തുന്നത്. ക്ലിനിക്കല്‍ കെമിസ്ട്രി, ഹെമറ്റോളജി, ഇമ്യൂണോകെമിസ്ട്രി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകളുടെ 'ടോട്ടല്‍ സൊലൂഷന്‍സ് പ്രൊവൈഡര്‍' ആണ് അഗാപ്പെ.

4000 5000 കോടിയുടെ ഐവിഡി മാര്‍ക്കറ്റാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 65ശതമാനവും കൈയ്യടക്കിയിരിക്കുന്നത് മള്‍ട്ടിനാഷണല്‍ കമ്പനികള്‍. ബാക്കിയുള്ളതിന്റെ 20 ശതമാനം മൂന്നു ഇന്ത്യന്‍ കമ്പനികളുടെ കൈയിലാണ്, അതില്‍ അഗാപ്പെയുണ്ട്. പതിനഞ്ച് ഇരുപത് ശതമാനം വളര്‍ച്ചയാണ് ഈ രംഗത്തിനുള്ളത്. റൂറല്‍ മാര്‍ക്കറ്റില്‍ 25 ശതമാനവും. വിഷന്‍ ഉള്ള ഏത് സംരംഭകനെയും ആകര്‍ഷിക്കുന്ന പോയ്ന്റ്.

മുംബൈയില്‍ സംരംഭം തുടങ്ങി ആദ്യത്തെ 10 വര്‍ഷം, ആരോഗ്യസേവനം പോലെ സെന്‍സിറ്റിവ് ആയ ഒരു മേഖലയില്‍ ചുവടുറപ്പിക്കാനാണ് തോമസ് ജോണ്‍ ശ്രദ്ധിച്ചത്. ബ്രാന്‍ഡിംഗിന് സഹായിച്ചത് ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും കുറഞ്ഞ വിലയും. വേഡ് ഓഫ് മൗത്ത് ആയി അഗാപ്പെയുടെ പേര് പരക്കാന്‍ ഏറെ സമയം വേണ്ടി വന്നില്ല. മികച്ച കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്‌മെന്റ് കൂടിയായപ്പോള്‍ 'ദൈവിക സ്‌നേഹ'ത്തിന്റെ വളര്‍ച്ച വളരെ വേഗത്തിലായി.

'ലോക്കലൈസ് ചെയ്ത ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍, സര്‍വീസ്, ടീം. അതോടൊപ്പം കുറഞ്ഞ വിലയും. ഈ ഘടകങ്ങളാണ് അഗാപ്പെയെ വ്യത്യസ്തമാക്കിയത്. ടെസ്റ്റിന്റെ നിരക്കുകള്‍ കുറയുമ്പോള്‍ ചികിത്സയുടെ ചെലവും ഗണ്യമായി കുറയും. അതുകൊണ്ട് ഒട്ടേറെ പേര്‍ക്ക് പ്രയോജനമുണ്ടാകുന്ന രീതിയില്‍ ഏറ്റവും മികച്ച, വില കുറഞ്ഞ ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങള്‍ നിര്‍മിക്കാനാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്.'

ജോലി ഉപേക്ഷിച്ച് നിര്‍മാണ മേഖലയില്‍ ചുവടുവെക്കാന്‍ തോമസ് ജോണിനെ പ്രേരിപ്പിച്ചതും ബിസിനസിനപ്പുറമുള്ള മാനുഷിക മൂല്യങ്ങള്‍ തന്നെ. കുടുംബത്തിന്റെയും ജീവനക്കാരുടെയും പിന്തുണയാണ് ആദ്യ നാളുകളിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ സഹായിച്ചതെന്ന് തോമസ്. ഒരു സ്വപ്‌നം മാത്രമല്ല, വളരെ വ്യക്തവും ശക്തവുമായ പ്ലാനും മനസിലുണ്ടായത് ഈ സംരംഭകന് സഹായമായി. ആദ്യ വര്‍ഷങ്ങളില്‍ ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ ഇന്നും അഗാപ്പെയുടെ ഭാഗമാണ് എന്നത് കമ്പനിയുടെ വിശ്വാസ്യതയുടെ മറ്റൊരു തെളിവ്.

ഇനി വികസനത്തിന്റെ നാളുകള്‍

2005ല്‍ മുംബൈയിലെ നിര്‍മാണ യൂണിറ്റ് കേരളത്തിലേക്ക് വ്യാപിപ്പിച്ചതിനു ശേഷം അഗാപ്പെയുടെ പിന്നീടുള്ള പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു, ഈ സമയത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാത്രമായിരുന്നു ഫോക്കസ്. ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മികച്ചതാക്കിയതും ഇക്കാലത്താണ്. 2015 മുതലുള്ള പത്ത് വര്‍ഷം വമ്പന്‍ വളര്‍ച്ചയാണ് ഗ്രൂപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി നിക്ഷേപകരുമെത്തി.

വന്‍കിട വികസന പദ്ധതികളാണ് അഗാപ്പെ തുടങ്ങിയിരിക്കുന്നത്. പ്രമുഖരുടെ ഒരു ടീമിനെ ചേര്‍ത്ത് ബോര്‍ഡ് കൂടുതല്‍ ശക്തമാക്കി. തോമസ് ജോണിന്റെ ഭാര്യ മീന ഒരു ഡയറക്റ്ററാണ്. എച്ച്.ആര്‍, ഐ.റ്റി, അഡ്മിനിസ്‌ട്രേഷന്‍, ഡിസ്ട്രിബ്യൂഷന്‍, പ്ലാനിംഗ് എന്നിവയെല്ലാം മീന ശ്രദ്ധിക്കുമ്പോള്‍ തോമസിന്റെ ചുമതലയില്‍ വരുന്നത് സെയില്‍സും മാര്‍ക്കറ്റിംഗും ആര്‍ ആന്‍ഡ് ഡിയും ക്വാളിറ്റി കണ്‍ട്രോളും ക്വാളിറ്റി മാനേജ്‌മെന്റും ഉള്‍പ്പടെയുള്ള വിഭാഗങ്ങളാണ്.

ഫോക്കസ് 2020

വളരെ വേഗത്തില്‍ വളരുന്ന ആരോഗ്യ രംഗത്ത് ഏറെ പ്രാധാന്യമുള്ള ഒരു സ്ഥാനം നേടിയെടുക്കാന്‍ 2020 ഫോക്കസ് ചെയ്ത് പുതിയ സ്ട്രാറ്റജികളും നടപ്പില്‍ വരുത്തുകയാണ് തോമസും കൂട്ടരും.

ഹെമറ്റോളജി വിഭാഗത്തില്‍ പുതിയ ഉപകരണങ്ങളാണ് ഇപ്പോള്‍ അഗാപ്പെ പ്ലാന്‍ ചെയ്യുന്നത്, 2017 അവസാനത്തോടെ ഇവ ലഭ്യമാകും. ഐവിഡി അല്ലാത്ത ചില മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. രോഗങ്ങള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഇന്ത്യയില്‍ ഇമ്യൂണോളജി രംഗം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്ന മെഷീനുകളും തോമസിന്റെ മനസിലുണ്ട്.

വളരെ ശക്തമായ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗമാണ് അഗാപ്പെയുടെ കരുത്ത്, നേരിട്ടും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വഴിയുമാണ് വിദേശത്ത് അഗാപ്പെയുടെ പ്രവര്‍ത്തനം. യുഎഇ, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലേക്ക് കമ്പനി നേരിട്ടാണ് കയറ്റുമതി. 'ഏഷ്യയും ആഫ്രിക്കയുമാണ് ഞങ്ങള്‍ ഫോക്കസ് ചെയ്യുന്നത്. എല്ലാ വിപണികളിലും പരീക്ഷണങ്ങള്‍ നടത്തുന്നതിന് പകരം ഭാവിയില്‍ കൂടുതല്‍ സാധ്യതകളുള്ള ഈ രണ്ട് പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് പ്ലാന്‍.'

ഡയഗ്‌നോസ്റ്റിക് രംഗത്ത് വെറും ഒരു ശതമാനം മാത്രമാണ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍. ലോക വിപണിയില്‍ ഇനിയും ഉപയോഗിച്ചിട്ടില്ലാത്ത സാധ്യതകളും അവസരങ്ങളും കണ്ടെത്തി, ഈ മേഖലയില്‍ സുശക്തമായ സ്ഥാനം നേടിയെടുക്കാനായുള്ള ഒരുക്കത്തിലാണ് അഗാപ്പെ. കേരള കമ്പനികളൊന്നും എത്താത്ത പുതിയ വഴികള്‍ അഗാപ്പെയ്ക്ക് മുന്നില്‍ തുറക്കുകയാണ്.

Related Articles
Next Story
Videos
Share it