നിസാനെ കേരളത്തിലേക്ക് കൊണ്ടുവന്ന ടോണി തോമസിന്റെ കഥ
ടോണി തോമസ് ഒരു പ്രൊഫഷണലാണ്; താന്‍ ജനിച്ച് വളര്‍ന്ന സമൂഹത്തിലേക്ക് കണ്ണുതുറന്ന് വെച്ചിരിക്കുന്ന, പ്രതികരിക്കേണ്ടിടത്ത് ശക്തമായി പ്രതികരിക്കുന്ന ഒരു പ്രൊഫഷണല്‍.
ടോണിയുടെ ജീവിതകഥ ഒരു പ്രൊഫഷണല്‍ വിജയത്തിന്റേത് മാത്രമല്ല; കേരളത്തിലേയ്ക്ക് ഒരു ആഗോള വമ്പന്‍ കടന്നുവന്നതിന്റെ പിന്നണി നീക്കങ്ങളുടേത് കൂടിയാണ്. കേരളത്തെ സ്‌നേഹിക്കുന്ന, മനുഷ്യവിഭവശേഷിയുടെ കരുത്തില്‍ ആത്മവിശ്വാസമുള്ള ടോണി തോമസ് ഇന്നത്തെ ടോണി തോമസായി വളര്‍ന്നതിനു പിന്നിലെ കഥ...
ടോണി തോമസിന്റെ ആദ്യത്തെ ജോലി ചെന്നൈയില്‍ സത്യം കംപ്യൂട്ടര്‍ സര്‍വീസസിലായിരുന്നു. ഏല്‍പ്പിക്കുന്ന ജോലിയൊക്കെ എത്രയും വേഗം ചെയ്തുതീര്‍ത്ത് പുറത്ത് ചുറ്റിയടിക്കാനായിരുന്നു അന്ന് ടോണിക്ക് താല്‍പ്പര്യം. ഒരിക്കല്‍ മേധാവി ചന്ദ്രമൗലി ടോണിയെ വിളിപ്പിച്ചു. അദ്ദേഹം നാലാഴ്ചത്തേക്ക് അമേരിക്കയിലേക്ക് പോവുകയാണ്. അതുവരെ ചെയ്തുതീര്‍ക്കാന്‍ കൈനിറയെ ജോലികള്‍ ഏല്‍പ്പിച്ചു കൊടുത്തു അദ്ദേഹം. ''ഞാന്‍ മടങ്ങിവന്നാലും ടോണി ഇത് ചെയ്തുതീര്‍ക്കില്ലെന്നെനിക്കുറപ്പുണ്ട്.'' ചന്ദ്രമൗലി മുഖത്ത് അര്‍ത്ഥം വെച്ചുള്ള ചിരിയോടെ പറഞ്ഞു. ടോണി സന്തോഷത്തോടെ ചുമതല ഏറ്റു.
നാലാഴ്ചത്തേക്കുള്ള ജോലി മുഴുവന്‍ ടോണി ഒറ്റദിവസം കൊണ്ട് ചെയ്തു തീര്‍ത്തു. ഒന്നാം ദിവസം വൈകുന്നേരമായപ്പോഴേയ്ക്ക് പ്രോജക്റ്റ് ലീഡര്‍ ജയന്തിയെ സമീപിച്ച് എല്ലാം ഏല്‍പ്പിച്ചുകൊടുത്തു. ജയന്തി ആകെ ആശയക്കുഴപ്പത്തിലായി. ''ടോണി, ഇതൊക്കെ നാലാഴ്ച കൊണ്ട് ചെയ്താല്‍ മതി. ദിവസവും കുറച്ചുമാത്രം ചെയ്ത് എന്നെ ഏല്‍പ്പിക്കുക'', അവര്‍ ഉപദേശിച്ചു. പക്ഷെ അത് ടോണിക്കറിയില്ല. നാലാഴ്ചത്തെ പണി ഒറ്റ ദിവസംകൊണ്ട് ഈ ചെറുപ്പക്കാരന്‍ ഒരു പിഴവും കൂടാതെ കൃത്യമായി ചെയ്തതെങ്ങനെയെന്ന് പ്രോജക്റ്റ് മേധാവി ജയന്തിക്കും മനസിലായില്ല.
സത്യം കംപ്യൂട്ടര്‍ സര്‍വീസസ്, ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് എന്ന സ്ഥാപനവുമായി സംയുക്ത സംരംഭത്തിലേര്‍പ്പെടുന്ന സമയമായിരുന്നു അത്. ഇത് സംബന്ധിച്ച അതിസങ്കീര്‍ണമായ ചുമതലകളാണ് ജയന്തിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഏല്‍പ്പിച്ചത്. അതില്‍ത്തന്നെ ഏറ്റവും പ്രയാസമുള്ള ജോലികള്‍ ടോണിക്ക് നല്‍കുകയായിരുന്നു. ആദ്യദിവസം വൈകുന്നേരമായപ്പോഴേയ്ക്ക് നാലാഴ്ചത്തെ ജോലി മുഴുവന്‍ തീര്‍ന്നുകഴിഞ്ഞിരുന്നു. കംപ്യൂട്ടറില്‍ ഒരു റോബോട്ടിക് രീതി ഉണ്ടാക്കുകയെന്നതായിരുന്നു ടോണിയുടെ തന്ത്രം. അന്ന് രൂപംകൊണ്ട സത്യം -ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് കൂട്ടുകെട്ടാണ് പിന്നീട് കോഗ്‌നിസന്റ് എന്ന വലിയ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായി വളര്‍ന്നത്. എന്തായാലും സത്യം കംപ്യൂട്ടേഴ്‌സിലെ ജോലി ടോണിക്ക് മതിയായി. തനിക്ക് ചെയ്യാനാവുംവണ്ണം കനപ്പെട്ട ജോലിയില്ല, അതുതന്നെ കാരണം. ജോലി ഒരു വെല്ലുവിളിയായി ആ യുവാവിന് മുന്നില്‍ ഉയര്‍ന്നുനിന്നു. ഒരുവശത്ത് ജോലി കിട്ടാനുള്ള ബുദ്ധിമുട്ട്. മറുവശത്ത് കിട്ടുന്ന ജോലി വെറും ലഘുവായതിന്റെ പ്രയാസം. ജീവസ്സുറ്റതും ഉണര്‍വുള്ളതുമായ മനസാണ് ടോണിയുടേത്. ബുദ്ധിയും അതുപോലെതന്നെ. മനസിനും ബുദ്ധിക്കും തൃപ്തി നല്‍കുന്ന ജോലി വേണം. എടുക്കാന്‍ വയ്യാത്തത്രയ്ക്ക് ഭീമന്‍ ജോലികള്‍. വലിയ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ പോലും ഓരോരുത്തരും ചെയ്യുന്നത് ലഘുവായ കാര്യങ്ങള്‍ മാത്രമാണെന്ന സത്യം മനസിലാക്കുകയായിരുന്നു ടോണി. സത്യത്തിലെ ജോലി വിട്ട് ടോണി നേരെ സിംഗപ്പൂരിലേക്ക് പറന്നു. വലിയ ജോലിയും ഉയര്‍ന്ന ഉത്തരവാദിത്തവുമൊക്കെയുള്ള മേഖലകള്‍ തേടി.
ചെന്നയുടന്‍ തന്നെ സിംഗപ്പൂരില്‍ ജോലി കിട്ടി. അവിടെയുള്ള ബാങ്ക് ഓഫ് ടോക്കിയോവില്‍. ജപ്പാനിലെ വമ്പന്‍ ബാങ്കാണ് ബാങ്ക് ഓഫ് ടോക്കിയോ. ജപ്പാനിലെ തന്നെ മറ്റൊരു പ്രധാന ബാങ്കായ മിത്സുബിഷി ബാങ്ക് ഈ ബാങ്കില്‍ ലയിക്കുകയാണ്.
രണ്ട് വലിയ ബാങ്കുകളുടെ അതിസങ്കീര്‍ണമായ ലയന നടപടിക്രമങ്ങള്‍ തയാറാക്കുന്ന സംഘത്തിലേയ്ക്കായിരുന്നു ടോണിയുടെ നിയമനം. വലിയ ചുമതലകള്‍ തന്നെയാണ് ടോണിക്ക് കിട്ടിയത്. എല്ലാം ഒരു വര്‍ഷംകൊണ്ട് തീര്‍ക്കണം. സംഘത്തിന്റെ നേതാവ് ചൈനക്കാരിയാണ്. പേര് ജെന്നി. ഒരു വര്‍ഷംകൊണ്ട് ഒരിക്കലും തീര്‍ക്കാനാവാത്തത്രയും ഭാരിച്ച ജോലികളാണ് ടോണിക്ക് ജെന്നി നല്‍കിയത്. ഒരു വലിയ വെല്ലുവിളിയായിത്തന്നെ. ടോണി കംപ്യൂട്ടറിനു മുമ്പില്‍ കുത്തിയിരുന്നു പണിതുടങ്ങി. രണ്ട് ബാങ്കുകളുടെയും എക്കൗണ്ടുകളും കണക്കുകളുമൊക്കെ ഒന്നാക്കാന്‍ പുതിയ വിദ്യകള്‍ കണ്ടെത്തി ടോണി. ഈ വിദ്യകള്‍ കംപ്യൂട്ടറിനെ പഠിപ്പിച്ചു. കാര്യങ്ങള്‍ ചെയ്യാന്‍ പഠിച്ചുകഴിഞ്ഞാല്‍ കംപ്യൂട്ടറുകള്‍ വളരെ വേഗം ജോലികള്‍ ചെയ്യും. മനുഷ്യനേക്കാള്‍ പലമടങ്ങ് വേഗത്തില്‍, കംപ്യൂട്ടര്‍ താന്‍ പറയുന്നതുപോലെ ജോലി ചെയ്യുന്നതു കണ്ട് ടോണി അതിന് മുന്നില്‍ കുത്തിയിരുന്നു. ഒരാണ്ട് കൊണ്ട് തീര്‍ക്കാന്‍ ഏല്‍പ്പിച്ച ജോലികളൊക്കെയും മൂന്നാഴ്ച കൊണ്ട് കംപ്യൂട്ടര്‍ ചെയ്തു തീര്‍ത്തു. ടോണി എഴുന്നേറ്റു നടു നിവര്‍ത്തി നിന്നു. ഏല്‍പ്പിച്ച ജോലികളെല്ലാം ചെയ്ത് ടോണി എല്ലാം ജെന്നിയെ ഏല്‍പ്പിച്ചു. ഇത്രയുംവേഗം എന്തിനാ പണി തീര്‍ത്തതെന്നായി ജെന്നി. കാര്യങ്ങള്‍ അത്ര വേഗത്തില്‍ വേണ്ട എന്ന നിര്‍ദേശത്തോട് ടോണിക്ക് യോജിപ്പുണ്ടായില്ല. ജോലി തീര്‍ത്ത സ്ഥിതിക്ക് പുറത്ത് കറങ്ങി നടക്കാന്‍ പോകണമെന്നായി ആ യുവാവ്. അത് സമ്മതിക്കാനാവില്ലെന്ന് ജെന്നിയും. പിറ്റേന്ന് ജെന്നി ഒരു കംപ്യൂട്ടര്‍ ഗെയ്മുമായാണ് ഓഫീസിലെത്തിയത്. പേര് സിംസിറ്റി. ടോണിയെ വിളിച്ച് ഗെയിം ഏല്‍പ്പിച്ചു. വൈകുന്നേരം വരെ ഇത് കളിച്ചുകൊണ്ടിരുന്നോളൂ എന്ന നിര്‍ദേശവും.
ഒരു ദിവസം മുഴുവന്‍ ഗെയിം കളിച്ചിരുന്നു ടോണി. പിറ്റേന്ന് ജെന്നി വന്നത് മറ്റൊരു കംപ്യൂട്ടര്‍ ഗെയ്മുമായി - പേര് ഡൂണ്‍സ്. അങ്ങനെ ദിവസവും ടോണിക്ക് കളിക്കാന്‍ ഓരോ ഗെയിം. കുറെ ദിവസം കഴിഞ്ഞപ്പോള്‍ അതും മതിയായി. ചെയ്യാന്‍ ജോലിയുമില്ല. ടോണി ആ ജോലിയും വേണ്ടെന്നുവെച്ചു.
തൊണ്ണൂറുകളുടെ ആരംഭമായിരുന്നു അത്. സിംഗപ്പൂരില്‍ ഇന്ത്യക്കാര്‍ ധാരാളമായി എത്തിക്കൊണ്ടിരുന്നു. നല്ല ഉദ്യോഗവും ഉയര്‍ന്ന വരുമാനവും പുതിയ അവസരങ്ങളും. ഇന്ത്യക്കാരായ യുവാക്കള്‍ക്ക് ചൈനീസ് യുവതികളോടായിരുന്നു താല്‍പ്പര്യം. പെണ്‍കുട്ടികള്‍ക്ക് ചൈനീസ് യുവാക്കളോടും. പുതുവല്‍സരാഘോഷ സമയത്ത് ഇന്ത്യക്കാരുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ടോണിയും കൂടി. പലരും സംസാരിക്കുന്നത് ഇന്ത്യക്കാരോട് പുച്ഛ സ്വരത്തില്‍. ആഘോഷത്തിലെ ആകര്‍ഷണം ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ള വിലയേറിയ വാച്ചാണ്. ഇന്ത്യക്കാരെ വിമര്‍ശിക്കുന്ന പ്രസംഗങ്ങള്‍ കേട്ടുമടുത്ത ടോണി വേദിയിലേക്ക് കടന്നുചെന്നു.
വാച്ച് വേണ്ട, മൈക്ക് മതി എന്നുപറഞ്ഞ് മൈക്ക് കൈക്കലാക്കി. എന്നിട്ട് അതിഗംഭീരമായൊരു പ്രസംഗം. ഇന്ത്യക്കാരെ കളിയാക്കിയവരെ പരിഹസിച്ചുകൊണ്ട് നിങ്ങളിലെത്ര പേര്‍ക്ക് സാമാന്യ വിദ്യാഭ്യാസമെങ്കിലുമുണ്ടെന്ന് ഉറക്കെ ചോദിച്ചു. നിങ്ങളില്‍ എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരും മറ്റ് ഉന്നത വിദ്യാഭ്യാസവും നേടിയവര്‍ എത്രയുണ്ടെന്ന ചോദ്യത്തിനു മുന്നില്‍ സദസ് പകച്ചുനിന്നു. ''വിദ്യാഭ്യാസമാണ് മനുഷ്യന്റെ ശക്തി. വിദ്യാഭ്യാസമാണ് വളര്‍ച്ചയ്ക്ക് അടിസ്ഥാനം,'' ടോണി ഓര്‍മിപ്പിച്ചു.
എന്‍ജിനീയറിംഗ് വിദ്യാഭ്യാസം തനിക്ക് നല്‍കിയ കരുത്തിനെക്കുറിച്ച് ബോധവാനായിരുന്നു ടോണി. ചെറുപ്പം മുതലേ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്ന കാര്യം ടോണി എപ്പോഴും ഓര്‍ക്കും.
കളിപ്പാട്ടങ്ങളൊന്നുമില്ലാത്ത ബാല്യം
കോട്ടയം ജില്ലയില്‍ പാലാ മുത്തോലി പരിന്തിരിക്കല്‍ പി.എ തോമസിന്റെയും സാറാമ്മയുടെയും രണ്ട് മക്കളില്‍ മൂത്തയാളാണ് ടോണി. രണ്ടാമന്‍ ഒന്നര വയസ് താഴെ ജിബു തോമസ്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളെജില്‍ അധ്യാപകനായിരുന്നു പിതാവ്. പാലായില്‍ സമ്പന്നമായ കുടുംബക്കാരായതിനാല്‍ സ്വത്തുക്കള്‍ ഏറെ. പക്ഷെ പെട്ടെന്നാണ് അപകടത്തില്‍പ്പെട്ട് തോമസിന്റെ കാലിന് ഗുരുതരമായ പരിക്കേറ്റത്. ചികില്‍സയ്ക്കായി പണം ഏറെ ചെലവായി. വസ്തുക്കളൊക്കെ വിറ്റു. അപകടം നടക്കുമ്പോള്‍ ടോണിക്ക് ഏഴ് വയസ് മാത്രം പ്രായം. നടക്കാന്‍ കഴിയാതായതോടെ പിതാവിന് ജോലിക്കുപോകാന്‍ പറ്റാതെ വന്നു. വരുമാനമൊക്കെയും നിലച്ചു. 18-ാം വയസില്‍ വിവാഹിതയായ അമ്മ സാറാമ്മയ്ക്ക് ജോലി കിട്ടാനുള്ള വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ല. അമ്മ പാലാ അല്‍ഫോണ്‍സാ കോളെജില്‍ ബി.എസ്‌സിക്കു ചേര്‍ന്നു. ടോണി അന്ന് രണ്ടാം ക്ലാസില്‍.
കളിപ്പാട്ടങ്ങളൊന്നുമില്ലാത്ത ബാല്യകാലമായിരുന്നു ടോണിക്കും ജിബുവിനും മുമ്പില്‍. വര്‍ഷങ്ങളോളം കിടപ്പിലായിപോയ തോമസ് രണ്ട് മക്കളെയും പഠിപ്പിക്കാന്‍ തന്നെ ഏറെ പാടുപെട്ടു. ചെറുപ്പം മുതലേ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഇരുവരെയും പഠിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം അല്‍പ്പമൊന്നു നടക്കാമെന്നായപ്പോള്‍ തോമസ് ഭാര്യയേയും കൂട്ടി ജോലിതേടി കെനിയയ്ക്കു തിരിച്ചു. മക്കളെ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹൈസ്‌കൂളില്‍ ചേര്‍ത്തു. ഇരുവരെയും ബോര്‍ഡിംഗിലുമാക്കി.
ജെസ്യൂട്ട് പുരോഹിതരുടെ മാനേജ്‌മെന്റിന് കീഴിലുള്ള എ.കെ.ജെ.എം.എച്ച്.എസ് ഏറെ നിലവാരമുളള സ്‌കൂളായിരുന്നു. പക്ഷെ ഹോസ്റ്റലില്‍ ടോണി കുരുത്തക്കേടുകള്‍ പതിവാക്കി. അവസാനം വാര്‍ഡന്‍ ടോണിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ഫിലിപ്പ് ജെ. തയ്യില്‍ വിഷമത്തിലായി. ഫാദര്‍ വിശദമായൊരു കത്തെഴുതി ടോണിയുടെ പിതാവിന് കെനിയയിലേക്കയച്ചുകൊടുത്തു. ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയെന്ന് കരുതി മകനെ സ്‌കൂളില്‍ നിന്ന് മാറ്റരുതെന്നും പഠിക്കാന്‍ മിടുക്കനായ കുട്ടിയെ ബന്ധുക്കളുടെ ആരുടെയെങ്കിലും കൂടെ പാര്‍പ്പിച്ച് സ്‌കൂളില്‍ത്തന്നെ പഠിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചായിരുന്നു കത്ത്.
ടോണി ഏഴാം ക്ലാസിലായപ്പോഴേയ്ക്ക് ഇരുവരെയും ദക്ഷിണാഫ്രിക്കയ്ക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതിനുവേണ്ടി അവര്‍ നൈജീരിയയ്ക്കു സ്ഥലം മാറി. കുട്ടികളുടെ പഠിത്തത്തിന് അവിടമാണ് നല്ലതെന്നു മനസിലായതുകൊണ്ടായിരുന്നു ഈ മാറ്റം. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയെഴുതാന്‍ ഇരുവരും തിരുവനന്തപുരത്തേക്ക്. ഇതിനിടയ്ക്ക് ഇരുവരും ഒരു ക്ലാസിലായിക്കഴിഞ്ഞിരുന്നു. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് സമയമുണ്ടായിരുന്നതിനാല്‍ രണ്ട് പേരെയും തുമ്പ സെന്റ് സേവ്യേഴ്‌സ് കോളെജില്‍ ചേര്‍ത്തു. പിന്നീട് പ്രവേശനപ്പരീക്ഷ. രണ്ടുപേര്‍ക്കും തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളെജില്‍ പ്രവേശനം. ടോണിക്ക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്. ജിബുവിന് കംപ്യൂട്ടര്‍ സയന്‍സും. സെന്റ് സേവ്യേഴ്‌സിലെ ചുരുങ്ങിയ കാലം ടോണിക്ക് പല പുതിയ പാഠങ്ങളും നല്‍കിയിരുന്നു. നാടന്‍ ചട്ടമ്പിത്തരങ്ങളും കുരുത്തക്കേടുകളുമൊക്കെ. പുതിയ കൈമുതലുകള്‍ പരീക്ഷിക്കാനുള്ള ഇടമായി മാറി എന്‍ജിനീയറിംഗ് കോളെജ് കാംപസ്.
ഒരു നല്ല വിദ്യാര്‍ത്ഥിയായതേയില്ല ടോണി. നല്ല കുട്ടിയായി ക്ലാസില്‍ ഇരിക്കുകയും മിടുക്കനായി പഠിക്കുകയും ചെയ്ത ദിവസങ്ങളൊന്നും ടോണിയുടെ ഓര്‍മയിലില്ല. ടോണിയുടെ മനസിന്റെ തിളപ്പിനും ബുദ്ധിയുടെ പ്രത്യേകതയ്ക്കും ഒരിക്കലും യോജിച്ചതായിരുന്നില്ല എന്‍ജിനീയറിംഗ് പഠനരീതികള്‍.
പ്രായോഗികതയോ വെല്ലുവിളികളോ തീരെയില്ലാത്ത സിലബസും അധ്യാപനവും. ക്ലാസുകള്‍ പെട്ടെന്നു വിരസമായി. ടോണി കുസൃതിത്തരങ്ങളിലേക്കും ചട്ടമ്പിത്തരങ്ങളിലേക്കും തിരിഞ്ഞു. ക്ലാസിലും ലബോറട്ടറിയിലും കൃത്യമായി പോയതായോ എന്‍ജിനീയറിംഗ് വിഷയങ്ങള്‍ ശരിയാംവണ്ണം പഠിച്ചതായോ ടോണി ഓര്‍ക്കുന്നതേയില്ല. മാസങ്ങളും സെമസ്റ്ററുകളും കടന്നുപോയി. അസ്വസ്ഥമായ മനസായിരുന്നു ടോണിയുടേത്. ഒരുതരം സൂപ്പര്‍ ആക്റ്റീവ് മനസ് എന്നുപറയാം. സദാ സമയവും വലിയ വലിയ കാര്യങ്ങളായിരുന്നു ആ മനസില്‍. പഠനവും പ്രാക്റ്റിക്കലുകളും പഠന രീതികളുമൊന്നും ടോണിയുടെ മനസിനെ അത്രകണ്ട് പിടിച്ചുനിര്‍ത്താന്‍ പോരുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ ടോണി ക്ലാസുകളില്‍ നിന്നകന്നു. നല്ല അധ്യാപകരുടെ ക്ലാസില്‍ മാത്രം കയറുക എന്നതായി പതിവ്. ആ ക്ലാസുകളില്‍ മാത്രം ശ്രദ്ധയോടെയിരിക്കും.
എങ്കിലും പരീക്ഷ എങ്ങനെ ജയിക്കുമെന്ന് വേവലാതിയുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ പ്രസിദ്ധമായ യൂണിവേഴ്‌സിറ്റി കോളെജിന് എതിര്‍വശത്ത് സംസ്‌കൃത കോളെജ് വളപ്പിലുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി സഹകരണസംഘത്തിന്റെ പുസ്തകക്കടയിലേക്കായി ടോണിയുടെ ശ്രദ്ധ. അവിടെ ഏത് വിഷയത്തിന്റെയും പഴയ ചോദ്യക്കടലാസുകള്‍ കിട്ടും. ടോണി ഓരോ വിഷയത്തിന്റെയും പഴയ അഞ്ചു വര്‍ഷത്തെ ചോദ്യക്കടലാസുകള്‍ വാങ്ങി. ഓരോ ചോദ്യക്കടലാസും ശ്രദ്ധയോടെ നോക്കിയപ്പോള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന രീതിക്ക് ഒരു പൊതു സ്വഭാവമുണ്ടെന്ന് മനസിലാക്കി. ഇതൊരു പാറ്റേണ്‍ ആണെന്നായിരുന്നു ടോണിയുടെ കണ്ടെത്തല്‍. ഈ പാറ്റേണ്‍ അനുസരിച്ച് ടോണി തന്നെ ഒരു ചോദ്യക്കടലാസ് ഉണ്ടാക്കും. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തയാറാക്കി കൃത്യമായി പഠിക്കും. ഈ പരിപാടി ടോണിക്ക് തുണയായി. ഒരു വിഷയത്തിന് 96 ശതമാനം മാര്‍ക്ക് വരെ വാങ്ങാനും കഴിഞ്ഞു.
അവസാനം കാംപസ് റിക്രൂട്ട്‌മെന്റ് കാലമെത്തി. വിദ്യാര്‍ത്ഥികളൊക്കെയും വലിയ സ്ഥാപനങ്ങള്‍ വരുന്നതും തങ്ങളെ തെരഞ്ഞെടുക്കുന്നതും സ്വപ്‌നം കണ്ടുകഴിയുന്ന കാലം. ടോണി ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ടാറ്റാ ഫോണ്‍സില്‍ സാമാന്യം നല്ല ജോലി കിട്ടി. അനുജന്‍ ജിബുവിന് ടി.സി.എസിലും. നിയമനം ചെന്നൈയില്‍. ടാറ്റാ ഫോണ്‍സ് എന്ന സ്ഥാപനം പെട്ടെന്നുതന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിയമനം കിട്ടിയ മൂന്നുപേര്‍ക്കും ജോലി ഇല്ലാതായി. ഇതിനിടയ്ക്ക് അനുജന്‍ ടി.സി.എസില്‍ ചേരാന്‍ ചെന്നൈക്കു തിരിച്ചു. പിന്നാലെ ടോണിയും ചെന്നൈയിലെത്തി. ശമ്പളക്കാരനായിക്കഴിഞ്ഞ അനുജനോടൊപ്പം കൂടി ജോലി തേടി നടക്കാന്‍ തുടങ്ങി.
അങ്ങനെയാണ് സത്യം കംപ്യൂട്ടേഴ്‌സിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും പോയത്. അതിനു ശേഷം ടോണി പോയത് അമേരിക്കയിലേക്കാണ്. അവിടെ സീക്ക് (Seek) എന്നൊരു സ്ഥാപനത്തില്‍ ആദ്യ ജോലി. ഐ.റ്റി പ്രോഗ്രാമറുടെ ജോലിയാണ്. ഒന്നര വര്‍ഷംകൊണ്ട് ആ സ്ഥാപനത്തിലെ ഡിസൈന്‍ വിഭാഗത്തിന്റെ ചുമതല ഏല്‍പ്പിച്ചുകൊടുത്തു സ്ഥാപനം.
ഉരുക്കുണ്ടാക്കുന്ന സ്ഥാപനമായിരുന്നു സീക്ക്. ഉല്‍പ്പാദനവും വിതരണ ശൃംഖലയുടെ പ്രവര്‍ത്തനവുമൊക്കെ നിയന്ത്രിക്കുന്ന ഐ.റ്റി വിഭാഗത്തിലായിരുന്നു ടോണിയുടെ നിയമനം. വൈ ടു കെ പ്രശ്‌നം പാശ്ചാത്യ രാജ്യങ്ങളിലെ വന്‍കിട ഐ.റ്റി സ്ഥാപനങ്ങളില്‍ ആശങ്ക പടര്‍ത്തിയ കാലം. ഐറിഷ്‌കാരനായ ജോണ്‍ ഗോഡ്േ്രഫ ആയിരുന്നു കമ്പനിയുടെ സ്ഥാപകരിലൊരാള്‍.
സ്ഥാപനത്തിന്റെ വൈ ടു കെ പ്രശ്‌നം പരിഹരിക്കാനുള്ള ചുമതല ടോണിക്കായി. പതിവുപോലെ ലോകത്തെ മുഴുവന്‍ തുറിച്ചുനോക്കിക്കൊണ്ടിരുന്ന വൈ ടു കെ എന്ന പ്രശ്‌നത്തെ നേരിടാന്‍ ടോണി കുറുക്കുവഴികള്‍ തേടാന്‍ തുടങ്ങി. ഉരുക്കു കമ്പനിയില്‍ ഒരിക്കലും യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്താനാവില്ല. രാത്രി പന്ത്രണ്ടാവാന്‍ അഞ്ച് മിനിട്ടുള്ളപ്പോള്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് 12.05ന് വീണ്ടും തുടങ്ങാനുള്ള ഒരു തന്ത്രം ടോണി ആവിഷ്‌കരിച്ചു. വൈ ടു കെ പ്രശ്‌നത്തെ അതിജീവിക്കാന്‍ ആ തന്ത്രം സ്ഥാപനത്തെ സജ്ജമാക്കുകയും ചെയ്തു.
ഐ.റ്റി രംഗത്ത് അമേരിക്കയിലിരുന്ന് ഒരു അമേരിക്കന്‍ കമ്പനിയില്‍ നിര്‍ണായകമായ നേട്ടം കൈവരിച്ച ടോണി തോമസിനെ പല വന്‍ സ്ഥാപനങ്ങളിലെയും പ്രമുഖര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഏണ്‍സ്റ്റ് ആന്‍ഡ് യംഗ് (ഇവൈ) എന്ന ആഗോളസ്ഥാപനമായിരുന്നു അതിലൊന്ന്. ബിഗ് ഫൈവ് എന്ന ഗണത്തില്‍പ്പെടുന്ന സ്ഥാപനം. തുടര്‍ച്ചയായ സംഭാഷണങ്ങള്‍ക്ക് ശേഷം ഇ.വൈയുടെ നിയമന ഉത്തരവ് ടോണിയുടെ കൈയിലെത്തി. ഇന്ത്യക്കാര്‍ ആരുമില്ലായിരുന്നു അന്ന് ഇവൈയില്‍. ശമ്പളമോ, സീക്കില്‍ കിട്ടിയിരുന്നതിന്റെ മൂന്നിരട്ടിയും. ഒരിന്ത്യക്കാരന് ഇവൈയിലെന്തു കാര്യമെന്ന മട്ടില്‍ സ്ഥാപനത്തിലെ പലരും തുറിച്ചുനോക്കുന്നത് ടോണി ശ്രദ്ധിച്ചു. അപ്പോഴാണ് ഇവൈ പോലെയുള്ള വലിയ സ്ഥാപനങ്ങളില്‍ പാശ്ചാത്യരായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഏഷ്യാക്കാരോടു കാട്ടുന്ന അവഗണനയുടെ ചിത്രം ടോണിക്ക് നേരിട്ട് മനസിലായത്. ടോണി ഒട്ടും കുലുങ്ങിയില്ല. ഏഴ് വര്‍ഷമാണ് ടോണി ഇവൈയില്‍ ജോലി ചെയ്തത്. ആ കാലം നല്‍കിയ പരിചയവും പാഠങ്ങളും ചില്ലറയായിരുന്നില്ല. വളര്‍ച്ചയുടെ ഒരു ഘട്ടം എത്തിയപ്പോഴാണ് ടോണിയെ തേടി സിറ്റി ബാങ്കിന്റെ അന്വേഷണം എത്തിയത് - 2005ല്‍.
ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് ബാങ്കുകളൊക്കെ മാറിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ഇ-ബാങ്കിംഗിന് പ്രത്യേക വിഭാഗം സിറ്റി ബാങ്ക് രൂപീകരിച്ചിരുന്നു. 20 പേരുണ്ട് ഇതില്‍. ഇവരുടെ യോഗത്തിലേക്ക് ടോണിയെ ക്ഷണിച്ചു. സിറ്റി ബാങ്കിന്റെ ഡിജിറ്റല്‍ രംഗത്തെ മുന്നേറ്റത്തിന് വേണ്ട സാഹചര്യങ്ങളെപ്പറ്റി ടോണി വിവരിച്ചു. ഇ-ബാങ്കിംഗ് വിഭാഗത്തിന്റെ മേധാവിക്ക് കാര്യങ്ങള്‍ ബോധിച്ചു. സിറ്റി ബാങ്കിന്റെ വൈസ് പ്രസിഡന്റ് - ടെക്‌നോളജി സ്ഥാനത്തേക്ക് നിയമനം. ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ 70 ലക്ഷം ഡോളര്‍ ടോണിയുടെ പേരില്‍ മേധാവി വകയിരുത്തി. ഇവിടെയും ടോണി പെട്ടെന്ന് ഫാസ്റ്റ്ട്രാക്കിലെത്തി.
കാര്യങ്ങളൊക്കെ പെട്ടെന്ന് ചെയ്തുതീര്‍ക്കുന്നത് കണ്ടപ്പോള്‍ ബിസിനസ് ഓപ്പറേഷന്‍സിന്റെ ചുമതലകൂടി സിറ്റി ബാങ്ക് നേതൃത്വം ടോണിയെ ഏല്‍പ്പിച്ചു. സ്ഥാപനം സീനിയര്‍ വൈസ് പ്രസിഡന്റ്. ചുമതലയാവട്ടെ, ആഗോളതലത്തിലുള്ള ബാങ്കിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തിന്റെയും നിയന്ത്രണവും. ജോലിയുടെ ഭാഗമായി ടോണി ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. ലണ്ടന്‍, പാരീസ്, ടോക്കിയോ, സിംഗപ്പൂര്‍ എന്നിങ്ങനെ. പല സ്ഥലങ്ങള്‍. കൂടെക്കൂടെ അമ്മയെ കാണാന്‍ തിരുവനന്തപുരത്തേക്ക്. 1994ല്‍ പിതാവ് മരണമടഞ്ഞതിനെത്തുടര്‍ന്ന് അമ്മ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നു. ആദ്യമായി തിരുവനന്തപുരത്ത് മണ്ണന്തലയില്‍ അമ്മയ്ക്ക് ഒരു വീടുവെച്ചു കൊടുത്തു. സിറ്റി ബാങ്കില്‍ ഉയര്‍ന്ന ഉദ്യോഗമായതോടെ ടോണിയുടെ വരുമാനം വളരെ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഇതിനിടെ അമേരിക്കയിലും വീട് സ്വന്തമാക്കി. അമ്മയ്ക്ക് ഒരു കാറും വാങ്ങിക്കൊടുത്തു. ഉടനെ കല്യാണവുമായി. തിരുവനന്തപുരത്തുകാരി നീതു. വീട്ടുകാര്‍ തന്നെ ആലോചിച്ചുറപ്പിച്ച വിവാഹം. അമേരിക്കയില്‍ ടോണിക്ക് ഗ്രീന്‍ കാര്‍ഡും കിട്ടിയിരുന്നു.
ടെലികോം മേഖലയിലേക്ക്
ഈ സമയത്താണ് ലോകത്ത് ഒരു ടെലികോം വിപ്ലവം പടര്‍ന്നു പന്തലിച്ചത്. കാട്ടുതീപോലെയായിരുന്നു മൊബീല്‍ ഫോണിന്റെ വ്യാപനം. ലോകത്തെ പ്രധാന മൊബീല്‍ ശൃംഖലയായ വോഡഫോണ്‍ ടോണിയെ ക്ഷണിച്ചു. ജോലി മുംബൈയിലാണ്. പക്ഷെ ടോണിക്ക് കൂടെക്കൂടെ തിരുവനന്തപുരത്തു വരണം. അതും സ്ഥാപനം സമ്മതിച്ചുകൊടുത്തു. വോഡാഫോണില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിട്ടായിരുന്നു നിയമനം. എത്ര തിരക്കുപിടിച്ച ജോലിക്കിടയിലും വാരാന്ത്യങ്ങളില്‍ ടോണി മണ്ണന്തലയിലെ വീട്ടിലെത്തും. ഭാര്യയും മക്കളായ മൈക്കിളും മറിയയും തിരുവനന്തപുരത്താണ്. കുടുംബത്തോടൊപ്പം വാരാന്ത്യം. തിരുവനന്തപുരം വിമാനത്താവളം ടോണിയുടെ ജീവിതത്തില്‍ വഹിച്ച പങ്ക് ചെറുതല്ല.
വോഡഫോണിലും ടോണിയുടെ തന്ത്രങ്ങളും കുറുക്കുവഴികളും വിജയിച്ചു. നാല് വര്‍ഷം കൊണ്ട് ചെയ്തു തീര്‍ക്കേണ്ടിയിരുന്ന ജോലികളൊക്കെ രണ്ടര വര്‍ഷംകൊണ്ട് തീര്‍ത്ത് ടോണി സ്വന്തം പ്രാഗല്‍ഭ്യം ഒരിക്കല്‍ക്കൂടി തെളിയിച്ചു.
വോഡഫോണ്‍ വിട്ട ടോണി നേരെ നീങ്ങിയത് ലോകത്തിലെ മുന്തിയ സ്ഥാപനമായ ജി.ഇയിലേക്കായിരുന്നു. പേരും പെരുമയും അന്തസുമൊക്കെ സ്വന്തമായുള്ള വമ്പന്‍ സ്ഥാപനം. നിയമനം ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി. ജിഇയുടെ ആഗോള ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള കേന്ദ്രമായി ടോണി തെരഞ്ഞെടുത്തത് ബംഗളൂരാണ്. അവിടെനിന്ന് ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. വാരാന്ത്യങ്ങളില്‍ പതിവുപോലെ തിരുവനന്തപുരത്തും.
ജപ്പാനിലെ നിസാന്‍ തിരുവനന്തപുരത്തേക്ക്
ജി.ഇയുടെ സി.ഐ.ഒ ആയിരുന്നപ്പോള്‍ തിരുവനന്തപുരത്ത് ഒരു കേന്ദ്രം തുടങ്ങാന്‍ ടോണി ആവതു നോക്കി. പക്ഷെ നടന്നില്ല. അങ്ങനെയിരുന്നപ്പോഴാണ് നിസാനിലേക്ക് ക്ഷണം കിട്ടിയത്. കാര്‍ നിര്‍മാണ മേഖലയിലെ ആഗോള ഭീമനാണ് നിസാന്‍. നിസാനിലും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിത്തന്നെയായിരുന്നു നിയമനം. പ്രവര്‍ത്തന കേന്ദ്രം നിസാന്‍ ആഗോള കേന്ദ്രമായ ജപ്പാനിലെ യോക്കോ ഹോമയില്‍. ഇലക്ട്രിക്ക് വാഹനങ്ങളുടെയും (E.V), ഡ്രൈവറില്ലാ വാഹനങ്ങളുടെയും ഗവേഷണത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനത്തെ പുതിയ വളര്‍ച്ചയ്ക്കു നയിക്കുക എന്നതായിരുന്നു ടോണിയുടെ മുമ്പില്‍ നിസാന്‍ വെച്ച ആദ്യ വെല്ലുവിളി. അതിന് ആഗോളതലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്ന ഗവേഷണധാരകളെ ഒരിടത്തു കൊണ്ടുവരണം. ബ്രസീല്‍, സിംഗപ്പൂര്‍, യൂറോപ്പ്, എന്നിങ്ങനെ ലോകത്തെ പല രാജ്യങ്ങളില്‍ നിന്നും നിസാന് ക്ഷണമെത്തി. ടോണിയുടെ സുഹൃത്തുക്കളായ റോബിന്‍ അലക്‌സ് പണിക്കരും ഹരി ഗോപിനാഥും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വിഷയം അവതരിപ്പിച്ചു. നിസാന്‍ പുതിയ സാങ്കേതികവിദ്യയ്ക്ക് ഒരു ആഗോള ഹബ്ബിനുവേണ്ടി ഒരു കേന്ദ്രം തെരയുകയാണ്. പല പ്രമുഖ ലോക രാജ്യങ്ങളും നിസാനെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. കേരളവും ശ്രമിക്കണം. ഇത്രയുമാണ് റോബിനും അലക്‌സും മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. അദ്ദേഹത്തിന് പെട്ടെന്നുതന്നെ കാര്യത്തിന്റെ ഗൗരവം മനസിലായി. നിസാന് ഒരു ആഗോള ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ യോഗ്യതയും തലസ്ഥാന നഗരമായ തിരുവനന്തപുരത്തിനു ണ്ടെന്ന് കൂടുതലെന്തെങ്കിലും സൗകര്യം വേണമെങ്കില്‍ അതൊക്കെ സജ്ജീകരിക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു കാര്യംകൂടി മുഖ്യമന്ത്രി പറഞ്ഞു. 'നിസാന്‍ പ്രതീക്ഷിക്കുന്ന സൗകര്യങ്ങളൊക്കെയും തിരുവനന്തപുരത്തിനുണ്ടെന്ന് വിശദീകരിച്ച് ഒരു കുറിപ്പ് നിങ്ങള്‍തന്നെ തയാറാക്കിതന്നാല്‍ ഞാന്‍ അതു നോക്കി നിസാന് അയച്ചുകൊടുക്കാം. അവരെ ഇങ്ങോട്ടു ക്ഷണിക്കുകയും ചെയ്യാം.'' - പിണറായി പറഞ്ഞു. നിസാന് ക്ഷണമയയ്ക്കാനുള്ള തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മൂന്നര മിനിട്ടു നേരമേ വേണ്ടിവന്നുള്ളൂവെന്ന് റോബിന്റെയും ഹരിയുടെയും സാക്ഷ്യം.
2017 ഒക്‌റ്റോബര്‍ 23-നാണ് ടോണി യോക്കോഹോമയില്‍ നിസാന്‍ സി.ഐ.ഒയുടെ ചുമതല ഏറ്റത്. 2019 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി തന്നെ നിസാനെ ക്ഷണിച്ചുകൊണ്ട് സന്ദേശമയച്ചു. കിഫ്ബി സി.ഇ ഡോ. കെ.എം ഏബ്രഹാമാണ് ഇതിന് നേതൃത്വം നല്‍കിയത്.
പിറ്റേന്ന് കാലത്തുതന്നെ മുഖ്യമന്ത്രിക്ക് ടോണിയുടെ മറുപടി. യോക്കോഹോമയിലെ നിസാന്‍ കേന്ദ്രത്തിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ ക്ഷണിക്കുകയും ചെയ്തു. ഡോ.കെ.എം ഏബ്രഹാമും ഐ.റ്റി സെക്രട്ടറി എം. ശിവശങ്കറും കൂടി യോക്കോഹോമയിലേക്ക്. തുടര്‍ന്ന് ഒമ്പതംഗ നിസാന്‍ സംഘത്തിന്റെ തിരുവനന്തപുരം സന്ദര്‍ശനം. പദ്ധതിക്ക് പിന്തുണയുമായി തിരുവനന്തപുരം എം.പി ഡോ. ശശി തരൂരും കേന്ദ്ര ഐ.റ്റി മന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവും മുന്നോട്ടു വന്നു. കാര്യങ്ങള്‍ അതിവേഗത്തില്‍. 2018 ജൂണ്‍ 29-ാം തിയതി നിസാന്‍ ആഗോള ഹബ്ബിന്റെ തിരുവനന്തപുരം കേന്ദ്ര നിര്‍മാണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞ് ഒരു ജോലിക്കുവേണ്ടി ചെന്നൈയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാലം മനസില്‍ സൂക്ഷിച്ച ടോണിക്ക് കേരളത്തില്‍ ഒരു വലിയ സ്ഥാപനം തുടങ്ങുക എന്നത് എക്കാലത്തെയും സ്വപ്‌നമായിരുന്നു. ഇന്നിപ്പോള്‍ ആയിരത്തോളം പേര്‍ നിസാന്‍ ഹബില്‍ ചേര്‍ന്നുകഴിഞ്ഞു. തുടക്കക്കാര്‍ക്ക് ഒരു ലക്ഷത്തോളം രൂപയാണ് പ്രതിമാസ ശമ്പളം. ഏറെ പ്രാഗല്‍ഭ്യമുള്ള കുട്ടികളെയാണ് നിസാന് വേണ്ടത്. അതിന് തക്കവണ്ണം മികവുള്ളതല്ല കേരളത്തിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗമെന്ന കാര്യം ടോണി ആദ്യമേ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്‍ജിനീയറിംഗ് സിലബസ് പരിഷ്‌ക്കരിക്കാനുള്ള അടിയന്തര നടപടികളെക്കുറിച്ചാലോചിക്കാന്‍ മുഖ്യമന്ത്രി തന്നെ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.എസ് രാജശ്രീയുടെയും പ്രമുഖ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു. അതെ ടോണി തിടുക്കത്തിലാണ്. മനസ് ഇപ്പോഴും അസ്വസ്ഥവും. സദാ സമയവും വലിയ ലക്ഷ്യങ്ങളാണ് ടോണി മുന്നില്‍ കാണുന്നത്. അതൊക്കെ നേടാന്‍ തിടുക്കപ്പെട്ടുള്ള ഓട്ടവും. അതുതന്നെയാണ് ടോണിയുടെ വിജയത്തിന് കാരണവും.