

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തമായി എന്തെങ്കിലും ചെയ്യമെന്ന ആഗ്രഹവുമായി തൃശൂർ സ്വദേശി ഇക്ബാൽ തങ്ങൾ മെഴുകുതിരിയുടെയും അത്തറിന്‍റെയും കച്ചവടം തുടങ്ങിയത്. വീടിന് സമീപത്തുള്ള കടകളിൽ കൊടുത്ത് തുടങ്ങിയ കച്ചവടം അധികം നീണ്ടില്ല. കടകളിർ നിന്ന് കൃത്യമായി പണം ലഭിക്കാതായതോടെ ആദ്യ സംരംഭം പൂട്ടി.
പിന്നീട് പഠനവുമായി മുന്നോട്ട് നീങ്ങിയ ഇക്ബാലിന്‍റെ ഉള്ളിൽ ആ പതിനേഴുകാരന്‍റെ അനുഭവം കോറിയിട്ട തീ അണഞ്ഞിരുന്നില്ല. അത് അയാളെത്തി നിൽക്കുന്നത് 5 കോടിയോളം വിറ്റുവരവുള്ള ടെക്നോ ക്യാപ് എക്യുപ്മെന്‍റ് എന്ന കമ്പനിയുടെ ഉടമയായി ആണ്.
പഴയ ചരക്ക് കണ്ടെയ്‌നർ പുനരുപയോഗിച്ച് വീടുകളും ഓഫീസുകളും കടകളും തുടങ്ങി സ്വിമ്മിങ് പൂൾ വരെ നിർമിക്കുന്ന കമ്പനി ആണ് ടെക്നോ ക്യാപ് എക്യുപ്മെന്‍റ് . ഇന്നു കാണുന്ന വിജയത്തിലേക്ക് ഇക്ബാൽ നടന്ന വഴികൾ സംരംഭകനാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മാതൃകയാണ്.
മംഗലാപുരത്തെ ഡിഗ്രിക്ക് ശേഷം തൃശൂരിൽ എംബിഎ പഠിക്കുമ്പോഴാണ് ഇക്ബാലിന്‍റെ ഉള്ളലെ സംരംഭകൻ വീണ്ടും വെളിച്ചം കാണുന്നത്. ഒന്നാം വർഷം പഠനം അവസാനിച്ചപ്പോൾ രണ്ട് സഹപാഠികളുമായി ചേർന്ന് ഇക്ബാൽ ഒരു എച്ച്ആർ കണ്‍സൾട്ടന്‍സി ആരംഭിച്ചു. ക്ലൈന്‍റുകളെ ലഭിച്ചെങ്കിലും വിചാരിച്ച സാമ്പത്തിക നേട്ടം കണ്‍സൾട്ടൻസിയിൽ നിന്ന് ലഭിച്ചില്ല. തുടർന്ന് 2008ൽ ഇക്ബാൽ തന്‍റെ രണ്ടാമത്തെ സംരംഭത്തിൽ നിന്ന് പടിയിറങ്ങി.
പിന്നീട് കൊച്ചിയിലെ താമസിത്തിനിടെ സ്ഥിരമായി കാണുന്ന കാർഗോ കണ്ടെയ്‌നറുകളാണ് ഇക്ബാലിലെ സംരംഭകനെ മൂന്നാംവട്ടവും ഉണർത്തിയത്. പുതിയ ആശയം ഇക്ബാൽ ആദ്യം പങ്കുവെച്ചത് അമ്മയുടെ സഹോദരനുമായി ആണ്. ദുബായിയിൽ ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഇക്ബാലിന്‍റെ ആശയവുമായി എളുപ്പം പൊരുത്തപ്പെടാൻ സാധിക്കുമായിരുന്നു. അങ്ങനെ 2009ൽ ടെക്നോ ക്യാപ് എക്യുപ്മെന്‍റ് ഇക്ബാൽ ആരംഭിച്ചു. തന്‍റെ പുതിയ തുടക്കത്തിന് അദ്ദേഹം തെരഞ്ഞെടുത്തതാകട്ടെ ഡിഗ്രിക്കാലഘട്ടം ചെലവഴിച്ച കോയമ്പത്തൂരും.
ഇത്തവണയും പ്രതിസന്ധികൾ ഇക്ബാലിനെ തേടിയെത്താതിരുന്നില്ല. എഞ്ചിനീയറിങ്ങിന്‍റെ എബിസിഡി അറിയഞ്ഞ അയാൾ എല്ലാം ഒന്നുമുതൽ പഠിച്ചു, ഫാബ്രിക്കേഷൻ ജോലിവരെ. ടെക്നോ ക്യാപിന് ലഭിച്ച ആദ്യ ഓഡർ ഒരു ലോറിയിൽ കണ്ടെയ്‌നർ ഫിറ്റ് ചെയ്യാനുള്ളതായിരുന്നു. സമയത്ത് ജോലി തീർക്കാൻ പറ്റിയില്ല എന്നുമാത്രമല്ല പറഞ്ഞുറപ്പിച്ചതിലും ഇരട്ടി തുക ആദ്യ ഓഡറിൽ തന്നെ ചെലവാകുകയും ചെയ്‌തു.
എന്നാൽ ഇക്ബാൽ പിന്മാറിയില്ല. കാലം ചെല്ലും തോറും ബിസിനസ് മെച്ചപ്പെട്ടു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസുകളും വീടുകളും പഴയ കാർഗോ കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ടെക്നോ ക്യാപ് നിർമിച്ചു. 2014ൽ കണ്ടെയ്നർ സ്വിമ്മിങ് പൂളുകൾ അവതരിപ്പിച്ചതോടെ ടെക്നോ ക്യാപ് കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങി. ഇന്ന് കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ടെക്നോ ക്യാപിന്‍റെ സേവനം ലഭ്യമാണ്.
ഷിപ്പിങ് കമ്പനികളിൽ നിന്ന് പഴയ കണ്ടെയ്നറുകൾ ലേലത്തിൽ പിടിക്കുകയാണ് ടെക്നോ ക്യാപ് ചെയ്യുന്നത്. രണ്ട് ലക്ഷം മുതൽ 4 ലക്ഷം വരെയാണ് കണ്ടെയ്‌നറുകളുടെ വില. കണ്ടെയ്‌നർ ഉപയോഗിച്ച് ഒരു കിടിപ്പുമുറിയുള്ള വീട് നിർമ്മിക്കാൻ 12 മുതൽ 16.5 ലക്ഷം വരെയാണ് കമ്പനി ഈടാക്കുന്നത്.
കൊവിഡ് കാലം മറ്റ് ബിസിനസുളെ ബാധിച്ചപ്പോളും ടെക്നോ ക്യാപ് നേട്ടമുണ്ടാക്കി. ലോക്ക്ഡൗണിന്‍റെ സമയത്ത് നിരവധി ആളുകളാണ് ഫാം ഹൗസുകളിലും മറ്റും കണ്ടെയ്‌നർ വീടുകളുണ്ടാക്കാൻ ഇക്ബാലിനെ തേടിയെത്തിയത്. മുൻ വർഷം 3 കോടി ആയിരുന്ന വിറ്റുവരവ് ഇത്തവണ 5 കോടിയായി ആണ് ഉയർന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine