ഇഡലിമാവും ഐ.റ്റിയും തമ്മിലെന്ത്?

രാംമോഹന്‍ പാലിയത്ത്‌

ഇക്കഴിഞ്ഞ ദിവസം വിജയീ ഭവ ഇന്‍സ്പിരേഷനല്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ഐഡി ഫ്രഷ്ഫുഡ് സ്ഥാപകനും സിഇഒയുമായ പി.സി മുസ്തഫ തന്റെ ബ്രാന്‍ഡിന്റെ വിജയരഹസ്യം എന്താണെന്നു ചോദിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നാണ് ഉത്തരം പറഞ്ഞത്.

എന്തുകൊണ്ടാണെന്നോ ഐഡി ബ്രാന്‍ഡിലുള്ള വിവിധ ഫ്രഷ് ഫുഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വലുതും ചെറുതുമായ 30,000-ത്തോളം റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ ഏതെല്ലാം ഉല്‍പ്പന്നങ്ങള്‍ എത്രയെത്ര വിറ്റഴിയുന്നു, ഏതിനാണ് ഡിമാന്‍ഡ് കൂടുതല്‍, കുറവ് എന്നെല്ലാമുള്ള വിവരങ്ങള്‍ ആധുനിക ഐ.റ്റി സൗകര്യങ്ങള്‍ ഉപയോഗിച്ച് അപ്പ

പ്പോള്‍ അറിയുന്നതിലൂടെയാണ് അസൂയാവഹമായ ഈ വളര്‍ച്ച മുസ്തഫ സാധ്യമാക്കിയത്.

ഈ 30000 ഔട്ട്ലെറ്റുകളേയും ജിയോടാഗ് ചെയ്തു. ഓരോന്നിലേക്കുമുള്ള ബെസ്റ്റ് റൂട്ടുകള്‍, ഡിമാന്‍ഡിന്റെയും വില്‍പ്പനയുടേയും ഏറ്റക്കുറച്ചിലുകള്‍, ഐറ്റങ്ങള്‍ക്കുള്ള ഡിമാന്‍ഡുകള്‍… ഇതെല്ലാം അപ്പപ്പോള്‍ വിശകലനം ചെയ്തുകൊണ്ടാണ് ഐഡി ഇപ്പോള്‍ മുന്നേറുന്നത്. അതായത് ഐഡിയും ഒരു ഡാറ്റാബേസ് മാനേജ്മെന്റ് ബിസിനസിലാണ്!

ഇഡലിമാവ്, റെഡി-റ്റു-കുക്ക് ചപ്പാത്തി, പൊറോട്ട, വട മാവ് തുടങ്ങിയ ഷെല്‍ഫ് ലൈഫ് അധികമില്ലാത്ത, പെട്ടെന്ന് കേടാവുന്ന ഫുഡ് ഐറ്റംസാണ് ഐഡി ഫ്രഷ് നിര്‍മിക്കുന്നത്. വേസ്റ്റേജ് ധാരാളം വരാന്‍ സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ കൂടിയാണിവ. എന്നാല്‍ ബാംഗ്ലൂര്‍ പോലൊരു വലിയ വിപണിയിലും വേസ്റ്റേജ് (എക്സ്പയറി ഡേറ്റു കഴിഞ്ഞ് വില്‍ക്കാതെ തിരിച്ചുവരുന്ന സ്റ്റോക്ക്) രണ്ടു ശതമാനത്തിലും താഴേയ്ക്ക് കുറച്ചു കൊണ്ടുവരാന്‍ വിവര സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ മുസ്തഫയ്ക്കു സാധിച്ചു.

എന്നും സീറോ ഡെറ്റ് കമ്പനി

ബാംഗ്ലൂര്‍ നഗരത്തിലെ ചെറിയ ഒരു അടുക്കളയില്‍ നിന്നാരംഭിച്ച് ഇന്ത്യയെമ്പാടുമുള്ള ലക്ഷക്കണക്കിന് അടുക്കളകള്‍ കീഴടക്കിയ കഥയാണ് ഐഡി ഫ്രഷ് ഫുഡ് സ്ഥാപകനും സിഇഒയുമായ പി.സി മുസ്തഫയുടേത്. ഇന്റല്‍ എന്ന മള്‍ട്ടിനാഷനല്‍ ഐ.റ്റി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് മുസ്തഫ ഐഡിക്ക് തുടക്കമിട്ടത്.

വെറും 50 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള അടുക്കളയില്‍ 50000 രൂപ മുതല്‍ മുടക്കിലായിരുന്നു തുടക്കം. മൂന്നു വര്‍ഷത്തോളം ജോലിക്കൊപ്പം വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മാത്രം ഐഡിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടു പോയി. കസിന്‍സായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇന്നും അവരെല്ലാം ഐഡയില്‍ തന്നെയുണ്ട്.

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഫണ്ടിംഗും പ്രധാനമായും കസിന്‍സ് വഴി തന്നെയായിരുന്നു. ചെറുതായിരുന്നപ്പോള്‍ത്തന്നെ ഒരു ഘടന ഉണ്ടാക്കിയിരുന്നു. അതേസമയം പരസ്പര വിശ്വാസമാണ് ഏറ്റവും പ്രധാനമെന്നും തിരിച്ച

റിഞ്ഞു. അതുണ്ടെങ്കില്‍ 90% പ്രശ്നങ്ങളും ഉണ്ടാവില്ലെന്നാണ് മുസ്തഫ തന്റെ അനുഭവത്തില്‍ നിന്ന് ചൂണ്ടിക്കാട്ടുന്നത്.

ഒരു രൂപാ പോലും വായ്പാഭാരമില്ലാതെയാണ് സ്ഥാപനനത്തിന്റെ പ്രവര്‍ത്തനം. പലിശ കൊടുക്കുന്നതിലും വാങ്ങുന്നതിലും താല്‍പ്പര്യമില്ലാത്ത മുസ്തഫ കിട്ടിയ ലാഭം ഏതാണ്ട് മുഴുവനുംതന്നെ ബിസിനസില്‍ പുനര്‍ നിക്ഷേപിച്ചാണ് ഇത് സാധ്യമാക്കിയത്.

നിരന്തരം ഇന്നവേഷനുകള്‍

ഇഡലി/ദോശമാവിന്റെ വിജയത്തില്‍ ചടഞ്ഞിരുന്നില്ല മുസ്തഫ. ഇന്നവേഷനുകള്‍ പിന്നാലെ പിന്നാലെ വന്നു. ഒരു കുട്ടിക്കു പോലും എളുപ്പത്തില്‍ ഉഴുന്നുവടയുണ്ടാക്കാന്‍ കഴിയുന്ന ഡിസ്പെന്‍സര്‍ ഉള്‍പ്പെട്ട വട മാവ് പാക്കായിരുന്നു ആദ്യം. എന്നാല്‍ അതൊന്നും ഒരു സുപ്രഭാതത്തില്‍ ഉണ്ടായി വന്നതല്ലെന്ന് മുസ്തഫ പറയുന്നു. 'ഇന്നു കാണുന്ന പെര്‍ഫെക്ട് വട ഉണ്ടാക്കാവുന്ന വിധത്തില്‍ ആക്കിയെടുക്കാന്‍ ഞങ്ങള്‍ മൂന്നു വര്‍ഷമാണെടുത്തത്. പരാജയപ്പെട്ട ഓരോ തവണയും ഞങ്ങള്‍ അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയായിരുന്നു. അങ്ങനെയാണ് പല പുതിയ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നത്'.

ചിരട്ടയ്ക്കുള്ളില്‍ത്തന്നെ ചിരകിയ തേങ്ങ വിപണിയിലെത്തിച്ചിരിക്കുന്ന ഐഡി ഗ്രേറ്റഡ് കോക്കനട്ട്, ഉള്ളിലെ കരിക്കുവെള്ളത്തിന്റേയും കാമ്പിന്റേയും അളവു കാണിക്കുന്ന പുതിയ കെവൈസിയുമായി (Know Your Coconut) എത്തിയിരിക്കുന്ന സ്മാര്‍ട്ട് സിപ് ടെന്‍ഡര്‍ കോക്കനട്ട് എന്നിവയാണ് ഐഡിയുടെ പുതിയ രണ്ട് ഉല്‍പ്പന്നങ്ങള്‍. ഐഡി ഉല്‍പ്പന്നങ്ങളുടെ ആത്യന്തികമായ സ്രോതസുകളായ കര്‍ഷകരേയും ആത്യന്തിക വില്‍പ്പനക്കാരാക്കാവുന്ന തെരുവു വില്‍പ്പനക്കാരേയും ബോധവല്‍ക്കരിക്കാനും ശാക്തീകരിക്കാനുമുള്ള നൂതന പദ്ധതികളും ഐഡി വിഭാവനം ചെയ്യുന്നുണ്ട്.

ബ്രാന്‍ഡ് ബില്‍ഡിംഗ് പാഠങ്ങള്‍

കോടികള്‍ മുടക്കി ചെയ്യുന്ന പരസ്യങ്ങളല്ല ബ്രാന്‍ഡ് ബില്‍ഡിംഗെന്നു പറയുന്ന മുസ്തഫയുടെ ബ്രാന്‍ഡ് ബില്‍ഡിംഗ് പാഠങ്ങള്‍ ഇതൊക്കെയാണ്.

1) ഉല്‍പ്പന്നമാണ് താരം. ഉദാഹരണത്തിന് ദോശയും വടയുമാണെങ്കില്‍ അതിന്റെ മൊരിവ്, സ്വാദ് തുടങ്ങിയ കാര്യങ്ങള്‍. അല്ലാതെ അതിന്റെ പരസ്യത്തിലഭിനയിക്കുന്ന സെലിബ്രിറ്റികളല്ല

2) അവിസ്മരണീയമായ ഉപഭോക്തൃ അനുഭവം അഥവാ മെമ്മറബ്ള്‍ യൂസര്‍ എക്സ്പീരിയന്‍സ്. വട തിന്നുന്നതുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രധാനമാണ് സ്വന്തമായി, ആദ്യമായി വടയുണ്ടാക്കുന്ന അനുഭവം, അതിന്റെ ഓര്‍മ, അഭിമാനം.

3) ഉല്‍പ്പന്നത്തെ ചുറ്റിപ്പറ്റിയുള്ള, നന്നായി പറയുന്ന കഥ (വെല്‍-ക്രാഫ്റ്റഡ് സ്റ്റോറി ബില്‍ഡിംഗ്).

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it