ഒന്നും ഇല്ലായ്മയില്‍ നിന്ന് 10,000 ഔട്ട്ലെറ്റ്സ്, 500 കോടി കമ്പനി, ഇത് 'മധുരം' നിറഞ്ഞ വിജയം

ലാക്‌മെ (Lakme), നൈക (Nykaa), ലോറിയല്‍ (Loreal) തുടങ്ങി ജനപ്രീതി ആര്‍ജിച്ച കോസ്‌മെറ്റിക് ബ്രാന്‍ഡുകള്‍ക്കിടയില്‍ ഷുഗര്‍ എന്നൊരു ബ്രാന്‍ഡ് ഉയര്‍ന്നു വന്നത് ഈ അടുത്ത കാലത്താണ്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ കയറിയിറങ്ങിയവരെല്ലാം ശ്രദ്ധിച്ചു, പ്രീമിയം കോസ്‌മെറ്റിക്‌സിനിടയില്‍ പ്രീമിയം ലുക്കില്‍ 'ബജറ്റ് പ്രൈസ്' ടാഗില്‍ ഷുഗര്‍ കോസ്‌മെറ്റിക്‌സ് (Sugar Cosmetics). ഇന്ത്യന്‍ ബ്രാന്‍ഡ് ആയ ഷുഗര്‍ അങ്ങനെ ജനകീയ ബ്രാന്‍ഡ് ആയി. ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഷുഗര്‍ വെബ്‌സൈറ്റിലുമെല്ലാം കച്ചവടം പൊടിപൊടിച്ചു.

മത്സരം കടുക്കുന്ന കോസ്‌മെറ്റിക് സ്റ്റാര്‍ട്ടപ്പ് വിപണിയില്‍ നിശ്ശബ്ദ വിപ്ലവത്തിനാണ് ഷുഗര്‍ തുടക്കമിട്ടത്. ഇന്ത്യന്‍ വനിതകള്‍ക്ക് വേണ്ടി ഒരു മെയ്ഡ് ഇന്‍ ഇന്ത്യ ബ്രാന്‍ഡ്. ഷുഗര്‍ കോസ്‌മെറ്റിക്‌സ് സ്റ്റാര്‍ട്ടപ്പുകളിലെ താരമായി മാറിയത് മെല്ലെയാണെങ്കിലും വളര്‍ച്ച സ്ഥായിയായതായിരുന്നു. ഇന്ന് ഓണ്‍ലൈനിന് പുറമെ ഓഫ്‌ലൈനിലും ബ്രാന്‍ഡിന് മികച്ച സ്വാധീനമുണ്ട്.
രാജ്യത്തെ 130 ഓളം നഗരങ്ങളില്‍ ഷുഗര്‍ കോസ്‌മെറ്റിക്‌സിന് പതിനായിരത്തിലേറെ സ്റ്റോറുകളുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ കൂണ്‍ പോലെ പൊങ്ങിവന്നിരുന്ന കോവിഡ് കാലത്ത് മികച്ച ഫണ്ടിംഗും ഷുഗര്‍ നേടി. നൈക പോലെ ഈ ബ്രാന്‍ഡിനു പിന്നിലും ശക്തയായ ഒരു വനിതകൂടിയുണ്ട്. ഷുഗര്‍ കോസ്‌മെറ്റിക്‌സിന്റെ സഹ സ്ഥാപക, വിനീത സിംഗ് (Vineeta Singh). പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോയ സ്മാര്‍ട്ട് സംരംഭക.
മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീനീയറിംഗ് പൂര്‍ത്തിയാക്കി ഐഐഎം അഹമ്മദാബാദില്‍ ബിസിനസ് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ വിനീത സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് എന്ന ആശയത്തിനുള്ളിലായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം ലഭിക്കുമായിരുന്ന പല ഓഫറുകളും വിനീത ഉപേക്ഷിച്ചതും ഈ പ്യൂപ്പയ്ക്കുള്ളില്‍ നിന്നും മനോഹരമായ ഒരു സംരംഭക യാത്രയിലേക്കുള്ള പദ്ധതി ഉള്ളത് കൊണ്ടായിരുന്നു.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വിനീത പറഞ്ഞു, ''സ്ത്രീകള്‍ പ്രധാന ഉപഭോക്താക്കളാകുന്ന ഏതെങ്കിലും ഉല്‍പ്പന്നം പുറത്തിറക്കണമെന്ന് എനിക്ക് ശക്തമായ ആഗ്രഹം ഉണ്ടായിരുന്നു. അതിനാല്‍ ആദ്യ സ്റ്റാര്‍ട്ടപ്പ് സ്‌കെയില്‍ ചെയ്യപ്പെടാതെ വന്നപ്പോള്‍, എന്റെ സഹസ്ഥാപകനായ കൗശികിനൊപ്പം ഒരു ബ്യൂട്ടി സബ്സ്‌ക്രിപ്ഷന്‍ കമ്പനി ആരംഭിക്കാന്‍ ഞാന്‍ തീരുമാനിച്ചു. 2012-ല്‍ വിപണിയില്‍ നടത്തിയ ഒരു സര്‍വേയില്‍ നിന്നും 200,000 വനിതാ ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കി. ഇത് സ്ഥാപനം ആരംഭിക്കാനുള്ള വലിയ റിസര്‍ച്ച് മെറ്റീരിയല്‍ ആയിരുന്നു. അങ്ങനെ 2015-ല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ബ്യൂട്ടി ബ്രാന്‍ഡായി SUGAR Cosmetics ആരംഭിച്ചു.അണഞ്ഞു പോകാത്ത സംരംഭകത്വ ലക്ഷ്യമാണ് എന്നെ മുന്നോട്ട് നയിച്ചത്''.
ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ ബ്രാന്‍ഡ്
ഇന്ത്യയിലെ സ്ത്രീകള്‍ എല്ലായ്‌പ്പോഴും അവരുടെ ചര്‍മ്മത്തിന് ഇണങ്ങുന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഷേയ്ഡ്‌സ് ലഭിക്കുന്നതില്‍ അസംതൃപ്തരാണ്. അവര്‍ എല്ലായ്‌പ്പോഴും വിദേശ ബ്രാന്‍ഡുകളില്‍ നിന്നുള്ള മേക്കപ്പ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നുവെങ്കിലും ബ്രൗണ്‍, വീറ്റ് സ്‌കിന്‍ ടൈപ്പുകള്‍ക്ക് അത് അത്ര ചേരുന്നതാണെന്ന് വിശ്വസിക്കുന്നില്ല. അവിടെയാണ് SUGAR കോസ്മെറ്റിക്സ് ചിത്രത്തിലേക്ക് വന്നത്. ഇന്ത്യന്‍ സ്‌കിന്‍ ടോണുകള്‍ക്കായി മാത്രം മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ വിനീത സിംഗ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 20-35 വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെയാണ് ഷുഗര്‍ മാര്‍ക്കറ്റിംഗ് നടത്തുന്നത്.
Cruelty free കോസ്‌മെറ്റിക്‌സ് ആണ് ഷുഗര്‍ കോസ്‌മെറ്റിക്‌സ്. 500 മില്യണ്‍ ഡോളര്‍ കമ്പനിയായി നില്‍ക്കുന്ന ഷുഗറിന് ഏറ്റവുമൊടുവില്‍ 50 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് കണ്ടെത്താനുമായി. മധുരമുള്ള സംരംഭകവിജയത്തിലൂടെ ഇന്ത്യയുടെ അടുത്ത യൂണികോണ്‍ ആകുക എന്ന ലക്ഷ്യത്തിലൂടെ മുന്നോട്ട് പോകുകയാണ് ഷുഗര്‍ കോസ്‌മെറ്റിക്‌സ് ഇപ്പോള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it