അന്ന് അപമാനം സഹിക്കാതെ ആത്മഹത്യയ്‌ക്കൊരുങ്ങി, ഇന്ന് രാജ്യത്തെ ടോപ് സിഇഒ പട്ടികയില്‍

ഉച്ചാരണം മോശമാണെന്നും കഴുത്തു വളഞ്ഞതെന്നും കുറിയതാണെന്നുമൊക്കെ പറഞ്ഞ് നിരനിരയായി പിന്തള്ളിപ്പോയ ജോലിക്കായുള്ള അപേക്ഷകള്‍. പഠിക്കാന്‍ കഴിവുണ്ടായിട്ടും 'അയ്യേ', 'മോശം കുട്ടി' എന്നൊക്കെയുള്ള തരം താഴ്ത്തലുകള്‍. ഇന്ന് ഇന്ത്യയിലെ ടോപ് സിഇഒ പട്ടികയില്‍ മുന്‍നിരയില്‍ ഇരിക്കുമ്പോള്‍ രാധിക ഗുപ്തയ്ക്ക് കടന്നു വന്ന കാലം അത്രയെളുപ്പത്തില്‍ മറക്കാനാകില്ല. കോളേജ് പഠനത്തിന് ശേഷം ഇന്റര്‍വ്യൂ റിജക്ഷന്റെ ഒരു നിര തന്നെ അഭിമുഖീകരിച്ച രാധിക തളരാതെ മുന്നേറി.

ഹ്യൂമന്‍സ് ഓഫ് ബോംബെയിലൂടെ ഈ സിഇഒയുടെ കഥ പുറത്തുവരുമ്പോള്‍ ഓരോ സംരംഭകനും പ്രൊഫഷണലും അറിഞ്ഞിരിക്കണം, തോറ്റുകൊടുക്കാനില്ലാത്ത മനസ്സ് നേടിയെടുത്ത വിജയകഥ. തന്റെ 33 ാം വയസ്സില്‍ കോര്‍പ്പറേറ്റ് ലോകത്ത് ചര്‍ച്ചയാകുന്ന എഡല്‍വൈസ് എംഎഫിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാധിക ഗുപ്ത പങ്കുവയ്ക്കുന്ന കഥ ഇങ്ങനെ:

'ഞാന്‍ ജനിച്ചത് കുറിയ(വ്യത്യസ്തമായ) കഴുത്തോടെയാണ്. എന്നെ ഒറ്റപ്പെടുത്താന്‍ ഇത് പലര്‍ക്കും ഒരു കാരണമായി. ഞാന്‍ സ്‌കൂളുകള്‍ മാറി മാറി എല്ലായ്‌പ്പോഴും സ്‌കൂളിലെ പുതിയ കുട്ടിയായി. ഒരു നയതന്ത്രജ്ഞനായ പിതാവിന്റെ മകളെന്ന നിലയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ താമസിച്ചിരുന്നു. പിന്നീടാണ് നൈജീരിയയ്ക്ക് മാറുന്നത്. അവിടെ തന്റെ ഇന്ത്യന്‍ സ്ലാംഗ് പ്രശ്‌നമായി. ഉച്ചാരണത്തെക്കുറിച്ച് കുറെയേറെ കളിയാക്കലുകള്‍ കേട്ടു.

'അവര്‍ എനിക്ക് 'അപു' എന്ന് പേരിട്ടു, ദി സിംസണ്‍സിലെ ഒരു കഥാപാത്രം. എന്റെ സ്‌കൂളില്‍ തന്നെ ജോലി ചെയ്തിരുന്ന എന്റെ അമ്മയെ വച്ച് എന്നെ താരതമ്യപ്പെടുത്തി. അമ്മയെത്ര സുന്ദരിയാണെന്നും ഞാനെന്താണിങ്ങനെയെന്നും അവര്‍ ചോദിച്ചു. അതെന്നെ ഏറെ വേദനിപ്പിച്ചു.

22 ആം വയസ്സില്‍, ഏഴാമത്തെ ജോലിയും റിജക്ഷന്‍ ആയതിന് ശേഷം ആത്മഹത്യ ചെയ്താലോ എന്നു തോന്നി. മുകളിലത്തെ നിലയില്‍ നിന്നും ചാടാനൊരുങ്ങി. അങ്ങനെ ഡിപ്രഷന്‍ മാറ്റാന്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറി. അവിടെ നിന്ന് മുറിവിട്ട് പുറത്തിറങ്ങിയത്, അവസാന പ്രതീക്ഷയായിരുന്ന ഇന്റര്‍വ്യൂവിനാണ്. അത് നേടിയെടുത്തിരിക്കുമെന്ന് വാക്കുകൊടുത്താണ് ആശുപത്രി വിട്ടത്. ആ ദിവസം നിര്‍ണായകമായിരുന്നു. മക്കിന്‍സിയില്‍ ജോലി നേടി.

ജീവിതം മാറിമറിഞ്ഞ ദിനങ്ങള്‍

എന്റെ ജീവിതം ശരിയായ പാതയിലായി വന്നത് അപ്പോഴാണ്'' രാധിക പറയുന്നു. എന്നാല്‍ 3 വര്‍ഷത്തിന് ശേഷം, 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച ദിവസങ്ങളില്‍ ഒരു മാറ്റം വേണമെന്ന് തോന്നിയാണ് 25-ആം വയസ്സില്‍ അവര്‍ ഇന്ത്യയിലേക്ക് ചേക്കേറിയത്. ഭര്‍ത്താവിനും സുഹൃത്തിനും ഒപ്പം സ്വന്തം അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്ന ആശയം വികസിപ്പിച്ചതും അപ്പോഴാണ്.

മികച്ച പെര്‍ഫോമിംഗ് സ്റ്റാര്‍ട്ടപ്പായിരുന്ന കമ്പനിയെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം Edelweiss MF ഏറ്റെടുത്തു. ''ഞാന്‍ കോര്‍പ്പറേറ്റ് ഗോവണി കയറി. സ്യൂട്ടുകള്‍ നിറഞ്ഞ ഒരു മുറിയില്‍ ഞാന്‍ സാരിക്കാരിയായി, അവസരങ്ങള്‍ ഉപയോഗിച്ചു. ' രാധിക പറയുന്നു. അതിനാല്‍, എഡല്‍വെയ്സ് എംഎഫ് ഒരു സിഇഒയെ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം മടിച്ചെങ്കിലും ഭര്‍ത്താവിന്റെ പ്രോത്സാഹനത്താല്‍ അപേക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സിഇഓയുമായി. അതെ, അന്ന് ഇംഗ്ലീഷ് വശമില്ലാത്ത ഇന്ത്യക്കാരി, കഴുത്ത് കുറിയവള്‍ എന്നൊക്കെ കളിയാക്കലുകള്‍ സഹിച്ച അതേ രാധിക, ഇന്ന് സാരിയുടുത്ത് രാജ്യത്തെ ഏറ്റവും മൂല്യമുള്ള മ്യൂച്വല്‍ ഫണ്ട് കമ്പനികളിലൊന്നില്‍ തലപ്പത്തിരിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it