പൂജ്യത്തില്‍ നിന്ന് 100 കോടിയിലേക്ക്: കാമത്ത് & കാമത്തിന്റെ സ്വപ്‌നയാത്ര!

From Zero to Hero!

ഇങ്ങനെ വിശേഷിപ്പിക്കാന്‍ എന്തുകൊണ്ടും അര്‍ഹരാണ് രാജ്യത്തെ ഏറ്റവും വലിയ റീറ്റെയ്ല്‍ ബ്രോക്കിംഗ് കമ്പനിയായ സെറോധയുടെ സാരഥികളായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും.

ചേട്ടന്‍ നിതിന്‍ കാമത്ത് എന്‍ജിനീയറിംഗ് പഠിക്കുമ്പോഴും ശ്രദ്ധ ട്രേഡിംഗിലായിരുന്നു. രണ്ടുമൂന്നുവര്‍ഷം ട്രേഡിംഗ് നടത്തിയുണ്ടാക്കിയ കാശ് മുഴുവന്‍ ഒറ്റയടിക്ക് പോയപ്പോള്‍ നിതിന്‍ വളരെ നല്ലൊരു സീറോയായി. അനിയന്‍ നിഖില്‍ കാമത്തിന് പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തോട് തന്നെ യോജിപ്പില്ലായിരുന്നു. അതുകൊണ്ട് പതിനാലാമത്തെ വയസ്സില്‍ തന്നെ പുള്ളിക്കാരന്‍ ഔപചാരിക വിദ്യാഭ്യാസത്തോട് ബൈ പറഞ്ഞു. യൂസ്ഡ് മൊബീല്‍ ഫോണുകള്‍ വാങ്ങി മറിച്ച് വില്‍പ്പന നടത്തുന്ന ബിസിനസ് ആരംഭിച്ചു. അമ്മ ഇക്കാര്യം അറിഞ്ഞതോടെ നിഖിലിന്റെ ബിസിനസില്‍ ആദ്യ തിരിച്ചടി സംഭവിച്ചു. വില്‍ക്കാന്‍ വെച്ചിരുന്ന ഫോണുകളെല്ലാം എടുത്ത് ടോയ്‌ലെറ്റിലിട്ട് ഫ്‌ളെഷ് ചെയ്താണ് ആ അമ്മ മകന്റെ ബിസിനസ് മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. എന്നിട്ടും മകന്‍ പിന്‍മാറിയില്ല. ഫലമോ ബോര്‍ഡ് പരീക്ഷ പോലും എഴുതാനാകാതെ സ്‌കൂള്‍ മുറ്റം വിട്ട് നിഖില്‍ ഇറങ്ങി. 17 വയസ്സില്‍ ഒരു കോള്‍ സെന്ററില്‍ പ്രതിമാസം 8000 രൂപ വേതനത്തിന് ജോലിയില്‍ കയറി. നിഖില്‍ യൂസ്ഡ് ഫോണ്‍ വിറ്റതും കോള്‍ സെന്ററില്‍ ജോലിക്ക് കയറിയതും കാശുണ്ടാക്കി നാട് ചുറ്റാനായിരുന്നില്ല. ഓഹരി വിപണിയില്‍ ട്രേഡിംഗ് നടത്താനായിരുന്നു.
എല്ലാവരും എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പഠിച്ചപ്പോള്‍ അവരുടെ ഹരിശ്രീ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍
നിതിന്‍ - നിഖില്‍ സഹോദരങ്ങളുടെ പിതാവ് ഒരു ബാങ്കറാണ്. അമ്മ സംഗീതത്തെ ഉപാസിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകയും. രാജ്യത്തെ സമുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത പഠനം ആഗ്രഹിച്ച് കൗമാര പ്രായക്കാര്‍ ഉറക്കമിളച്ച് പഠിക്കുമ്പോള്‍, അതേ പ്രായത്തിലുള്ള നിതിനും നിഖിലും ഉറക്കം കളഞ്ഞത് സ്റ്റോക്ക് മാര്‍ക്കറ്റിനെ അറിയാനാണ്. സ്വയം ട്രേഡ് ചെയ്ത്, പണം കളഞ്ഞ്, പണം നേടി അവര്‍ മുന്നോട്ടു പോയി. മക്കളുടെ ട്രേഡിംഗ് ഭ്രമം കണ്ട് പിതാവും കുറച്ച് തുക അതിനായി നല്‍കി. പിന്നീട് ഇരുവരും ചേര്‍ന്ന് കാമത്ത് അസോസിയേറ്റ്‌സ് എന്ന സ്ഥാപനം തുടങ്ങി. 2010ലാണ് അവര്‍ സെറോധ ആരംഭിക്കുന്നത്.

പുറത്തുനിന്ന് യാതൊരു ഫണ്ടിംഗും നേടാതെ യൂണികോള്‍ പദവിയിലെത്തിയ (മൂല്യം 100 കോടി ഡോളറിലെത്തുന്ന) സ്റ്റാര്‍ട്ടപ്പാണ് സെറോധ. 5-10 ലക്ഷം രൂപയായിരുന്നു പ്രാരംഭ മൂലധനം. 2021ല്‍ കാമത്ത് സഹോദരങ്ങള്‍ ഫോര്‍ബ്‌സിന്റെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ കയറി. സിഎന്‍ബിസി നിഖില്‍ കാമത്തിനെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയേഴ്‌സിന്റെ പട്ടികയില്‍ പെടുത്തി.

ഇന്ന് സെറോധയ്ക്ക് 50 ലക്ഷം ആക്ടീവ് യൂസേഴ്‌സാണ് ഉള്ളത്. രാജ്യത്തെ ട്രേഡിംഗ് വോള്യത്തിന്റെ 15 ശതമാനം മാനേജ് ചെയ്യുന്നതും ഇവരാണ്. പുറത്തുനിന്നുള്ള ഫണ്ടിംഗ് ഇല്ലാത്തതിനാല്‍ അവരുടെ സംരംഭക വിജയഗാഥയുടെ ഫലം സാലറി ചെക്കിന്റെ പേരിലെടുക്കാനാണ് ഇരുസഹോദരങ്ങളും തീരുമാനിച്ചത്. നിതിന്‍ കാമത്തും നിഖില്‍ കാമത്തും നിതിന്റെ ഭാര്യ സീമ പാട്ടിലും പ്രതിവര്‍ഷം 100 കോടി രൂപയാണ് വേതനമായി എടുക്കുക. മറ്റ് സ്റ്റാര്‍ട്ടപ്പുകളെ പോലെ സോറോധയുടെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറല്ലെന്ന് കാമത്ത് സഹോദരങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ഈ കാശൊക്കെ എന്തിനാ?
നിലവില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് ഏറ്റവും ഉയര്‍ന്ന വേതനം കൈപ്പറ്റുന്ന ടോപ് എക്‌സിക്യുട്ടീവുകളാണ് നിതിനും നിഖിലും സീമയും. സണ്‍ ടിവിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനും സ്ഥാപകനുമായ കലാനിധി മാരനും ഭാര്യ കാവേരി കലാനിധിയും കൈപ്പറ്റുന്നത് 88 കോടി രൂപയുടെ വാര്‍ഷിക വേതന പാക്കേജാണ്. ഹീറോ മോട്ടോ കോര്‍പിന്റെ പവന്‍ മുഞ്ജാള്‍ (85 കോടി രൂപ) ഡിവീസ് ലാബിന്റെ മുരളി ഡിവി (52 കോടി രൂപ), ബജാജ് ഓട്ടോയുടെ രാജീവ് ബജാജ് (40 കോടി രൂപ) എന്നിവരാണ് രാജ്യത്ത് ഉയര്‍ന്ന പ്രതിവര്‍ഷ വേതനം കൈപറ്റുന്നവരില്‍ കാമത്ത് സഹോദരന്മാര്‍ക്ക് പിന്നാലെ വരുന്നവര്‍.

2020 സാമ്പത്തിക വര്‍ഷത്തില്‍ 440 കോടി രൂപയാണ് സെറോധയുടെ ലാഭം. വരുമാനം 15 ശതമാനം വര്‍ധിച്ച് 1,093 കോടി രൂപയായി. 200 കോടി ഡോളര്‍ മൂല്യം കല്‍പ്പിച്ചാണ് സോറോധ എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ചത്.

ചെലവുകള്‍ പരമാവധി ചുരുക്കി നിര്‍ത്തി മുന്നോട്ടു പോകുകയെന്ന ബിസിനസ് ശൈലിയാണ് സെറോധയുടേത്.

ഒരു വശത്ത് സ്‌റ്റോക്ക് മാര്‍ക്കറ്റിലൂടെ കാശ് വാരുമ്പോള്‍ മറുവശത്ത് പ്രകൃതി സംരക്ഷണത്തിനായി നല്ല രീതിയില്‍ പണവും ഇവര്‍ ചെലവിടുന്നുണ്ട്. റെയ്ന്‍മാറ്റര്‍ ഫൗണ്ടേഷന്‍ എന്ന എന്‍ ജി ഒ സ്ഥാപിച്ച കാമത്ത് സഹോദരങ്ങള്‍ കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ശ്രമങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്. 100 ദശലക്ഷം ഡോളറിന്റെ ഗ്രാന്റാണ് രാജ്യവ്യാപകമായി ഈ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. ബന്ദിപ്പൂരിലെ മരം നട്ടുവളര്‍ത്തല്‍ പദ്ധതിക്കും വൈല്‍ഡ് ലൈഫ് പഠനത്തിനുമൊക്കെ ഇവര്‍ ഫണ്ടിംഗ് നല്‍കുന്നുണ്ട്. ഓര്‍ഗാനിക് ഫാമിംഗിനെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

2019ല്‍ കാമത്ത് സഹോദരങ്ങള്‍ ട്രൂ ബീക്കണ്‍ എന്ന ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അവതരിപ്പിച്ചു.

ബിസിനസ് മാത്രമല്ല കാമത്ത് സഹോദന്മാരുടെ പാഷന്‍. നിതിന്‍ സംഗീതത്തിലും സംഗീത ഉപകരണങ്ങളിലും തല്‍പ്പരനാണ്. നിഖില്‍ നല്ലൊരു ചെസ് പ്ലെയറാണ്. കര്‍ണാടക സംഗീത അധ്യാപികയായ അമ്മയാണ് മക്കളില്‍ സംഗീത വാസനയുണ്ടാക്കിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it