ജൂണിലെ ജി.എസ്.ടി സമാഹരണം ₹1.61 ലക്ഷം കോടി; കേരളത്തില്‍ 26% വളര്‍ച്ച

ചരക്ക്-സേവന നികുതിയായി (ജി.എസ്.ടി/GST) കഴിഞ്ഞമാസം ദേശീയതലത്തില്‍ സമാഹരിക്കപ്പെട്ടത് 1.61 ലക്ഷം കോടി രൂപ. 2022 ജൂണിലെ 1.44 ലക്ഷം കോടി രൂപയേക്കാള്‍ 12 ശതമാനം അധികമാണിതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായ നാലാംമാസമാണ് ജി.എസ്.ടി പിരിവ് 1.6 ലക്ഷം കോടി കടക്കുന്നത്. പിരിവ് 1.4 ലക്ഷം കോടി കടന്നത് തുടര്‍ച്ചയായ 16-ാം മാസവും. കഴിഞ്ഞ ഏഴ് മാസങ്ങളിലും 1.5 ലക്ഷം കോടി രൂപയിലധികം പിരിച്ചു. ഏപ്രിലില്‍ പിരിച്ചെടുത്ത 1.87 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ സമാഹരണം.
1.69 ലക്ഷം കോടി
നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണിലെ ശരാശരി പ്രതിമാസ സമാഹരണം 1.69ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നു. 2022-23ലെ സമാനപാദത്തില്‍ ഇത് 1.51 ലക്ഷം കോടി രൂപയായിരുന്നുയ 2021-22ല്‍ 1.10 ലക്ഷം കോടി രൂപയും.
ജി.എസ്.ടിയും സെസും
കഴിഞ്ഞമാസത്തെ സമാഹരണത്തില്‍ 31,013 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി. സംസ്ഥാന ജി.എസ്.ടിയായി 38,292 കോടി രൂപയും സംയോജിത ജി.എസ്.ടിയായി (ഐ.ജി.എസ്.ടി) 80,292 കോടി രൂപയും ലഭിച്ചു. സെസ് ഇനത്തില്‍ പിരിച്ചെടുത്തത് 11,900 കോടി രൂപ.
കേരളത്തിലും മുന്നേറ്റം
കേരളത്തില്‍ നിന്നുള്ള ജി.എസ്.ടി പിരിവ് കഴിഞ്ഞമാസം 26 ശതമാനം ഉയര്‍ന്ന് 2,725.63 കോടി രൂപയായി. 2022 ജൂണില്‍ കേരളത്തില്‍ നിന്ന് ലഭിച്ചത് 2,160.89 കോടി രൂപയായിരുന്നു.
2019 ജൂണില്‍ 1,568 കോടി രൂപയും 2020 ജൂണില്‍ 1,530 കോടി രൂപയും 2021 ജൂണില്‍ 908 കോടി രൂപയുമായിരുന്നു കേരളത്തില്‍ നിന്ന് സമാഹരിക്കപ്പെട്ടത്.
ജി.എസ്.ടി പ്രാബല്യത്തില്‍ വന്ന 2017-18ല്‍ കേരളത്തില്‍ നിന്നുള്ള ശരാശരി പ്രതിമാസ സമാഹരണം 1,700 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് ആദ്യമായി 3,000 കോടി രൂപ കടന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിലും കേരളത്തില്‍ നിന്നുള്ള പിരിവ് 2,000 കോടി രൂപയ്ക്ക് മുകളിലാണ്.
ലക്ഷദ്വീപും മഹാരാഷ്ട്രയും
കഴിഞ്ഞമാസം ജി.എസ്.ടി പിരിവില്‍ ഏറ്റവും വലിയ വര്‍ദ്ധന രേഖപ്പെടുത്തിയത് ലക്ഷദ്വീപാണ്. 64 ലക്ഷം രൂപയില്‍ നിന്ന് 21.86 കോടി രൂപയായി ലക്ഷദ്വീപിലെ സമാഹരണം ഉയര്‍ന്നു.
ഏറ്റവുമധികം ജി.എസ്.ടി പിരിച്ചെടുത്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 17 ശതമാനം വളര്‍ച്ചയോടെ 26,098.78 കോടി രൂപ.
ജി.എസ്.ടിക്ക് ആറാം പിറന്നാള്‍
ഇന്ത്യയില്‍ ജി.എസ്.ടി പ്രാബല്യത്തില്‍ വന്നിട്ട് ആറുവര്‍ഷമായി. 2017 ജൂലായ് ഒന്നിനാണ് 17 വ്യത്യസ്ത നികുതികളും 13 വ്യത്യസ്ത സെസുകളും നിറുത്തലാക്കിക്കൊണ്ട് ഒറ്റനികുതി സമ്പ്രദായമായ ജി.എസ്.ടി നിലവില്‍ വന്നത്. ഒരു രാജ്യം, ഒരു വിപണി, ഒറ്റ നികുതി എന്ന ആപ്തവാക്യത്തോടെയാണ് നടപ്പായതെങ്കിലും ജി.എസ്.ടിയില്‍ 4 നികുതി സ്ലാബുകളുണ്ട്.
5%, 12%, 18%, 28% എന്നിവയാണവ. പുറമേ സ്വര്‍ണത്തിന് 3 ശതമാനവും വജ്രത്തിന് 0.25 ശതമാനം എന്നിങ്ങനെ സ്ലാബുകള്‍ക്ക് പുറത്ത് ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങളുമുണ്ട്. 2017-18ല്‍ പ്രതിമാസ ജി.എസ്.ടി പിരിവ് 89,855 കോടി രൂപയായിരുന്നതാണ് ഇപ്പോള്‍ 1.6 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it